ജോളിമാരുടെമനശാസ്ത്രം.

Ahammed Shareen, Posted on 12 October 2019

കേരളം കുറച്ചു ദിവസമായി ജോളിയുടെ പിറകെയാണ്. പിണറായിയിലെ സൗമ്യക്കുശേഷം ലഭിച്ച ഒരു ഇരയാവുകയാണ് ജോളി. കുറച്ചു ദിവസം കഴിഞ്ഞാല്‍ മാധ്യമങ്ങള്‍ കൂടുതല്‍ ആവേശകരമായ ഒരു വിഷയവുമായി രംഗത്തു വരുന്നതോടെ ജോളിയും ഔട്ടാകും. കോടതിവരാന്തയില്‍ ഒരു നമ്പര്‍ മാത്രമായി അവരും ശിഷ്ടകാലം ജീവിക്കും.കൊലപാതകങ്ങള്‍ ക്രൂരമാണ്, കൊലപാതകികള്‍ ക്രൂരരും. ക്രൂരത എന്നത് ഒരു മാനസിാവസ്ഥയാണ്. അത് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അധികപേരുടെയും ഉള്ളിലുണ്ട് എന്നതാണ് സത്യം. കൂട്ടത്തിലൊരാള്‍ പഴത്തൊലിയില്‍ ചവിട്ടി വീഴുമ്പോള്‍ ചിരി വരുന്നതും സിനിമയില്‍ ചാണകക്കുഴിയില്‍ വീണ നടനെ കാണുമ്പോള്‍ ആര്‍ത്ത് ചിരിക്കുന്നതും മനസിലെ ക്രൂരതകളുടെ ബഹിര്‍സ്ഫുരണങ്ങളാണ്. ചിലരില്‍ ഇത് അല്‍പം കൂടിയ അളവില്‍ കാണാം. പക്ഷിമൃഗാദികളെ ഉപദ്രവിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവര്‍ അതില്‍ ഒരിനമാണ്. പക്ഷിക്കൂട് എറിഞ്ഞ് താഴെയിടുന്നതും കട്ടുറുമ്പിനെ വഴിതിരിച്ചു വിടുന്നതും പൂച്ചയെ എടുത്ത് കിണറ്റില്‍ ഇടുന്നതും തുടങ്ങി തെരുവുനായയുടെ തല കുടത്തിനകത്താക്കുകവരെ എത്തുന്ന വിനോദങ്ങളെല്ലാം ക്രൂരകൃത്യങ്ങളുടെ വകഭേദങ്ങളാണ്.സ്ട്രീറ്റ് ലൈറ്റ് കല്ലെറിഞ്ഞുടക്കുക, ബൈക്കിന്റെ പെട്രോള്‍ പൈപ്പ് തുറന്നു വയ്ക്കുക തുടങ്ങിയ വികൃതി വൈകൃതങ്ങള്‍ ഓരോ സമയത്ത് പ്രത്യക്ഷപ്പെടുന്ന സാമൂഹിക വിരുദ്ധപ്രവര്‍ത്തനങ്ങള്‍ ആണ്. സാമൂഹികബോധം മനസില്‍ ഉയരുമ്പോഴും ഇത് മോശമാണെന്ന് ചിന്തിക്കുന്ന ധാര്‍മികത ഉണ്ടാകുമ്പോഴും മതം പഠിപ്പിക്കുന്ന പാപബോധം ഉണരുമ്പോഴും ദൈവം കാണുന്നു എന്ന ചിന്ത വരുമ്പോഴുമൊക്കെയാല്‍ മേല്‍ പറഞ്ഞ കുറ്റാവസ്ഥകളില്‍ സ്വാഭാവികമായ കുറവുകള്‍ ഉണ്ടാകുന്നത്. പണി തിരിച്ചും കിട്ടുമെന്ന പേടിയും പോലീസ് ഭയവുമൊക്കെയാണ് ആഗ്രഹങ്ങളുണ്ടാകുമ്പോഴും ചില ചെയ്തികളില്‍നിന്നും പലരെയും പിന്തിരിപ്പിക്കുന്നത്. മനഃശാസ്ത്രത്തില്‍ സോഷ്യോപാത്ത് എന്ന് പേരിട്ടു വിളിക്കുന്ന ഒരു വിഭാഗമുണ്ട്. സാധാരണ ചിത്തഭ്രമത്തെ പറയാന്‍ ഉപയോഗിക്കുന്ന സൈക്കോപാത്തില്‍ നിന്നും വ്യത്യസ്തരാണ് ഇവര്‍. സാമൂഹികമായി ആവശ്യപ്പെടുന്ന നോര്‍മുകളില്‍നിന്ന് പുറത്തേക്ക് പോകാനാഗ്രഹിക്കുകയും സഹജീവികള്‍ക്ക് അതുണ്ടാക്കുന്ന നഷ്ടങ്ങളെക്കുറിച്ച് യാതൊരു ഉത്കണ്ഠയും ഉണ്ടാകാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. സൈക്കോ പാത്തില്‍നിന്ന് ഇവരെ വ്യത്യസ്തരാക്കുന്നത് സാമൂഹികമായി ഇവര്‍ അകലെ ആയിരിക്കില്ല എന്നതാണ്. ഇവരെ കൂടുതല്‍ അപകടകാരികള്‍ ആക്കുന്നതും ഇതുതന്നെയാണ്. സാമൂഹികജീവിതത്തിനിടയില്‍ സ്വയം ചെയ്തുകൂട്ടുന്ന തെറ്റുകള്‍ മാറ്റി വെച്ചാല്‍ യാതൊരു ഭേദവും ഇല്ലാതിരിക്കുക എന്നത് ഇവരുടെ പ്രകടമായ അവസ്ഥയാണ്.സോഷ്യോപാത്തിന്റെ ഭീകരമായ അവസ്ഥ, അടുത്തറിയുന്ന ആളുകളെപ്പോലും കൊലപ്പെടുത്തുന്നതിന് യാതൊരു പേടിയും മടിയും ഉണ്ടാവാതിരിക്കുകയും അതിനപ്പുറം അതില്‍ യാതൊരു കുറ്റബോധവും ഉണ്ടാകില്ല എന്നതുമാണ്. അതിനാല്‍ കുടുംബത്തില്‍ ഒരാള്‍ മരിച്ചാല്‍ പ്രകടമാകുന്ന സ്വാഭാവിക പെരുമാറ്റങ്ങള്‍ അഭിനയിക്കാനും സമൂഹത്തോടു കൂടിച്ചേര്‍ന്നു പോകാനും പറ്റും. സ്വയം പടച്ചുണ്ടാക്കിയ കള്ളങ്ങളില്‍ ജീവിക്കുകയും അത് മറ്റുള്ളവരെ വിശ്വസിപ്പിക്കുകയും ആളുകളെ ബോധ്യപ്പെടുത്തുകയും അതിലെല്ലാം ആനന്ദം കണ്ടെത്തുകയും ചെയ്യും ഇവര്‍.1900 ത്തിന്റെ തുടക്കത്തില്‍ അമേരിക്കയില്‍ ജീവിച്ച Giggling Nanny എന്ന പേരില്‍ പ്രശസ്തയായ നാനി ഡോസ്‌ന്റെ സംഭവുമായി ജോളിക്ക് നല്ല സാമ്യതകള്‍ കാണാം. 1920 മുതല്‍ 1984 വരെ അമേരിക്കയില്‍ ജീവിക്കുകയും ഭര്‍ത്താവും മക്കളും പേരമക്കളും ഉള്‍പ്പടെ 11 പേരെ വിഷംകൊടുത്തു കൊല്ലുകയും ചെയ്ത ഒരു കുപ്രസിദ്ധ സ്ത്രീയാണ് നാനി ഡോസ്. പ്രധാനമായും ഈ കൊലകള്‍ക്ക് നയിച്ചത് ഇന്‍ഷുറന്‍സ് തട്ടിയെടുത്തു ഉണ്ടാക്കാവുന്ന സാമ്പത്തിക നേട്ടങ്ങള്‍ ആയിരുന്നു. എങ്കിലും അത് മാത്രം ആയിരുന്നില്ല എല്ലാ കൊലകളുടെയും പ്രേരണ!ബാല്യകാലത്ത് സംഭവിക്കുന്ന തീക്ഷ്ണമായ അനുഭവങ്ങള്‍, നിയന്ത്രണങ്ങളും വിലക്കുകളുമൊക്കെ ഉണ്ടാക്കുന്ന അബറേഷനുകള്‍ കാരണങ്ങളായി മനശാസ്ത്രത്തില്‍ വിശദീകരിക്കാറുണ്ട്. സ്വന്തം സന്തോഷത്തില്‍ കാണിക്കുന്ന അമിതമായ താല്‍പര്യവും ലക്ഷ്യപൂര്‍ത്തീകരണത്തിന് ഏതറ്റം വരെയും പോകാനുള്ള ത്വരയും ഇതിന്റെ ഭാഗമായി കാണാറുണ്ട്.ചെയ്യുന്ന കൊലപാതകങ്ങള്‍ ആര്‍ക്കും കണ്ടുപിടിക്കാന്‍ പറ്റുന്നില്ല എന്ന തോന്നല്‍ നല്‍കുന്ന ആത്മവിശ്വാസത്തിന്റെ തണല്‍ കൂടുതല്‍ കൊലപാതകങ്ങളിലേക്കും തെറ്റുകളിലേക്കും ഇവരെ നയിക്കുകയും ചെയ്യുന്നു. ആളുകളുടെ പെരുമാറ്റങ്ങളില്‍ കാണുന്ന ചെറിയ സൂചനകള്‍ പോലും കൃത്യമായി വിലയിരുത്തുകയും മാനസിക ആരോഗ്യത്തിന് അര്‍ഹമായ പ്രാധാന്യം നല്‍കുകയും ചെയ്താല്‍ ഇനിയും ജോളിമാര്‍ ആവര്‍ത്തിക്കാതിരിക്കും.

Leave A Reply

Your email address will not be published. Required fields are marked *