മാറ്റുവിൻ ചട്ടങ്ങളെ

Ahammed Shareen , Posted on 29 January 2020

യു എ യിൽ അഡ്‌നോക് എന്ന എണ്ണ കമ്പനി കഴിഞ്ഞ ഒന്നാം തീയതി ഒരു പ്രഖ്യാപനം നടത്തി. കഴിഞ്ഞ കുറച്ചു മാസങ്ങളായി വിതരണരീതിയിൽ നടത്തിയിരുന്ന ഒരു മാറ്റം പിൻവലിക്കുന്നു എന്നായിരുന്നു അത് . ലോകത്തിലെ ഏറ്റവും മനോഹരമായിത്തോന്നിയ ഒരു കാരണവും അവർ പറഞ്ഞു. ഞങ്ങളുടെ ഉപഭോക്താക്കൾക്ക് അത് ഇഷ്ടമായില്ല, അതുകൊണ്ട് ഞങ്ങൾ മാറ്റുന്നു .
ബഹുമാനം തോന്നിയ നിമിഷം. അത് രണ്ടു കാരണം കൊണ്ടാണ്.
അഡ്‌നോക് ഒരു ചെറിയ കമ്പനി അല്ല. 60 ബില്യൻ ഡോളർ വാർഷിക വരുമാനവും 55,000 ജോലിക്കാരുമുള്ള ഒരു വലിയ പൊതു മേഖല ഭീമൻ ആണ്. മാറ്റങ്ങൾ കൊണ്ട് വരാൻ ധൈര്യം ഉണ്ടാകുക എന്നതാണ് അതിൽ ഒന്ന് , രണ്ട് അതിന് അവരുടെ ഉപഭോക്താക്കളെ നെഞ്ചോട് ചേർത്തു പിടിച്ച ഒരു കാരണവും ഉണ്ടായി എന്നതും.
ഇനി നമുക്ക് നമ്മുടെ വീട്ടിലേക്ക് വരാം, കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ നമ്മൾ സ്ഥിരമായി ഇരിക്കുന്ന കസേര ഉണ്ടാവും. അതിൽ നമ്മുടെ മകൻ അല്ലെങ്കിൽ മകൾ കയറി ഇരുന്നാൽ നമ്മൾ എന്താ പറയാ?. മാറി ഇരിക്കെടാ എന്നല്ലേ !
നമ്മൾ പത്രം വായിച്ചു സ്ഥിരം വെക്കുന്ന ഒരു സ്ഥലം ഉണ്ട്, നമ്മൾ നോക്കുമ്പോൾ അവിടെ കണ്ടില്ലെങ്കിൽ നമ്മുടെ ശബ്ദം ഉയരും , ഇവിടെ വെച്ച സാധനങ്ങൾ ഒന്നും കാണുന്നില്ലല്ലോ എന്ന്, ഒന്ന് തല ഉയർത്തിയാൽ മതി, സാധനം അപ്പുറത്ത് തന്നെ ഉണ്ടാകും.
ഈ രണ്ടു പെരുമാറ്റങ്ങളുടെയും കാരണം നമുക്ക് മാറ്റങ്ങൾ ഇഷ്ടമല്ല എന്നതാണ്. നാം സ്ഥിരം ചെയ്യുന്ന,പോകുന്ന ഒരു റൂട്ടിലൂടെ പോവാനാണ് ഇഷ്ടപ്പെടുന്നത് , അതിൽ നിന്നുള്ള മാറ്റങ്ങൾ നമ്മെ ഡിസ്റ്റർബ് ചെയ്യുന്നു . നാം ഒരു കംഫർട്ട് സോണിന്റെ അടിമകളായി മാറുന്നു, പേരിൽ പറയുന്നതുപോലെ ആ സോണിൽ ഒരു കംഫർട് ഉണ്ട് , പക്ഷെ അവിടെ ഒന്നും വളരാറില്ല.
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു ഇംഗ്ലീഷ് പഴമൊഴിയുണ്ട് .ആശയം ഇതാണ്, ഈ കരയിൽ നിന്ന് കൈയെടുക്കാൻ ഉള്ള ധൈര്യം കാണിച്ചാലേ മറുകരയിൽ എന്താണെന്ന് കണ്ടെത്താൻ പറ്റൂ!! ഈ പറയുന്ന ഞാനടക്കം ആ പേടിയും കൊണ്ട് നടക്കുകയാണ്. ഖുർആൻ സൂചിപ്പിക്കുന്ന ഒരു ആശയമുണ്ട് ഒരു സമൂഹത്തിൽ സ്വയം മാറ്റങ്ങൾ ഉണ്ടാകുന്നത് വരെ ഞാൻ അവരെ മാറ്റുകയില്ല എന്ന് .
മാറ്റങ്ങളോടും പരീക്ഷണങ്ങളോടും നാം വിമുഖത കാണിക്കാനുള്ള കാരണം പരാജയഭീതി ആണ്. പണി കിട്ടുമോ എന്ന പേടിയാണ് പലതും ചെയ്യാതിരിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത് . കൂടെ ഉള്ളവർ എന്ത് വിചാരിക്കുമെന്ന തോന്നലും, ഒരു കാര്യം പറയാം, എല്ലാവരോടും സമ്മതം വാങ്ങിയിട്ടും എല്ലാരും പ്രോത്സാഹിപ്പിച്ചിട്ടും ഇവിടെ ആരും ഒന്നും നടത്തിയിട്ടില്ല. ഒഴുക്കിനെതിരെ നീന്തിയവരും മാറി ചിന്തിച്ചവർക്കുമാണ് നേട്ടങ്ങൾ ഉണ്ടാക്കാൻ പറ്റിയിട്ടുള്ളത് .
ജീവിതത്തിൽ പരാജയഭീതി കുറയ്ക്കുവാനും പുതിയ കാര്യങ്ങൾ ചെയ്യാനുള്ള പ്രചോദനം നിലനിർത്താനുമായി മൂന്നുമാർഗ്ഗങ്ങൾ നിർദ്ദേശിക്കാം.

