കുടുംബ ബഡ്ജറ്റ്; ഒരു പുനരാലോചന
Irfan Mayippadi, Posted on 18 May 2020
ലോക്ഡൗൺ കാലത്താണ് ഭാര്യ പ്രസവിച്ചത്. വീട്ടിൽ നിന്നും വേദന അനുഭവപ്പെട്ടതിനു ശേഷം മാത്രമേ ആശുപത്രിയിൽ വരാൻ പാടുള്ളൂ എന്ന് ഡോക്ടറുടെ നിർദേശമുള്ളതിനാൽ അതുവരെ കാത്തിരിക്കുന്ന് ഇത് പ്രസവവേദന യുടെ തുടക്കമാണെന്ന് ഉറപ്പു വരുത്തിയതിന് ശേഷമാണ് ഞങ്ങൾ പോയത്. ആശുപത്രിയിൽ റൂം ബുക്ക് ചെയ്യേണ്ടതൊന്നും വന്നില്ല. നേരെ ലേബർ റൂമിലേക്ക്. കുറച്ചു മണിക്കൂറുകൾക്കകം അവൾ പ്രസവിച്ചു. അത്യാവശ്യ ശുശ്രൂഷയ്ക്കായ് അവർ റൂം അനുവദിച്ചു. പിറ്റേ ദിവസം രാവിലെ ആശുപത്രി വിട്ടു. മധുരപലഹാരങ്ങളും മറ്റും കൊണ്ട് ആശുപത്രിയിൽ വന്ന് കുഞ്ഞിനെ നോക്കിയാലേ ഒരു സമാധാനമാകുള്ളൂ എന്ന് പറഞ്ഞിരുന്ന ആരെയും ആ വഴിക്ക് കണ്ടില്ല. ആരും വന്നില്ലല്ലോ എന്ന പരിഭവം വീട്ടിൽ നിന്നുമുണ്ടായില്ല. തുടർന്നങ്ങോട്ട് നാൾക്കുനാൾ നൂറുകൂട്ടം മാമൂലുകളാണ് ഒരു പ്രസവാനന്തര വീട്ടിൽ നടക്കാറുള്ളത്. എന്നാൽ ഒരു സംഗതിയും വേണമെന്ന വാശി വീട്ടുകാരോ ഈറ്റുകാരിയോ പറഞ്ഞില്ല. അങ്ങനെ തുടങ്ങി നാല്പതിലെത്തിയിട്ടും വലിയ ചിലവൊന്നും ഇല്ലാതെ മനസ്സമാധാനത്തിന് ആർക്കും കുറവൊന്നുമില്ലാതെ കഴിഞ്ഞു പോകുന്നു. എന്നാൽ ആദ്യ കുട്ടിയുടെ പ്രസവാനന്തരം നാല്പത് ആകുമ്പോഴേക്കും ഏകദേശം ഒരു ലക്ഷത്തിൽ കൂടുതൽ എനിക്ക് ചിലവായിട്ടുണ്ട് താനും. ഈ അനുഭവം എന്തിനാണ് ഇപ്പോൾ പറഞ്ഞതെന്ന് വച്ചാൽ നമ്മൾ വളരെ അത്യാവശ്യമാണെന്നു പറഞ്ഞിരുന്ന പലതും നമ്മുടെ ആവശ്യം മാത്രമായിരുന്നെന്നും ആവശ്യപ്പട്ടികയിലുണ്ടായിരുന്ന പലതും അനാവശ്യമായിരുന്നുവെന്നും മനസ്സിലാക്കിക്കൊണ്ടാണ് ഈ കൊറോണക്കാലം കഴിഞ്ഞ് പോകുന്നത്. സാധാരണ കൂലിപ്പണിക്കാരന് നാട്ടിൽ 1000 രൂപ ദിവസ വരുമാനം ലഭിക്കാറുണ്ട്. കോവിഡ് തുടങ്ങി അല്പം നാളുകൾ പിന്നിട്ടപ്പോൾ അവരുടെ ജീവിതത്തിൽ വലിയ സാമ്പത്തിക പ്രയാസമാണ് അനുഭവപ്പെട്ടത്. അപ്പോൾ മാസവരുമാനക്കാരന്റെ അവസ്ഥ പറയേണ്ടതില്ലല്ലോ. കടം ചോദിക്കാൻ പോലും പറ്റാത്ത സാഹചര്യം. പല സന്നദ്ധപ്രവർത്തകരുടെയും നമ്പറിലേക്ക് വിളിച്ചു എവിടെ നിന്നെങ്കിലും ഒരു ഭക്ഷണകിറ്റ് എത്തിച്ചുതരുമോ എന്ന് ചോദിക്കേണ്ടുന്ന അവസ്ഥയിലേക്കാണ് എത്തിയത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കമ്പനികളും പല രൂപത്തിലുള്ള പദ്ധതികളാണ് ആവിഷ്കരിച്ചത്. അൺപെയ്ഡ് അവധി, സാലറി വെട്ടിച്ചുരുക്കൽ, ഗഡുക്കളായി നല്കൽ തുടങ്ങി അപ്രതീക്ഷിത ആക്ഷൻവന്നപ്പോൾ ജീവിതം താറുമാറായി. ഒരു കുടുംബം പ്രധാനമായും ശ്രദ്ധിക്കേണ്ടതുന്ന ചില വിചാരങ്ങൾ ഈ കാലം നമ്മെ പഠിപ്പിക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് നമ്മുടെ പർച്ചേസ് സോർട്ടൗട്ട് ചെയ്യുക എന്നുള്ളത്.
പർച്ചേസ് മെത്തേഡ്
ഏതൊരു സാധനം നാം പർച്ചേസ് ചെയ്യാൻ ആലോചിക്കുമ്പോഴും അവയെ മൂന്നായി തരം തിരിക്കലിനു വിധേയമാക്കൽ വളരെ അനിവാര്യമാണ്. ഒന്ന് ആവശ്യം, രണ്ട് അത്യാവശ്യം, മൂന്ന് അനാവശ്യം. കൊറോണക്കാലത്തെ നമ്മുടെ പർച്ചേസ് ലിസ്റ്റുകൾ ഒന്ന് പരിശോധിച്ച് നോക്കുക. പ്രലോഭനപ്പരസ്യങ്ങളിലൊന്നും കണ്ണുടക്കാതെ ചുരുങ്ങിയ സമയം കൊണ്ട് വളരെ പെട്ടെന്ന് ആവശ്യമുള്ള സാധനങ്ങൾ മാത്രം വാങ്ങി നാം തിരിച്ചുവരുന്നു. വെറുതേ സൂപ്പർ മാർക്കറ്റുകൾ കയറിയിറങ്ങുന്നില്ല. ഓഫർ കാറ്റലോഗ് എടുത്ത് അന്വോഷിച്ച് പോകുന്നില്ല. കൂടുതൽ വാങ്ങിക്കൂട്ടുന്നുമില്ല. അത്യാവശ്യത്തിനും ആവശ്യത്തിനുമുള്ള സാധനങ്ങളല്ലാതെ മുന്കാല പർച്ചേസുകളിൽ അനാവശ്യമായ പലതും വാങ്ങിക്കൂട്ടിയിരുന്നു എന്ന് കൊറോണക്കാലത്തിലൂടെ നാം മനസ്സിലാക്കിയിട്ടുണ്ട്. ഇനിയുള്ള നമ്മുടെ ജീവിതത്തിൽ ഈയൊരു പ്രക്രിയ ശീലമാക്കേണ്ടിയിരിക്കുന്നു.
മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെടുന്ന വിവിധ മേഖലകൾ സ്പർശിച്ചു കൊണ്ട് ഓരോ ആഴ്ചയും വ്യത്യസ്തമായ ലേഖനങ്ങൾ ലീവ് ടു സ്മൈൽ പേജിൽ പ്രസിദ്ധീകരിച്ചു വരുന്നു. വായിക്കുവാനായ് ഫോളോ ചെയ്യുക…