അത് സാരമില്ല

Ahammed Shareen, Posted on 10 February 2020

മലയാളത്തിലെ ഏറ്റവും മനോഹരമായ വാക്ക് ഏതാണെന്ന് ചോദിച്ചാൽ ഞാൻ പറയുന്ന ഉത്തരം ഇതായിരിക്കും,’ അത് സാരമില്ല’
സമയവും സാഹചര്യവും അനുസരിച്ച് ഈ വാക്കിൻറെ ഭംഗി കൂടിക്കൂടി വരും.
ഒരു കഥ സൊല്ലട്ടുമാ
രാവിലെ തിരക്കിൽ ഓഫീസിലേക്കിറങ്ങുന്ന ഭർത്താവ് മേശപ്പുറത്ത് അലക്ഷ്യമായി വെച്ചിരിക്കുന്ന കഫ് സിറപ്പിന്റെ കുപ്പി കണ്ടു, അതൊന്നു മാറ്റി വെക്കൂ എന്ന് പറഞ്ഞിട്ട് പോയി, സ്വാഭാവിക മടി കാരണം പിന്നെയാവട്ടെ എന്ന് ഭാര്യ കരുതി, ഉച്ചയാകുമ്പോൾ ഭർത്താവിന് കാൾ വരുന്നു, ചെറിയ മോൻ കഫ്സിറപ്പെടുത്തു കുടിച്ചു, ഇപ്പോൾ ഐ സി യു വിലാണെന്ന്, ഇത് കേൾക്കേണ്ട താമസം അയാൾ നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു. ഓടിയെത്തുമ്പോൾ കാണുന്നത് പുറത്ത് വിറങ്ങലിച്ച നിൽക്കുന്ന ഭാര്യയെ യാണ്, അവൾ പേടിച്ച് വിറച്ചു നെറ്റിയിൽ വിയർപ്പ് പൊടിയുമുമ്പോൾ അയാൾ അവളെ നെഞ്ചോട് ചേർത്ത് നിർത്തി നെറ്റിയിൽ രുമ്മ വെച്ച് കൊണ്ട് ഐ ലവ് യു എന്നു പറഞ്ഞു.
ഇതാണ് നുമ്മ പറഞ്ഞ സാരല്യ.

തർക്കത്തിൽ ന്യായം നമ്മുടെ ഭാഗത്ത് ആകുമ്പോഴും വിട്ടു കൊടുക്കുന്നവനാണ് ഉത്തമൻ എന്ന് ഒരു മഹാൻ പറഞ്ഞതായി എവിടെയോ വായിച്ചിട്ടുണ്ട് .നിങ്ങൾ താഴ്ന്നു കൊടുക്കുമ്പോഴൊക്കെ യഥാർത്ഥത്തിൽ നിങ്ങളുടെ സ്ഥാനം ഉയരുകയാണ്., നാം സഹായിക്കുന്നത് നമ്മെ തന്നെയാണ്, നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ദേഷ്യം വരുമ്പോഴും വ്രണപ്പെടുമ്പോഴുമൊക്കെ നിങ്ങളുടെ ഹൃദയമിടിപ്പ് ഉയർന്നു നിൽക്കും,രക്ത സമ്മർദ്ദവും ശരീര താപവും കൂടും. എന്നാൽ ഒന്നു വിട്ടു കൊടുത്താൽ ആർദ്ര വികാരങ്ങൾ ഉയരും, ഹൃദയ മിടിപ്പ് നോർമൽ ആകും, ശരീരതാപം കുറഞ്ഞ് നിങ്ങൾ ആരോഗ്യവാൻ ആകും,
കല്യാണത്തിന് പന്തൽ ഇട്ടപ്പോൾ കാൽനാട്ടൽ വിളിച്ചില്ല പോലെയുള്ള വലിയ കാര്യങ്ങൾക്ക് ദീർഘകാലം പിണങ്ങിയിരിക്കുന്നവരും, വെറുപ്പ് മനസ്സിൽ സൂക്ഷിക്കുന്നവരും, പറഞ്ഞാൽ തമാശ തോന്നുന്ന ചെറിയ കാര്യങ്ങൾക്ക് വേണ്ടി ദേഷ്യം പിടിക്കുന്നവരുമൊക്കെ ആ വെറുപ്പൊക്കെ ഒന്ന് മനസ്സിൽ നിന്നെടുത്ത് കളഞ്ഞ ശേഷം കിടന്നുറങ്ങാൻ നോക്കൂ. നിങ്ങൾക്ക് നിങ്ങളുടെ മനസ്സിൽ ആരോഗ്യത്തിന്റെ തണുപ്പും ഉറക്കത്തിൻറെ കടുപ്പവും രണ്ടും ആസ്വദിക്കാൻ പറ്റും.

