നമ്മൾ മക്കളോടൊപ്പം കളിക്കാറുണ്ടോ..?
Irfan Mayippadi, Posted on 11 May 2020
മക്കളുടെ സ്കൂളിൽ പാരന്റ്സ് മീറ്റിനെ ഭൂരിഭാഗം രക്ഷിതാക്കളും കോടതി മുറിയായിട്ടാണ് കാണാറുള്ളത്. മക്കൾ പ്രതിയും രക്ഷിതാവ് വാദിയും അധ്യാപകൻ ന്യായാധിപനും. പ്രോഗ്രസ് കാട്ടി മാർക് അല്പം കുറവാണെന്ന് പറഞ്ഞാൽ തുടങ്ങും അവന് അനുസരണയില്ല, പഠിക്കുന്നില്ല, മാതാപിതാക്കളെ പേടിയില്ല, തുടങ്ങി നിരവധി കേസുകൾ. അവിടെയുള്ള മറ്റു കുട്ടികൾ, അവരുടെ രക്ഷിതാക്കൾ, അധ്യാപകർ ഇവർക്ക് മുമ്പിൽ മകനെ നാല് തെറിപറഞ്ഞാൽ എന്തോ ഞാനൊരു സംഭവമായി എന്ന് വിചാരിക്കുന്ന രക്ഷിതാക്കൾ ഒരു ഭാഗത്ത്. മറ്റൊരു തരം ടീമുണ്ട്. അധ്യാപകരെ വിമർശിക്കാൻ വേണ്ടി മാത്രം വരുന്നത്. നിങ്ങൾ ഇവിടെ എന്ത് പണിയെടുക്കുകയാ എന്ന് പോലും ചോദിച്ചുകളയും. ഒടുവിൽ കണ്ടുനിന്നവർ പറയുന്ന ഡയലോഗുണ്ട്. വളർത്തുദോഷമാണ് എന്ന്. രാവും പകലും കഷ്ടപ്പെട്ട്, മേലുദ്യോഗസ്ഥന്റെയും മറ്റും ഷൗട്ട് കേട്ട്, സ്വാർത്ഥ സ്വപ്നങ്ങളെല്ലാം ത്യജിച്ച് മക്കൾക്കു വേണ്ടി ജീവിച്ച് ഒടുവിൽ മക്കളെ സ്കൂളിൽ ചേർത്തപ്പോൾ തിരിച്ചുകിട്ടിയത് സങ്കടങ്ങൾ. സത്യത്തിൽ എന്താണ് അവിടെ സംഭവിച്ചത്. ആധുനികോത്തര മാതാപിതാക്കളിൽ അവരറിയാതെ മക്കളെ വിപരീതദിശയിലേക്ക് വഴി നടത്തുന്ന പ്രവർത്തികൾ കടന്നു കൂടിയിട്ടുണ്ട് എന്നതാണ് വാസ്തവം. ഒരുപക്ഷേ ജീവിതത്തിന്റെ ഭാഗമായ നമ്മുടെ ശീലങ്ങളിൽ ചിലത് മക്കളുടെ സ്വഭാവരൂപീകരണത്തിന് പ്രതികൂലമായി ബാധിച്ചേക്കാം. അവയിൽ പ്രധാനപ്പെട്ട ചില കാര്യങ്ങൾ സൂചിപ്പിക്കാം..
കഷ്ടപ്പാട് അറിയിക്കാതെ വളർത്തുക
ഞാൻ വളർന്നത് ഒരുപാട് കഷ്ടപ്പെട്ടുകൊണ്ടാണ്. നേരാം വണ്ണം ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ, എന്റെ മക്കളൊരിക്കലും അങ്ങനെയാവാൻ പാടില്ല എന്ന ധാരണ അബദ്ധമാണ്. പരിപൂർണ്ണ സുഭിക്ഷതയോടെ ഒരിക്കലും മക്കളെ പരിചരിക്കരുത്. പകരം അവരുടെ ജീവിതത്തിൽ ഏത് സാഹചര്യത്തിലും ജീവിക്കാൻ സന്നദ്ധമാക്കുന്നവരാക്കാൻ ചില കണ്ടറിയലുകൾ പരീക്ഷിക്കേണ്ടി വരും. നോൺ വെജ് ഉണ്ടായാലേ മക്കൾക്ക് ഭക്ഷണം കഴിക്കാൻ സാധിക്കൂ എന്നതിൽ അഭിമാനം പറയേണ്ടതല്ല. പകരം എന്ത് ഉണ്ടായാലും ഉള്ളത് കൂട്ടി അവർ കഴിക്കും എന്ന ലെവലിലേക്കാണ് മക്കളെ എത്തിക്കേണ്ടത്. അതിനായി ചില ദിവസങ്ങളിൽ വെജ് മാത്രം വെക്കേണ്ടി വരും. അവർക്ക് ഇഷ്ടപ്പെടാത്തതും ഉണ്ടാക്കി ഭക്ഷിപ്പിക്കേണ്ടി വരും.
