ഇന്ന് ഏറെ ചർച്ച ചെയുന്ന കാര്യം ആണ് ഡിപ്രെഷൻ ..

Marzeena BSc Psychology LTS Digital Academy – Posted on 22/01/2021

അടുത്തറിയാവുന്ന ഒരു വ്യക്തി ഈയിടെ ആത്മഹത്യ ചെയ്തു. അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ പരിശോധിച്ചവർ സെർച്ച്‌ ഹിസ്റ്ററിയിൽ നിന്ന് കണ്ടെടുത്തതിൽ കൂടുതലും ‘How to overcome depression’ എന്ന വിഷയത്തിലുള്ള ആർട്ടിക്കിളുകൾ ആയിരുന്നു. വിഷാദത്തെ എങ്ങനെ മറികടക്കാമെന്ന്! അത്ഭുതം തോന്നിയില്ല. അങ്ങനെയാകാനേ തരമുള്ളൂ. രക്ഷപ്പെടാൻ ആയിരം പഴുതുകൾ ഇല്ലാത്തവൻ ഒരു പഴുതിൽ കൂടി ആയിരം വട്ടം ശ്രമിച്ചതാകും. വിഷാദത്തെ മറികടക്കാൻ ശ്രമിക്കുക എന്നല്ലാതെ അതിനെ നേരിടാൻ മറ്റെന്തു മാർഗ്ഗമാണുള്ളത്.. ആരോടെങ്കിലും പറയാമായിരുന്നില്ലേ എന്ന ചോദ്യം എത്ര മാത്രം യുക്തിരഹിതമാണെന്നത് പരേതനു മറുപടി നൽകാൻ കഴിയാത്തിടത്തോളം കാലം ആർക്കും മനസിലാക്കാൻ സാധിക്കില്ല. എത്രയോ വട്ടം അയാൾ സഹായം അന്വേഷിച്ച് ഓരോ വാതിലുകളും മുട്ടിയിട്ടുണ്ടാകും. താനനുഭവിക്കുന്ന വേദന പറയാതെ പറയാൻ ശ്രമിച്ചിട്ടുണ്ടാകും. ‘നീ വെറുതെ ആവശ്യമില്ലാതെ ടെൻഷനടിക്കാതെ’ അല്ലെങ്കിൽ ‘നിനക്കൊക്കെ അഹങ്കാരമാണ്’ എന്നോ മറ്റോ പറഞ്ഞ് ഉണ്ണാനും ഉടുക്കാനും ഇല്ലാത്തവരുമായി താരതമ്യപ്പെടുത്തി അവനെ നിങ്ങൾ മടക്കി അയച്ചിട്ടുണ്ടാകും. വേവുന്ന ഹൃദയത്തോടെ അവൻ നടന്നു നീങ്ങുന്ന കാഴ്ച്ച നിങ്ങൾ ഓർക്കുന്നോയെന്ന് എനിക്കറിയില്ല. കാറ്റുപിടിക്കുന്ന മരച്ചില്ലയിലെ ഓരോ വയസനിലകളും ഒരു നിമിഷത്തേക്കെങ്കിലും തണ്ടോടു ചേർന്നിരിക്കാറില്ലേ. ഞെരിച്ചു കൊല്ലുന്നതിനു മുൻപ് ഒരു കുഞ്ഞനുറുമ്പ് നിങ്ങളെ ഇറുക്കി കടിച്ചിട്ടില്ലേ. രക്ഷപ്പെടാനാകില്ലെന്നറിയാമെങ്കിലും അത്രയെളുപ്പം വിട്ടുകൊടുക്കാൻ മനസില്ലാത്തത് കൊണ്ടാണ്. അപ്പോൾ ഇത്രയും സങ്കീർണമായ മനുഷ്യനെന്ന സൃഷ്ടി സ്വയം മരണം തിരഞ്ഞെടുക്കും മുൻപ് എത്ര വട്ടം ജീവിക്കാനൊരു കാരണം തേടിയലഞ്ഞിട്ടുണ്ടാകും… നിരാശനായി മടങ്ങിയിട്ടുണ്ടാകും… ‘ഈ ലോകത്ത് എന്തു മാത്രം ആൾക്കാർ പല