സാരമില്ല_എങ്കിലും_പക്ഷേ (ഇങ്ങിനെയൊക്കെ ചെയ്യാവോ? )

Ahammed Shareen, Posted on 15 February 2020

കഴിഞ്ഞ ആഴ്ചയിലെ എഴുത്തിന്കിട്ടിയ ചില ഫീഡ്ബാക്കുകളാണ് ഈ കുറിപ്പിനാധാരം , ഇതൊക്കെത്തന്നെയാണ് ഇത് മുന്നോട്ടു കൊണ്ടുപോകാനുള്ള ഊർജ്ജം നൽകുന്നതും.
ഒരു കാര്യം പറയാം, പണ്ടൊരു കാരണവർ പറഞ്ഞു തന്നതാണ് ,പലയിടത്തും ഞാൻ ഒബ്സർവ് ചെയ്തപ്പോൾ ശരിയാണെന്ന് തോന്നിയിട്ടുണ്ട്. നിങ്ങൾക്കും അഭിപ്രായിക്കാം. കുടുംബങ്ങളിൽ ചിരിയും കളിയും നിലനിൽക്കണമെങ്കിൽ രണ്ടു കാര്യങ്ങൾ വേണം ഒന്ന് കണക്കു നോക്കാതെ ചെലവഴിക്കുന്ന ഒരു ജേഷ്ഠൻ, പലതിനും നേരെ കണ്ണടക്കുന്ന ഒരു ജേഷ്ഠത്തി , ഈ രണ്ടു പേരുടെ ത്യാഗമാണ് പല കുടുംബങ്ങളുടെയും സന്തോഷത്തിന് ആധാരം. അവരൊന്ന് പിടിച്ചാൽ, കണക്ക് പറഞ്ഞാൽ, അന്ന് തീരും ഈ കളിയും ചിരിയും, അവർ ആഘോഷം ആസ്വദിക്കുന്നുണ്ട് ,അല്ലെങ്കിൽ സന്തോഷം കണ്ടെത്തുന്നുണ്ട്, എങ്കിലും തരം കിട്ടിയാൽ ആളുകൾ അവരുടെ തലയിൽ കയറി നിരങ്ങുകയും ചെയ്യും.
നിങ്ങൾ ഒരു കച്ചവട സ്ഥാപനം നടത്തുന്ന ആളാണെങ്കിൽ കൃത്യമായി ജോലിക്കാർ എത്തുക എന്നത് നിങ്ങളുടെ ആവശ്യവും വരുത്തുക എന്നത് അവകാശവുമാണ്. അഞ്ചു മിനിറ്റ് വൈകിയതല്ലേ, സാരമില്ല എന്ന് നിങ്ങൾ വിചാരിക്കുമ്പോൾ അഞ്ചുമിനിറ്റ് വയ്കൽ അവകാശമായി കാണുന്ന ഒരു ടീം പിറവിയെടുക്കും, അത് മേത്തു പറ്റുന്ന പരിപാടിയാണ്, കുടുംബത്തിൽ കാര്യങ്ങൾ നടക്കാൻ ചെലവാക്കാം എന്നത് നിങ്ങളുടെ നിലപാടാണ് പക്ഷേ എനിക്ക് ഉണ്ടെങ്കിലും നിങ്ങളുടേത് കിട്ടിയാലേ കാര്യങ്ങൾ നടക്കൂ എന്നാകുമ്പോൾ ഒരു പ്രശ്നമാണ്. ഈ അവസ്ഥയെ പൊതുവിൽ ടേക്കൺ ഫോർ ഗ്രാൻഡെഡ് എന്നാണ് പറയുക. ഇതിനെ മറികടക്കാനുള്ള ചില സൂചനകൾ നൽകാം.

