നിങ്ങളുടെസേഫ്റ്റി വാൽവ്എവിടെയാണ്?

Ahammed Shareen , Posted on 1 February 2020

പ്രഷർകുക്കർ പുതിയ കാലത്ത് ഭക്ഷണം പാചകം ചെയ്യാൻ ഉപയോഗിക്കുന്ന ഒരു സൂത്രമാണ്. ഒന്ന് രണ്ട് തലമുറകൾക്ക് മുമ്പ് ഇതാരും കണ്ടിട്ടില്ല. സമയവും ഇന്ധനവും ലാഭിക്കാനായി പാത്രത്തിനുള്ളിൽ ഉയർന്ന മർദ്ദം സൃഷ്ടിക്കുകയും പാചകത്തിന്റെ വേഗത കൂട്ടുകയും ചെയ്യുക എന്നതാണ് ഇതിന്റെ രീതി ശാസ്ത്രം. എങ്കിൽ ആവശ്യത്തിന് മർദ്ദം ആയാൽ വിസിൽ അടിക്കും, പുറത്തേക്ക് വരും, ഇതെങ്ങാനും കൃത്യമായി നടന്നില്ലെങ്കിൽ പ്രഷർകുക്കർ പൊട്ടിത്തെറിക്കും, അത് ഒഴിവാക്കാൻ വേണ്ടി അതിൽ ഒരു സേഫ്റ്റി വാൽവ് ഘടിപ്പിച്ചിട്ടുണ്ടാകും ,
അതുപോലെ തന്നെയാണ് വാട്ടർ ഹീറ്ററും, ചൂടുവെള്ളം അതിനുള്ള പൈപ്പിൽ കൂടി പുറത്തു പോകുന്നത് വല്ല കാരണവശാലും തടഞ്ഞാൽ അതിന് ബലംപ്രയോഗിച്ചു പുറത്തു കളയാനുള്ള വഴി എല്ലാ യൂണിറ്റുകളിലും വച്ചിട്ടുണ്ട്. സേഫ്റ്റി വാൽവ് ഘടിപ്പിച്ച മറ്റു ഉപകരണങ്ങളും ഉണ്ടാകും.സാധാരണ കാണാറുള്ള രണ്ടുദാഹരണങ്ങൾ പറഞ്ഞു എന്നേയുള്ളൂ.
നമുക്കും ഇതുപോലെയുള്ള വാൽവുകൾ ആവശ്യമായി വരുന്നു എന്നിടത്താണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്.

കഴിഞ്ഞ കുറച്ചു നാളുകളിൽ പ്രവാസ ലോകത്തു നിന്ന് വന്ന വാർത്തകളിൽ പലതും അത്ര സുഖകരമായിരുന്നില്ല. സ്ട്രോക്ക് കാരണവും ഹൃദയാഘാതം കാരണവും രോഗികൾ ആവുകയും മരണപ്പെടുകയും ചെയ്യുന്ന ആളുകളുടെ എണ്ണം കൂടി വരുന്നു. ഹൃദയാഘാതംമൂലം മരണപ്പെടുന്നവരുടെ ആവറേജ് പ്രായം എടുത്തുനോക്കിയാൽ ശരാശരി പ്രായത്തിൽ നിന്നും ഈ കുറവ് നന്നായി കാണാൻ പറ്റും. പലരും യുവത്വത്തിലോ മധ്യ വയസ്സിലോ ഉള്ളവരാണ്, പണ്ടൊക്കെ ടെൻഷൻ അടിച്ച പ്രവാസികൾക്ക് വന്നിരുന്നത് കഷണ്ടിയും നരയുമൊക്കെയായിരുന്നു, എന്നാൽ ഇപ്പോഴത് ഹൃദ്രോഗവും സ്ട്രോക്കുമൊക്കെയായി വളർന്നിരിക്കുന്നു.
കാരണങ്ങൾ പലതാണ്, സാമ്പത്തികം, കുടുംബ പരം, ആരോഗ്യപരം, ഉറ്റവരുടെ വിയോഗങ്ങൾ മൂലമുള്ള വിഷമം, രോഗം വന്നു മരണപ്പെട്ടു പോകുമോ എന്നുള്ള പേടി അങ്ങനെയുള്ള ഒരുപാട് കാരണങ്ങൾ കാരണം ടെൻഷൻ നിറച്ചുവെച്ച മനസ്സുകളാണ് പലപ്പോഴും ശാരീരികമായ വലിയ ദുരന്തങ്ങൾക്ക് കാരണമാകുന്നത്.

