പരീക്ഷാക്കാല_ചിന്തകൾ

Ahammed Shareen, Posted on 23 February 2020

മാർച്ച് മാസമടുത്തു, ഒരു പരീക്ഷക്കാലം കൂടി അടുക്കുകയാണ്. സ്കൂൾ കാലത്തേ അറിയണമെന്നുണ്ടായിരുന്ന ഒരു ചോദ്യമാണ് ഈ പരീക്ഷ കണ്ടുപിടിച്ചതാരാണെന്ന് , ചോദ്യോത്തര പരിപാടികളൊക്കെ പുരാണങ്ങളിലും ചരിത്രാതീത കാലത്തുമൊക്കെ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴുള്ളത് പോലെ സമയവും ചോദ്യവുമൊക്കെ നിശ്ചയിച്ചിട്ടുള്ള പരീക്ഷ പരിപാടികൾ തുടങ്ങിയത് ചൈന യിലാണ് (വെറുതെ അല്ല അവിടെ വൈറസ് വന്നത് ) സൂയി രാജവംശ കാലത്ത് ഭരണവ്യവസ്ഥയിൽ ഉദ്യോഗസ്ഥ നിയമങ്ങൾക്ക് വേണ്ടി രാജ്യവ്യാപകമായി നടത്തിയ പരീക്ഷയാണ് ചരിത്രത്തിലെ ആദ്യത്തെ മാതൃകപ്പരീക്ഷ. ഇംപീരിയൽ പരീക്ഷ എന്ന പേരിൽ ഈ പരിപാടി കുറേക്കാലം തുടർന്നു, ക്വിൻ രാജവംശമാണ് ഇത് നിർത്തലാക്കിയത് . ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ പിഎസ സി യുടെ ഒരു മുത്തച്ഛനായി ഇതിനെ കാണാം. പതിനെട്ടാം നൂറ്റാണ്ടിൽ ചൈനയിൽ പോയിരുന്ന ജസ്യൂട്ട് പുരോഹിതൻ യൂറോപ്യൻ രാജ്യങ്ങളിലേക്ക് കൊണ്ടുവരുന്നതോടെയാണ് പരീക്ഷാ സംവിധാനം വ്യാപകമാകുന്നത് , അത് വരെ യൂറോപ്യൻ യൂണിവേഴ്സിറ്റികളിൽ അധ്യാപകരോടുള്ള ചർച്ചയുടെ അടിസ്ഥാനത്തിൽ ആയിരുന്നു ഡിഗ്രി അവാർഡ് ചെയ്യപ്പെട്ടിരുന്നത്.
കഴിഞ്ഞ ആറുമാസങ്ങൾക്കുള്ളിൽ ഗൾഫിലെ പത്രങ്ങൾ റിപ്പോർട്ട് ചെയ്ത രണ്ട് മൂന്ന് ദുരന്തങ്ങളിലെ നായകർ ഇന്ത്യൻ വിദ്യാർഥികളായിരുന്നു. എല്ലാത്തിനും കാരണം പരീക്ഷാപേടിയും. പരീക്ഷയുടെ ചൂടും നിങ്ങളുടെ ആധിയും കൂടിച്ചേർന്ന് ജീവിതം കുട്ടിച്ചോറാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളാണ് ഇന്ന് സൂചിപ്പിക്കുന്നത്.
ആദ്യം മാറേണ്ടത് റിസൾറ്റിനു അമിതപ്രാധാന്യം നൽകുന്ന സാമൂഹിക സംവിധാനങ്ങളണെന്നതാണ് . ലക്ഷക്കണക്കിന് പേർ എഴുതുന്ന ഒരുപാട് പരീക്ഷകൾ ലോകത്ത് ഉണ്ടായിട്ടും നാട്ടിലെ മുഴുവൻ പത്രങ്ങളുടെയും ഫുൾപേജുകൾ റിസൾട്ടിനു വേണ്ടി മാറ്റി വെക്കുന്നത് എസ്എസ്എൽസി പരീക്ഷയുടെ മാത്രം സ്വന്തമായിരിക്കും. റിസൾട്ടുകൾ കുടുംബക്കാരുടെ വാട്സാപ്പ് സ്റ്റാറ്റസിലും എപ്ലസ് കിട്ടുന്നവരുടെ ഫോട്ടോകൾ മരത്തിന് മുകളിലും തെരുവുകളിലും ഫ്ലക്സുകൾ ആയുമൊക്കെ റിസൾട്ടുകൾ ആഘോഷിക്കുന്നത്, പരീക്ഷ എഴുതുന്ന കുട്ടിയുടെ ഹൃദയമിടിപ്പ് കൂട്ടും,
പരീക്ഷ പേടി കാര്യമായി ബാധിക്കുന്നത് രണ്ടു ടീമിനെയാണ്, ഒന്നു നന്നായി പഠിക്കുന്നവർ, ഒരു മാർക്കും കുറയാൻ പറ്റില്ല എന്നതും രക്ഷിതാക്കളുടെയും ടീച്ചർമാരും വെച്ചുപുലർത്തുന്ന പ്രതീക്ഷകൾ, എന്നേക്കാൾ കൂടുതൽ അവർക്ക് കിട്ടുമോ മുതലായ ആധികൾ ഇവരെ നന്നായി ബാധിക്കും,
രണ്ടാമത്തെ വിഭാഗം അത്യാവശ്യം അധ്വാനിക്കുകയും മോശമില്ലാത്തത് കിട്ടുമെന്ന പ്രതീക്ഷ ഉള്ളവരുമാണ്, അവരെ സംബന്ധിച്ചിടത്തോളം സംഭവം കയ്യീന്ന് പോകുമോ എന്ന പേടിയാണ് ആധിക്ക് കാരണം.
ഇതൊന്നും ബാധിക്കാത്ത ഒരു വിഭാഗമാണ് നാം ഉഴപ്പന്മാർ എന്ന് പറയുന്നവർ, അവർക്ക് പരീക്ഷയെ കുറിച്ച് ഒരു ടെൻഷനും ഇല്ല കാരണം അവർ എന്താണെന്ന് അവർക്ക് നന്നായി അറിയാം .
അതുകൊണ്ട് നിങ്ങളുടെ കുട്ടിക്ക് പരീക്ഷപ്പേടി ഉണ്ടെങ്കിൽ അതിനെ പോസിറ്റീവ് ആയിട്ട് വേണം നിങ്ങൾ കാണാൻ..ആദ്യം പറഞ്ഞ പോലെ പഠനം എളുപ്പമാക്കാൻ കുറച്ച് സൂചനകൾ നൽകാം ,