സാരല്യ (രമില്ല) എന്ന് പറയേണ്ടത് നാവു കൊണ്ടല്ല മനസ്സ് കൊണ്ടാണ്, പണ്ട് തന്നെ ഞാൻ ഇവന് ഒന്ന് കൊടുത്തേനെ, എല്ലാവരും പറഞ്ഞതുകൊണ്ട് വെറുതെ വിട്ടതാ എന്ന് പറഞ്ഞാൽ സംഭവം ഇപ്പോഴും വെറുതെ വിട്ടിട്ടില്ല എന്നാണ് അർത്ഥം, സാരല്യ എന്നൊക്കെ പറഞ്ഞാലും അത് അത്രക്ക് സാരമിലതായിട്ടില്ല എന്നാണ് ഉദ്ദേശം. വിടുമ്പോൾ പൂർണമായി വിടണം, മനസ്സിൽ നിന്ന് ഇറക്കി വിടണം.
വിട്ടുവീഴ്ച എന്നത് വേദന കടിച്ചിറക്കലല്ല , രണ്ടും രണ്ടാണ്. ആരുടെയെങ്കിലും വാക്കോ പ്രവർത്തിയോ നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അവരോടത് തുറന്നു പറയണം, ഞാൻ ക്ഷമിച്ചിരിക്കുന്നു എന്ന് ,നേരിട്ട് പറയാൻ വിഷമമുള്ള കാര്യങ്ങൾ ആണെങ്കിൽ എഴുതി കൊടുക്കാം, അല്ലേൽ വാട്സാപ്പോ മെസ്സേഞ്ചറോ ഉപയോഗിക്കാം, കാരണം ആ കാര്യം നിങ്ങളെ വേദനിപ്പിച്ചു എന്നറിയുന്നത് ആ കാര്യം അയാളിൽ നിന്ന് ആവർത്തിക്കാതിരിക്കാൻകാരണമാകും.
കരയണോ ചിരിക്കണോ എന്ന് തോന്നുന്ന ചില സാഹചര്യങ്ങൾ ഉണ്ട്, അതിൽ പെട്ടതാണ് നമ്മളെ ആരെങ്കിലും നന്നായി ബുദ്ധിമുട്ടിച്ചിട്ട് നാം അത് ചോദിക്കാൻ ചെല്ലുമ്പോൾ, അദ്ദേഹം തിരിച്ചു പറയും അത് സാരമില്ല എന്ന് , ഗ്ലാസ് പൊട്ടിച്ച തൊഴിലാളിയോട് മുതലാളി ചൂടാകുമ്പോൾ തൊഴിലാളി പറഞ്ഞു അതൊന്നും സാരമില്ല , നമുക്ക് വേറെ വാങ്ങാം എന്ന് , ശരിക്കും ഇത് ഞാൻ അല്ലേ പറയേണ്ടത് എന്ന് ചോദിക്കേണ്ടി വരുന്ന മുതലാളിയോളം ഗതികെട്ടവൻ ആരാണുള്ളത്.
പൊറുത്തുകൊടുക്കാൻ ഉള്ള ശേഷി ക്രമേണ കൈവരിക്കേണ്ട ഒരു ഗുണമാണ് , ഇത് വായിച്ചത് നിമിഷം തന്നെ മനസ്സിൽ ഉള്ള എല്ലാ ഈർഷ്യയും ഒഴിവാക്കി വിശുദ്ധരാകുക എന്നത് സാധ്യമല്ല, മറിച്ച് അതിലേക്കുള്ള പടികൾ കയറിത്തുടങ്ങുകയാവണം ലക്‌ഷ്യം. ദേഷ്യത്തിന്റെയും വെറുപ്പിന്റെയും തോത് കുറച്ചും പ്രതികരണത്തിൽ സ്നേഹം കലർത്തിയും പതിയെ കൊണ്ടുവരേണ്ട ഒരു ഗുണം.
ഈ ഗുണത്തെ പ്രതികരണം ഇല്ലായ്മയും ഷണ്ഡത്വവുമായി തെറ്റിദ്ധരിക്കരുത്. പ്രതികരിക്കേണ്ടതും പ്രകടിപ്പിക്കേണ്ടത് മനുഷ്യൻറെ നിലനിൽപ്പിന് ആവശ്യമാണ്. അറിയാതെ സംഭവിച്ചു പോകുന്ന അബദ്ധങ്ങളെ പോലെ അല്ല അറിഞ്ഞോണ്ട് ചെയ്യുന്ന ക്രൂരതകൾ , വെറുപ്പും വേദനയും സഹിച്ച് മുന്നോട്ടുപോകുക എന്നത് ഒരിക്കലും ഭൂഷണമല്ല, അവിടെ പ്രതികരണങ്ങൾ നിലനില്പിന്റെ ആധാരമാണ് .
ഇത്രയും വായിച്ചിട്ട് നിങ്ങൾക്ക് എന്നെ രണ്ട് പറയാൻ തോന്നുന്നില്ല എങ്കിൽ സാരമില്ല പോട്ടെ നിങ്ങളോട് ഞാൻ ക്ഷമിച്ചിരിക്കുന്നു.

Leave A Reply

Your email address will not be published. Required fields are marked *