ടെൻഷൻ ആവശ്യം തന്നെയാണ്, ഒരു ബോധവും ഇല്ലാതെ നടന്ന ആളുകൾ ലോകത്ത് ഒന്നും ഉണ്ടാക്കിയിട്ടില്ല. പക്ഷേ അതേ ടെൻഷൻ തന്നെ ക്രിയാത്മകാവും സർഗ്ഗാത്മകവും ആക്കണം, ശരീരത്തിന്റെ ആരോഗ്യം നശിപ്പിക്കുന്ന ആധി ഒഴിവാക്കേണ്ടതാണ്.
ടെൻഷൻ ഒഴിവാക്കാനുള്ള സാമ്പ്രദായികമായ രീതികളൊക്കെ നിങ്ങൾ പ്രയാഗിചിട്ടുണ്ടാവും, എന്റെ വായനയിൽ അത്ര സാമ്പ്രദായിക അല്ല എന്ന് തോന്നുന്ന ചില കാര്യങ്ങൾ പറയാം.
ഒന്ന് വ്യായാമം പതിവാക്കുക, ശരീരം നന്നായി വിയർക്കുമ്പോൾ ശരീരത്തിൽ സ്ട്രസ്സ് കുറയുന്നതിന് കാരണങ്ങൾ കൂടിയുണ്ട്. ജോലി നഷ്ടപ്പെട്ട,അന്വേഷിക്കുന്ന സുഹൃത്തുക്കൾ നിർബന്ധമായും കുറഞ്ഞത് ഒരു മണിക്കൂർ നടക്കാൻ വേണ്ടി കണ്ടെത്തണം. സ്ഥിരമായി വ്യായാമം ചെയ്യുന്നത് നമ്മുടെ മനസ്സിന് ആത്മവിശ്വാസം വർധിപ്പിക്കുകയും , ഊർജം നൽകുകയും ചെയ്യും.

രണ്ട്,
കൂട്ടത്തിൽ കൂടുക, ഒറ്റപ്പെട്ടു നിൽക്കുന്ന സമയത്ത് സ്ട്രെസ് കൂടുകയാണ് ചെയ്യുക. ആളുകളുടെ കൂട്ടത്തിൽ നമുക്ക് ഇഷ്ടപ്പെടുന്ന ആളുകളുടെ കൂടെ ഉണ്ടാവുകയും ചിരിയും കളിയും തമാശയും അവരോടുകൂടെയുള്ള ഭക്ഷണവുമൊക്കെ സ്വാഭാവികമായും നമ്മുടെ മനസ്സിൽ പ്രതീക്ഷ നൽകുകയും സ്ട്രെസ് കുറക്കാൻ സാധിക്കുകയും ചെയ്യും.
മൂന്ന് സുഗന്ധം ഉപയോഗിക്കുക, നല്ല സുഗന്ധപൂരിതമായ സ്ഥലങ്ങളിൽ സമയം ചെലവഴിക്കുക എന്നത് മാനസികമായ ഉന്മേഷം നൽകും, അരോമ തെറാപ്പി എന്ന പേരിൽ സുഗന്ധം ഉപയോഗിച്ചുള്ള ഒരു ചികിത്സ രീതി തന്നെ പ്രാബല്യത്തിലുണ്ട്. ഇഷ്ടപെട്ട സുഗന്ധങ്ങൾ ഉപയോഗിക്കുന്നതും സുഗന്ധപൂരിതമായ സ്ഥലങ്ങളിൽ ചെലവഴിക്കുന്നതും മാനസിക ആരോഗ്യം വർദ്ധിപ്പിക്കും.
നാല്,
ചായ കാപ്പി പാനീയങ്ങളുടെ ഉപയോഗം കുറയ്ക്കുക, സാധാരണ ടെൻഷൻ കുറയ്ക്കാൻ വേണ്ടിയാണ് ചായ കുടിക്കുന്നത് , യഥാർത്ഥത്തിൽ ശരീരത്തിൽ കഫീന്റെ അളവ് കൂടുന്നത് നമ്മെ കൂടുതൽ ഉത്തേജിപ്പിക്കുകയും ടെൻഷൻ വർദ്ധിപ്പിക്കുകയുമാണ് ചെയ്യുക, വാഴപ്പഴം പോലെയുള്ള ഉയർന്ന മഗ്നീഷ്യം കോൺടെന്റ് ഉള്ള പഴങ്ങൾ നമുക്ക് ഉന്മേഷം നല്കാൻ കഴിവുള്ളതാണ്.