പ്രശ്നങ്ങളുമായി ജീവിക്കുന്നുണ്ട്, അവരൊക്കെ ആത്മഹത്യ ചെയ്യുകയാണോ? ‘ എന്ന് ചോദിച്ചാൽ ഈ ലോകത്ത് എന്തു മാത്രം ആൾക്കാർ ക്യാൻസറും ടി ബിയും മറ്റു മാരക രോഗങ്ങളും കൊണ്ട് ജീവിക്കുന്നുണ്ട്. എന്ന് കരുതി അത് എല്ലാവർക്കും വരണമെന്നുണ്ടോ? ശരീരം പോലെ തന്നെ complicated ആയ ഒരു system ആണ് മനസെന്ന് അംഗീകരിക്കാനും അതിനുണ്ടാകുന്ന ബുദ്ദിമുട്ടുകളെ ഒരു രോഗമായി കണ്ടു ചികിത്സ നേടാനും, അത്തരം പ്രശ്നമുള്ളവരെ ചേർത്തു പിടിക്കാനും നമ്മൾ തയ്യാറാകണമെങ്കിൽ കുറഞ്ഞത് അഞ്ചു പതിറ്റാണ്ടെങ്കിലും ഇനിയും വേണ്ടി വരുമെന്ന് തോന്നുന്നു. അതു കൊണ്ടു തന്നെ ലോകം കണ്ട ശക്തരായ വ്യക്തിത്വങ്ങളിൽ പലരും ഉള്ളു നൊന്തു ജീവിക്കേണ്ടി വന്നവരാണെന്ന് നിസംശയം പറയാം. ബ്രിട്ടീഷ് ചരിത്രത്തിലെ ശക്തരായ പ്രധാന മന്ത്രിമാരിൽ ഒരാളായിരുന്ന Winston Churchill അദ്ധേഹത്തിന്റെ ഡിപ്രെഷന് നൽകിയ വിളിപ്പേര് ‘തന്നെ പിന്തുടരുന്ന കറുത്ത നായ’ എന്നായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിൽ ലോകത്തെ കിടുകിടാ വിറപ്പിച്ച ഹിറ്റ്ലർ എന്ന സ്വേഛാതിപതിക്കെതിരെ യുദ്ധം നയിച്ച ആ ഉരുക്കു വ്യക്തിത്വത്തിനു പക്ഷെ ഒരു റെയിൽവേ പ്ലാറ്റ്ഫോമിൽ നില്ക്കാനോ സഞ്ചരിക്കുന്ന ഒരു കപ്പലിൽ നിന്ന് കടലിലേക്ക് നോക്കാനോ ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല. ഒരു നിമിഷത്തെ പ്രലോഭനം, നിരാശയുടെ ഏതാനും തുള്ളികൾ എല്ലാം അവസാനിപ്പിച്ചു കളയുമെന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നു. എപ്പോഴോ ഒരു സുഹൃത്തിന്റെ പരിചയത്തിൽ ഒരു ഡോക്ടറെ കണ്ട് ചികിത്സയാരംഭിച്ചപ്പോൾ ഒടുവിൽ ആ കറുത്ത നായ മടങ്ങിപ്പോയെന്നും തന്റെ ക്യാൻവാസിലെ നിറങ്ങളെല്ലാം തിരികെ വന്നുവെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. കഥ ഔദ്യോഗികമായി പ്രചരിപ്പിച്ചിട്ടില്ലാത്തതിനാൽ എത്ര മാത്രം സത്യമുണ്ടെന്ന് വാദിക്കാനാകില്ല. പക്ഷെ ഒന്നു മാത്രം ഉറപ്പിക്കാം, ലോകം മാറ്റി മറിച്ച വ്യക്തിത്വങ്ങളിൽ പലരും ജീവിതത്തിൽ ഒരിക്കൽ അല്ലെങ്കിൽ ഒരു പക്ഷെ ഉടനീളം ഈ അവസ്ഥയെ അഭിമുഖീകരിച്ചു പോന്നവരാണ്. എബ്രഹാം ലിങ്കൺ, ഐസക് ന്യൂട്ടൻ, ബിതോവൻ, വിൻസെന്റ് വാൻഗോഗ് എന്നിങ്ങനെ നീണ്ടു പോകുന്നു ചരിത്രം. വിർജിനിയ വൂൾഫ്, സിൽവിയ പ്ലാത്ത് തുടങ്ങി നമ്മുടെ നന്ദിതയും ജിനീഷ് മടപ്പള്ളിയുമുൾപ്പെടെയുള്ളവർ ഈ പോരാട്ടത്തിൽ വീണു പോയവരാണ്. അതു കൊണ്ട് ‘ഞാനൊരു പക്ഷെ അതു ചെയ്തു പോയേക്കാം’ എന്ന് പറയാതെ പറഞ്ഞു കൊണ്ടവർ നിങ്ങൾക്കരിക്കില്ലെത്തിയാൽ ഒന്നു ചേർത്തു പിടിച്ചേക്കൂ, ഞാനുണ്ട് കൂടെ എന്ന ചെറിയൊരു വാക്ക് നൽകുന്ന ആശ്വാസം ഒരു പോരാട്ടം ജയിക്കാൻ കരുത്തു നൽകിയേക്കാം. ‘ഒരു പരീക്ഷയിൽ മാർക്കു കുറഞ്ഞാൽ അല്ലെങ്കിൽ ജോലിയോ പ്രണയമോ നഷ്ടമായാൽ ആത്മഹത്യ ചെയ്യണമെങ്കിൽ ഞാനൊക്കെ എത്ര തവണ ചെയ്യണമായിരുന്നു’ എന്ന് പറയുന്ന അരലക്ഷം പേരിൽ ഒരാളാണോ നിങ്ങൾ? എങ്കിൽ എന്റെ പൊന്നു സ്ത്രീയേ! 🤪(എഴുത്തുകാരി ലേശം ഫെമിനിസ്റ്റാണ്) depression എന്നത് ചികിത്സ വേണ്ട ഒരു അവസ്ഥയാണ്. Hormone വ്യതിയാനങ്ങൾ തലച്ചോറിൽ കാട്ടിക്കൂട്ടുന്ന അഭ്യാസപ്രകടനങ്ങളുടെ ആകെത്തുക. ഒരേ മഴ നനഞ്ഞ എല്ലാവർക്കും പനി വരണമെന്നില്ല. ഒരേ ജീവിത സാഹചര്യം ഉണ്ടായാൽ പോലും അത് പലരിലും സൃഷ്ടിക്കുന്ന വികാരവിചാരങ്ങൾ വ്യത്യസ്തമാണ്. ശരീരത്തിന്റെ immunity പോലെ മനസിന്റെ ശക്തിയിലും ഏവരും സമന്മാരാകണമെന്നില്ല. ഒരു നിമിഷത്തെ വേദനയെ മറികടക്കാൻ ഒരു കരം കൊണ്ട് താങ്ങു കൊടുത്താൽ മതി. പ്രതീക്ഷയുടെ വെള്ളിവെളിച്ചം വീശി നിരാശയുടെ നിഴൽപ്പാടുകളെ മായ്ച്ചു കളയാനാകുമെന്നേ! കവിയായിരുന്ന ജിനേഷ് മടപ്പള്ളിയെ ഈ അവസരത്തിൽ വേദനയോടെ സ്മരിക്കുന്നു… അദ്ദേഹത്തിന്റെ ‘ആത്മഹത്യക്കൊരുങ്ങുന്ന ഒരാൾ’ എന്ന കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്, ‘താങ്ങിത്താങ്ങി തളരുമ്പോൾ മാറ്റിപ്പിടിക്കാനാളില്ലാതെ കുഴഞ്ഞുപോവുന്നതല്ലേ, സത്യമായും അയഞ്ഞുപോവുന്നതല്ലേ..അല്ലാതെ ആരെങ്കിലും ഇഷ്ടത്തോടെ….!!!’
@marz

Leave A Reply

Your email address will not be published. Required fields are marked *