അത് പോലെത്തന്നെ പ്രധാനമാണ് എന്നും പട്ടുമെത്തയിൽ തന്നെ കിടത്താതെ ഇടക്ക് തറയിലും ഉറങ്ങാൻ കിടത്തണം. നല്ല വിലയുള്ള വസ്ത്രങ്ങൾ മാത്രമേ ധരിക്കൂ എന്ന അവസ്ഥയിലാക്കരുത്. വില കുറഞ്ഞ വസ്ത്രവും ധരിക്കുന്നതിൽ നാണക്കേട് തോന്നാത്തവരാക്കണം. എന്നു വെച്ചാൽ സുഭിക്ഷതയില്ലാതെയും ജീവിക്കാം എന്ന് പഠിപ്പിക്കാൻ സന്നദ്ധമാകണം.
സാഹചര്യങ്ങളെ നേരിടാനുള്ള കഴിവ്
ഏത് പ്രതിസന്ധി ഘട്ടത്തിലും ജീവിക്കാൻ പ്രാപ്തമുള്ളവനായിട്ടാണ് നമ്മൾ മക്കളെ വളർത്തേണ്ടത്. ദൈവം നമുക്ക് നല്കിയ അനുഗ്രഹങ്ങൾ എന്നും മക്കളോട് സ്മരിച്ച് കൊണ്ടേയുണ്ടാവണം. ആ അനുഗ്രഹങ്ങൾ ലഭിക്കാത്തവരെ ചേർത്ത് നിർത്താൻ പഠിപ്പിക്കണം. അത് ഇല്ലാതെയാകുമ്പോൾ അനുഭവിക്കേണ്ടി വരുന്ന സങ്കടങ്ങളെ മനസ്സിലാപ്പിക്കണം. അങ്ങനെ ഏത് സാഹചര്യത്തെയും മനസ്സിലാക്കാനും തരണം ചെയ്യാനും ചെറുപ്പം മുതൽ തന്നെ മക്കളെ പഠിപ്പിക്കേണ്ടതുണ്ട്.
വാശിയെ പേടിക്കരുത്.
കാര്യം സാധിക്കാൻ വേണ്ടി മക്കൾ വാശി പിടിച്ചു കരയുമ്പോൾ അത് അപ്പടി സാധിപ്പിച്ചു നല്കുന്ന സ്വഭാവം നിർബന്ധമായും മാറ്റണം.
ആവശ്യം എന്താണെന്ന് അറിഞ്ഞു വേണം പരിഗണിക്കൽ. പക്ഷേ അത് ഞാൻ കരഞ്ഞത് കൊണ്ടു നേടിയതാണ് എന്ന് തോന്നാനും പാടില്ല. വാശി കാരണം എനിക്ക് എന്തും നേടാൻ സാധ്യമാണ് എന്ന ലൂപ്ഹോൾ കിട്ടിയാൽ പിന്നെ അവരത് പയറ്റിക്കൊണ്ടേയുണ്ടാകും.
പകരം വാശി കാട്ടുമ്പോൾ അവരെ ഹഗ് ചെയ്ത് സബ്ജക്ട് മാറ്റുകയോ നെവർമൈന്റ് ചെയ്യുകയോ ചെയ്താൽ വാശി താനേ മാറിക്കോളും.
രണ്ട് തരം സുരക്ഷിതത്വമാണ് ഒരു രക്ഷിതാവിൽ നിന്നും മക്കൾ പ്രതീക്ഷിക്കുന്നത്. ശാരീരിക സുരക്ഷിതത്വവും മാനസിക സുരക്ഷിതത്വവും. ഇവയിൽ നമ്മൾ കൂടുതൽ സമയം ചിലവിടുന്നതും ഇൻവെസ്റ്റ് ചെയ്യുന്നതും ശാരീരിക സുരക്ഷിതത്വം സംരക്ഷിക്കാനാണ്. വീട്, വസ്ത്രം, ഭക്ഷണം തുടങ്ങിയവ.
എന്നാൽ കുട്ടികളുടെ സ്വഭാവരൂപീകരണത്തിനെ ബാധിക്കുന്ന പ്രധാനപ്പെട്ട സുരക്ഷിതത്വമാണ് മാനസിക സുരക്ഷിതത്വം. എന്നാൽ അവയ്ക്ക് നമ്മൾ കൂടുതൽ പ്രാധാന്യം നല്കുന്നില്ല താനും.
നോക്കൂ.. ഒരു ദിവസം നമ്മൾ എത്ര നേരം മക്കളോടൊപ്പം കളിക്കാൻ ചെലവഴിക്കുന്നുണ്ട്…?