മൈൻഡ് ഫുൾ നെസ്സ്: കുറച്ചുകൂടി വിശാലമായി ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണിത്, നമ്മുടെ ആധിയുടെ പ്രധാന കാരണം ഒന്നുകിൽ കഴിഞ്ഞു പോയ സംഭവങ്ങളാണ് .അതാലോചിച്ചു ഉണ്ടാകുന്ന സങ്കടവും വിഷമവുമാണ് നമ്മെ തളർത്തുന്നത്,. അല്ലെങ്കിൽഇനി വരാനിരിക്കുന്ന, സംഭവിക്കാൻ സാധ്യതയുള്ള കാര്യമാണ്. ഇത് രണ്ടും ആലോചിക്കാതെ നാം ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന കാര്യത്തിൽ പൂർണ ശ്രദ്ധ കൊടുക്കുകയും അതിൽ തന്നെ മുഴുകുകയും ചെയ്യുക. നടന്ന കാര്യങ്ങളൊക്കെ കഴിഞ്ഞതാണെന്നും വരാനുള്ള കാര്യം വരുമ്പോൾ നോക്കാം എന്നും ഉറപ്പിക്കുക, ഇത് മൂലം നമ്മുടെ ചിന്തകളെ പ്രെസെന്റിൽ തളച്ചി നിർത്താനും സ്ട്രെസ് കുറക്കാനും സാധിക്കും,

ദൈവവിശ്വാസം. വിശ്വാസികളെ സംബന്ധിച്ചിടത്തോളം നടന്ന കാര്യങ്ങൾ നടക്കാൻ ഉള്ള കാര്യങ്ങളും ദൈവത്തിൽ നിന്നാണെന്ന് ഉറപ്പിച്ച് വിശ്വസിക്കുകയും എനിക്ക് ഗുണമുള്ളവ മാത്രമേ ലഭിക്കുകയുള്ളൂ എന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നത് ഒരു തരത്തിൽ സ്ട്രെസ് ഒഴിവാക്കാൻ നല്ലൊരു വഴിയാണ്. ആ വിശ്വാസം നമ്മുടെ മുന്നോട്ടുള്ള ജീവിതത്തിന് ഊർജ്ജം, ഒരു ശക്തി എന്ന സഹായിക്കുന്നുണ്ട് എന്ന ബോധ്യത്തിൽ നിന്ന് ധൈര്യം പകരാനും സാധിക്കും.
ഓരോ മനുഷ്യനും വ്യത്യസ്തരാണ്, നിങ്ങളുടെ ടെൻഷൻ കുറക്കാനുള്ള വഴികളും വ്യതിരസ്ഥമായിരിക്കും, ആ വഴി കണ്ടു പിടിച്ചു വെക്കണമെന്ന് നിങ്ങളെ ഓർമിപ്പിക്കുക എന്നതാണ് എന്റെ ലക്‌ഷ്യം
ആലോചിച്ചാൽ ഒരു അന്തവുമില്ല, ആലോചിച്ചില്ലേൽ ഒരു കുന്തവുമില്ല, എന്ന മഹത് വാക്യത്തിൽ ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ

Leave A Reply

Your email address will not be published. Required fields are marked *