ഒന്ന്
#ആത്മവിശ്വാസം നൽകുക. പഴയ മാർക്കുകൾ ഓർമിപ്പിക്കുക, നന്നായി അധ്വാനിച്ചപ്പോൾ നേടിയ വിജയങ്ങൾ ഓർമ്മിപ്പിക്കുക, പ്രധാന ടോപ്പിക്കുകൾ എഴുതിയ പേപ്പർ പഠിച്ചു കഴിയുമ്പോൾ ഓരോന്നായി സ്ട്രൈക്ക് ചെയ്യുന്ന രീതി വളരെ വിജയകരമായി കാണാറുണ്ട്. പൂർത്തീകരിച്ചു എന്ന് ബോധ്യപ്പെടുത്തതാനും ആത്മവിശ്വാസം വർധിപ്പിക്കാനും ഇതുപകരിക്കും ഈ ആത്മവിശ്വാസം വർധിപ്പിക്കുകയും കുറച്ചുകൂടി നന്നായി പരീക്ഷയിൽ പെർഫോം ചെയ്യാൻ സഹായിക്കുകയും ചെയ്യും.

രണ്ട്
ബോർഡ് എക്സാമിനു വേണ്ടി ഒരുങ്ങുന്നവർക്ക് #മോക്ക്_ടെസ്റ്റുകൾ നടത്തുക, പഴയ ചോദ്യപേപ്പറുകൾ ഉപയോഗപ്പെടുത്തുക, ടൈം കൃത്യമായി പാലിക്കുക,മൊബൈൽ ഫോൺ അലാർമുകൾ ബെൽ ആയി ഉപയോഗിക്കാം,ചോദ്യപേപ്പറിന്റെ സാമ്പിൾ തിരഞ്ഞെടുക്കുന്നത് രക്ഷിതാക്കൾ ആവാൻ ശ്രദ്ധിക്കുക.

മൂന്ന്,
ഇന്ന് വിഡിയോക്കാലമാണ്, ടിക്ടോക്കും ഇൻസ്റ്റയുമൊക്കെ അരങ്ങു തകർക്കുന്നു, വിഷയങ്ങളെ ചുരുക്കി #ഒരു_മിനിറ്റ് #വീഡിയോകളായി ഷൂട്ട് ചെയ്ത ആവർത്തിച്ചു കാണുന്നത് പഠനവും റിവിഷനും എളുപ്പമാക്കും,
നാല്
#ഭീഷണിപ്പെടുത്താതിരിക്കുക, നീയെങ്ങാനും തോറ്റാൽ ഞാൻ കെട്ടിത്തൂങ്ങി ചാകും, മാർക്ക് കുറഞ്ഞാൽ മറ്റുള്ളവരുടെ മുഖത്ത് എങ്ങനെ നോക്കും തുടങ്ങിയ ക്ലീഷേ ഡയലോഗുകൾ എടുത്തു തോട്ടിൽ കളയുക,

അഞ്ച് ,
#ആരോഗ്യം ശ്രദ്ധിക്കുക. തിന്നാതെയും ഉറങ്ങാതെയും പഠിക്കുന്നത് പ്രകടനത്തെ ബാധിക്കുന്ന ഒന്നാണ്. തലച്ചോറ് നന്നായി ഊർജ്ജം ചെലവാക്കുന്ന ഒരു പ്രക്രിയയാണ് പഠനം. പച്ചക്കറി, പഴവർഗങ്ങൾ തുടങ്ങിയവ കഴിക്കുക,പ്രത്യേകിച്ചും വാഴപ്പഴം ഉന്മേഷം നിലനിർത്താൻ നല്ലതാണ് ,ആവശ്യത്തിനു വെള്ളം കുടിക്കുക സമീകൃതമായ ആഹാരങ്ങൾ നല്ല ഉറക്കം തുടങ്ങി പരീക്ഷാ ദിനത്തിൽ പ്രകടനങ്ങളെ സഹായിക്കുന്നതാണ്.

ചുറ്റും ഇരിക്കുന്ന ആളുകൾ എത്ര പേപ്പർ വാങ്ങി എന്നതും പരീക്ഷക്കു ശേഷം ഹാളിൽ നിന്നോ പുറത്തിറങ്ങിയിട്ടോ എത്ര മാർക്ക് കിട്ടും എത്ര പോയി എന്ന് കണക്ക് കൂട്ടി നോക്കുന്നതുമൊക്കെ ഗുണത്തേക്കാൾ ഏറെ ദോഷമാണ് ചെയ്യുക. നന്നായിരുന്നു എന്ന് ഉറച്ച വിശ്വാസത്തിൽ തന്നെ പരീക്ഷയെ അടുത്ത് പരീക്ഷയ്ക്കുവേണ്ടി ഒരുങ്ങുകയും നല്ല രീതിയിൽ കൈകാര്യം ചെയ്യുകയും ബാക്കി നമുക്ക് #വരുന്നിടത്ത്_വച്ച്_കാണാം എന്ന് ഉറപ്പിക്കുക.

Leave A Reply

Your email address will not be published. Required fields are marked *