[ഒന്ന്- ആശയവിനിമയം വൈകി വരുന്നത് അത്ര നല്ല കാര്യമല്ല എന്ന് തെളിച്ചു തന്നെ പറയണം, ഇത് പറഞ്ഞിട്ട് വേണോ അറിയാൻ എന്നാണ് നിങ്ങൾ ചോദിക്കരുത്. പറയുന്നതിലൂടെ അറിയുന്നത് മാത്രമല്ല അത് നിങ്ങൾ അറിഞ്ഞു എന്ന് അറിയിക്കലും കൂടി ഉണ്ട് , ഇത് ആവർത്തിക്കുന്നത് വിഷമം ഉണ്ടാക്കുന്നു എന്ന് കൃത്യമായി അറിയിക്കുക. ബന്ധങ്ങളിൽ ആകുമ്പോൾ കുറച്ചുകൂടി തഞ്ചത്തിൽ വേണം ചെയ്യാൻ, കയ്യീന്ന് പോയാൽ പിന്നെ ചെയ്തതിനെക്കാൾ വലിയ കുറ്റം അത് പറഞ്ഞതായിരിക്കും, അതുകൊണ്ട് ചിരിച്ചു കൊണ്ട്, ഉറക്കെ പറയുക “ഇങ്ങനെയൊക്കെ ചെയ്യാമോ”? ആ സമയത്ത് സാരമില്ല എന്ന് പറയുകയും കുറച്ചു കഴിഞ്ഞ് ഒരു നല്ല കാലാവസ്ഥയിൽ ഞാൻ നേരത്തെ അങ്ങിനെ പറഞ്ഞത് നിന്നെ വിഷമിപ്പിക്കാതിരിക്കാൻ ആണ്, സംഭവം അത്ര ശരിയായില്ല എന്നു പറയുന്നതും നല്ലൊരു രീതിയാണ്.

രണ്ട്- ഗിഫ്റ് യുവർ സെൽഫ്, ഓരോ ഓപ്പൺ ഹൗസ് കഴിയുമ്പോഴും കുട്ടികൾക്ക് ഗിഫ്റ്റ് വാങ്ങി കൊടുക്കുന്നു, നാട്ടിൽ പോകുമ്പോൾ എല്ലാവർക്കും എന്തെങ്കിലും വാങ്ങുന്നത് എന്നും ശീലമാണ്, വിസിറ്റിംഗ് വന്നവരെയും നന്നായി പരിഗണിക്കുന്നു, ഇതിനിടയിൽ എന്താണ് നിങ്ങളുടെ അവസ്ഥ, നിങ്ങൾക്ക് അവസാനമായി ഒരു സംഭവം വാങ്ങിയത് എപ്പോഴാണ് എന്ന് ആലോചിക്കൂ, നിങ്ങളുടെ കാര്യം കൂടി നന്നായി പരിഗണിക്കണം.

മൂന്ന് : ചോദിച്ചിട്ട് കൊടുത്താൽ മതി, വെറുതെ കിട്ടുന്നതിന് മൂല്യം കുറയും, അധ്വാനിച്ചു കിട്ടുന്നതാകുമ്പോൾ മൂല്യം നിലനിൽക്കുകയും ചെയ്യും. ചിലതൊക്കെ ചോദിച്ചു കൊടുത്താൽ മതി എന്ന് തീരുമാനിക്കണം. ജോലി ചെയ്യാതെ ശമ്പളം കിട്ടിയിരുന്ന ഒരാൾ കമ്പനി പൂട്ടിയപ്പോൾ അന്വേഷിച്ചു വന്ന ഒരു കഥയുണ്ട്. ശമ്പളം കിട്ടിയ കാലത്ത് ഒന്ന് അന്വേഷിച്ചു വന്നിരുന്നെങ്കിൽ കമ്പനി പൂട്ടില്ലായിരുന്നു.

നാല് – മാതൃകയാവുക. കൊടുത്താൽ കൊല്ലത്തും കിട്ടും എന്നല്ല കൊടുത്താലേ കൊല്ലത്തും കിട്ടൂ എന്നോർമ വേണം, അതുകൊണ്ടുതന്നെ ആവശ്യപ്പെടുന്നത് നമ്മൾ സ്വന്തമായി ചെയ്യുന്ന കാര്യങ്ങൾ ആയിരിക്കണം,

അഞ്ച്- ഹൌ ടു സേ നോ ? ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന ഒരാളെ സഹായിക്കാൻ വേണ്ടി സംസാരിച്ച് സംസാരിച്ച് അവസാനം തെളിഞ്ഞുവന്ന ചിത്രം, അദ്ദേഹത്തിന് ആരോടും നോ പറയാൻ പറ്റുന്നില്ല എന്നതായിരുന്നു, എല്ലാവരെയും സന്തോഷിപ്പിക്കാൻ നോക്കുകയും അവസാനം എല്ലാവരോടും വെറുപ്പ് വാങ്ങുകയും ചെയ്യുന്ന ഒരു പാട് ആളുകളെ നമുക്ക് ചുറ്റും കാണാം,
ആർട്ട് ഓഫ് സെയിങ് നോ, അത് പോലെ പവർ ഓഫ് സെയിങ് നോ, രണ്ടും കുറിപ്പിനപ്പുറത്തേക്കുള്ള ആശയ വിനിമയങ്ങൾ ആവശ്യപ്പെടുന്നു

Leave A Reply

Your email address will not be published. Required fields are marked *