നിങ്ങളുടെ ചുമലുകൾ കാലിയാണോ ?

Ahammed Shareen, Posted on 27 February 2020

കളനാട് നിന്ന് മാങ്ങാട് പോകുന്ന റോഡിൽ ചോയിച്ചികല്ല് എന്ന് പേരിൽ ഒരു സ്ഥലം ഉണ്ട്, ആ പേരിനു പിന്നിലുള്ള കഥ ഇങ്ങിനെയാണ്,
മാങ്ങാട്ടെ കണ്ടത്തിൽ നിന്നും തലച്ചുമടായി വിളവുകൾ കൊണ്ടുവരുമ്പോൾ ഭാരങ്ങൾ ഇറക്കിവച്ച് വിശ്രമിക്കാൻ അവിടെ ഒരു ഉയർന്ന കല്ലുണ്ടായിരുന്നുവത്രെ, അടുത്ത് തന്നെ ചോയിച്ചി എന്ന പേരുള്ള ഒരു സ്ത്രീയുടെ വീടും, രണ്ടുംകൂടിചേർന്നാണ് ആ കല്ലിനു ചോയിച്ചിക്കല്ല് എന്ന പേര് വന്നത്.
കാലം മാറി, തലയിൽ ചുമടുമായി ഇപ്പോൾ ആരും നടക്കാറില്ല. അതുകൊണ്ടുതന്നെ ഇറക്കിവെക്കാനുള്ള കല്ലും വേണ്ട , പക്ഷെ ഇന്ന് നമുക്ക് ചുറ്റുമുള്ളവർ നടക്കുന്നത് അതിലും വലിയ ചുമടുമയിട്ടാണ്, അത് മനസ്സിലാണെന്ന് മാത്രം. അവർക്ക് ഇറക്കിവെക്കാൻ വേണ്ടത് കല്ലുകളല്ല, മനുഷ്യ ചുമലുകളാണ്, നമുക്കത് നൽകാനാകുമോ.? അവരെയൊന്ന് നെഞ്ചോട് ചേർത്ത് പിടിക്കാനാകുമോ?
കസ്റ്റമർ സൈക്കോളജിയിൽ ബാഗേജ് എന്ന കൺസെപ്റ്റ് ഉണ്ട്, Each customer comes with a baggage എന്നാണ്.അതിൽ അയാൾ രാവിലെ മുതൽ അനുഭവിക്കുന്ന എല്ലാ വ്യഥകളും ഉണ്ട്.എണീക്കാൻ വൈകിയതും ബാത്‌റൂമിൽ വെള്ളമില്ലാതിരുന്നതും, ബസിലെ ഇടിയും, ബോസ്സിന്റെ തെറിയും, ടാർഗറ്റ് എത്തത്തതിന്റെ പ്രഷറും, കാശിന്റെ ഞെരുക്കവും അങ്ങിനെ എല്ലാ ഏടാകൂടങ്ങളുമെല്ലാം ഒരു ഭാണ്ഡത്തിൽ നിക്ഷേപിച്ചാണ് നടക്കുന്നത്, മുമ്പിൽ ചിരിച്ചു നിൽക്കുന്ന മനുഷ്യനപ്പുറം ഈ അദൃശ്യ ഭാണ്ഡം പേറുന്ന ഒരാളെയാണ് സെർവ് ചെയ്യുന്നത് എന്നാണിതിന്റെ ചുരുക്കം,
ഒരു അനുഭവം പറയാം, ഒരു വൈകുന്നേരം ജോലി കഴിഞ്ഞ് ഇറങ്ങാൻ നേരം ഒരാൾ വിളിച്ചു. ഒന്ന് കാണണം. പറ്റുമോ. ഇന്ന് തന്നെ കാണണം. ഞാനൊന്നു മടിച്ചു. ഇറങ്ങാൻ സമയമായി നല്ല ക്ഷീണമുണ്ട് വീട്ടിലേക്ക് ഒരു മണിക്കൂർ ഡ്രൈവുമുണ്ട്, അത്യാവശ്യമാണെന്ന് ആവർത്തിച്ചപ്പോൾ ശരി എന്ന് പറഞ്ഞു. ഒരു മണിക്കൂറിനുശേഷം കണ്ടു..നീണ്ടുനിവർന്ന് വലിയൊരു മനുഷ്യൻ വിഷാദം നിറഞ്ഞ മുഖവുമായി വരുന്നു, ചേർത്ത് പിടിച്ച്‌ ഒന്നാശ്വസിപ്പിച്ചു,, കരയണമെന്നുണ്ടെങ്കിൽ കരഞ്ഞോളൂ എന്ന് പറഞ്ഞതും അത് വരെ പിടിച്ചു നിർത്തിയ എല്ലാം കൂടി ഒന്നിച്ചൊഴുകി, കുറെ നേരം ഏങ്ങി ഏങ്ങി കരഞ്ഞു, രണ്ടോ മൂന്നോ തുടർ കാഴ്‌ചകളിലൂടെ ആ വ്യക്തിയുടെ വ്യഥക്ക് ഒരു പരിഹാരമാവാനും സാധിച്ചു.
ഉപദേശിക്കൽ അല്ല കൗൺസിലിങ്, ഒരു പ്രശ്നത്തിനും പരിഹാരം നിർദ്ദേശിക്കുന്ന പ്രക്രിയയും അല്ല, പകരം സ്വയം പരിഹാരങ്ങൾ കണ്ടുപിടിക്കാൻ സഹായിക്കലാണ് അത്, രണ്ടും തമ്മിലുള്ള വ്യത്യാസം കൃത്യമായ ബോധ്യം വേണം. ആശ്വസിപ്പിച്ച് അലമ്പ് ആക്കരുത്. കെട്ടുകാഴ്ച ആവരുത്. മനസ്സിനുള്ളിൽ മാത്രം വിചാരിച്ചു ചെയ്യുക. വാക്കുകളും ശബ്ദങ്ങളും അപ്രസക്തമായി മൗനം വാചാലമാകുന്ന ചില നിമിഷങ്ങൾ ഉണ്ട് , അത് അനുഭവിച്ചവർക്ക് മാത്രം മനസ്സിലാവുന്ന ഒന്നാണ്.