1 . ജീവിത വിജയം നേടിയവരുടെ അനുഭവകഥകൾ, സക്സസ് സ്റ്റോറീസ് വായിക്കുക / കാണുക . തോമസ് ആൽവാ എഡിസൺ മുതൽ മുഹമ്മദ് അലി ശിഹാബ് വരെ ആരുടേതായാലും. വിജയിച്ചവരുടെ കഥകൾ നമുക്ക് ഊർജ്ജം ലഭിക്കും.

2 . നമ്മുടെ കൂട്ടത്തിലെ പിന്തിരിപ്പന്മാരെ ഒഴിവാക്കുക. നമ്മുടെ ഏറ്റവും അടുത്ത ,സ്ഥിരം സംസാരിക്കുന്ന ടീമിനെ ഒന്ന് സ്കാൻ ചെയ്തു നോക്കൂ. പരാജയത്തെ കുറിച്ചും നഷ്ടപ്പെടുന്നതിനു കുറിച്ചും സ്ഥിരം സംസാരിക്കുകയും പുതിയ ആശയങ്ങളെ തളർത്താൻ ശ്രമിക്കുകയും ചെയ്യുന്നുള്ളവരാണെങ്കിൽ നമ്മുടെ പട്ടികയിൽ നിന്ന് അവരെ ഒഴിവാക്കണം.

3 പോസിറ്റീവ് മോണിംഗ് വൈബ്‌സ് , പുതിയ ആശയങ്ങൾക്കും പ്രവർത്തനങ്ങൾക്കും ഏറ്റവും ഊർജ്ജം ലഭിക്കുന്ന സമയം പ്രഭാതമാണ് . സ്ഥിരമായി മനസ്സിന് ഉത്സാഹവും ഉന്മേഷവും നൽകുന്ന കാര്യങ്ങൾ പ്രഭാതത്തിൽ കാണുകയോ കേൾക്കുകയോ ചെയ്യുന്നത് പതിവാക്കുക.

ആശാന്റെ വരികൾ കുറിച്ചിതിവിടെ അവസാനിപ്പിക്കാം,
‘മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതികളീ നിങ്ങളെത്താൻ’

Leave A Reply

Your email address will not be published. Required fields are marked *