ആശ്വസിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ
1. ഒരു പ്രശ്നവും ഇല്ല എന്ന് പറയരുത്. പ്രശ്നങ്ങൾ ഉണ്ടെന്ന് എല്ലാവർക്കുമറിയാം അത് നിഷേധിക്കുന്നതിലൂടെ അതില്ലാതാവുന്നില്ലല്ലോ. പ്രശ്നം, നിഷേധിക്കുമ്പോൾ നിങ്ങളിൽ ഉള്ള വിശ്വാസവും അടുപ്പവുമാണ് കുറയുക നമുക്ക് പരിഹരിക്കാം എന്ന രീതിയിലാണ് സംസാരങ്ങൾ കൊണ്ടു പോകേണ്ടത്.
2. നല്ലൊരു കേൾവിക്കാരൻ ആവുക. പലപ്പോഴും അവർ പറയുന്നത് കേൾക്കാൻ ആളില്ല എന്നതാണ്. പ്രശ്നം എല്ലാം പറഞ്ഞു തീർന്നാൽ തന്നെ ഒരു ആശ്വാസം ലഭിക്കും. കണ്ണിൽ നോക്കി, ശ്രദ്ധ കൊടുത്ത് ബോധ്യപ്പെടുത്തി നന്നായി കേൾക്കുക.
3. കൈകൾ ചേർത്തു പിടിക്കുക ആലിംഗനം ചെയ്യുക. നല്ലൊരു ആശ്വാസം ആണിത്. അത് നൽകുന്ന ഊർജം വളരെ വലുതാണ്. ഹഗ് മാജിക് എന്ന ഒരു പ്രയോഗം തന്നെയുണ്ട്. .
4 .പ്രാർത്ഥിക്കുക. പ്രാർത്ഥന, ഭരമേൽപ്പിക്കൽ തുടങ്ങിയത് വിശ്വാസികളുടെ വഴിയിലൂടെ നടക്കുന്നവർക്ക് വളരെ വലുതാണ് .

5 താരതമ്യ/ താദാത്മ്യപ്പെടുത്താതിരിക്കുക , സ്വന്തത്തോട് പ്രത്യേകിച്ചും, ഒരു വിഷമം അനുഭവിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അപ്പോൾ ലോകത്തിലെ ഏറ്റവും വലിയ പ്രശ്നം അയാളുടെതും ഏറ്റവും അനുഭവിക്കുന്ന മനുഷ്യൻ അദ്ദേഹവുമാണ്, അത് മറികടക്കുക എന്നതിൽ കൂടുതൽ പ്രാധാന്യം നൽകുക

ഇറക്കിവെക്കാൻ ഭാരങ്ങളുമായി നടക്കുന്നവരുടെ ഇടയിലേക്ക് ചുമലുകളുമായിറങ്ങാൻ നാം ഒരുക്കമാവും എന്ന പ്രതീക്ഷയോടെ,

Leave A Reply

Your email address will not be published. Required fields are marked *