ശമ്പളംഇല്ലാത്തമാസം
Ahammed Shareen, Posted on 7 March 2020
ലോകത്തെ 80 ശതമാനം ആളുകളും മാസശമ്പളം പ്രധാന വരുമാനമായി കാണുന്നവരാണ്, എഴുതുന്ന ഞാനും വായിക്കുന്ന പലരും അതിൽ നിന്ന് മുക്തരല്ല. അത്യാവശ്യം നല്ല സാമ്പത്തിക സ്ഥിതിയുള്ള ഒരു സ്ഥാപനത്തിൽ അല്ലെങ്കിൽ ഗവൺമെൻറ് സർവീസിൽ ഒരു സുരക്ഷിത ജോലി ചെയ്യുകയും അതിലൂടെ ജീവിതം മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുക എന്നത് ഓരോരുത്തരുടെയും സ്വപ്നങ്ങളിൽ പെട്ടതാണ്.
ബാക്കിയുള്ളവരെ നമുക്ക് രണ്ടായി തിരിക്കാം , ഒരു മൃഗീയ ഭൂരിപക്ഷം കച്ചവടക്കാരാണ് .സ്വന്തമായുള്ള സ്ഥാപനങ്ങൾ അതിനു ചെയ്യുന്ന ജോലി അതിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് ജീവിതം മുമ്പോട്ട് പോകുന്നു, മേലധികാരിയില്ല എന്ന ഒരു മികവും ശമ്പളം കൃത്യമായ ഒരു തീയതിയിൽ അല്ല എന്നതും മാറ്റിവച്ചാൽ രണ്ടുപേരും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഇല്ല. അടുത്തത് നിക്ഷേപകരാണ് നിങ്ങളുടെ സമ്പത്ത് നിങ്ങൾ വിവിധ കച്ചവടങ്ങളിൽ നിക്ഷേപിക്കുകയും അതിലുണ്ടാകുന്ന വളർച്ച കൊണ്ട് നിങ്ങൾ ലാഭം കൊയ്യുകയും ജീവിക്കുകയും ചെയ്യുക എന്ന രീതി, ലോകത്ത് ഏറ്റവും കുറഞ്ഞ ആളുകൾ ഉൾപെടുകയും, എങ്കിലോ എല്ലാ അതിസമ്പന്നന്മാരെയും ഉൾകൊള്ളിക്കുകയും ചെയ്യുന്ന വിഭാഗമാണിത്,
വിഷയത്തിലേക്ക് വരാം. നിങ്ങൾക്ക് ഉറപ്പായും ലഭിക്കുമെന്ന് കരുതിയിരുന്ന, ലഭിച്ചിരുന്ന വരുമാനം ഒരുമാസം ലഭിക്കുന്നില്ല എന്ന് സങ്കൽപ്പിക്കുക, ഈ സാഹചര്യത്തെ നേരിടാൻ,അല്ലെങ്കിൽ അതിനായി ഒരുങ്ങാൻ നമുക്ക് എങ്ങിനെയാണ് സാധിക്കുക എന്ന് സൂചിപ്പിക്കാനാണ് ഈ കുറിപ്പ് , ഈ അദ്ധ്യായത്തിലെ ആശയങ്ങൾ അധികവും റോബർട്ട് കിയോസാക്കിയുടെ മോഡലുകളിൽ നിന്നു ആശയം ഉൾക്കൊണ്ടിട്ടുള്ളതാണ് .
#നിങ്ങളുടെഅസറ്റ്എത്ര_ദിവസമാണ് ?
സാധാരണ നാം ഉദ്ദേശിക്കുന്ന ആസ്തി അല്ല ഈ പ്രയോഗത്തിന് അടിസ്ഥാനം, പകരം നിങ്ങൾക് ലഭിക്കുന്ന ശമ്പളം ഈ മാസം ഇല്ലാതായാൽ നിങ്ങൾക്ക് ഇപ്പോഴുള്ള ജീവിതരീതിയിൽ എത്ര ദിവസം/ ആഴ്ച/ മാസം ജീവിതം മുൻപോട്ടു പോകാൻ പറ്റും എന്നുള്ള കണക്കെടുപ്പാണ്. ഈ യാത്രക്ക് ഉപയോഗിക്കാനുള്ള എന്ത് ഇന്ധനമാണ് നിങ്ങളുടെ കയ്യിൽ ഉള്ളത്, നീക്കിയിരിപ്പ് സംഖ്യ ആവാം, എളുപ്പത്തിൽ പൈസ ആക്കി മാറ്റാൻ പറ്റുന്ന സ്വർണം, ബോണ്ട്,സ്റ്റോക്ക് തുടങ്ങിയവയൊക്കെ ഇതിലുൾപ്പെടും. ചോതിച്ചാൽ തിരിച്ചുകിട്ടുമെന്നുറപ്പുള്ള കടം ഇതിൽ പെടുത്താം. എന്നാൽ കടവും, അതേപോലെ പണയം വെച്ചെടുക്കുന്ന ലോണുകളും ഇതിൽ പെടുകയില്ല.
എത്ര ദിവസം നിങ്ങൾക്ക് മുന്നോട്ട് പോകാൻ പറ്റും, 10 ,20, 40 അല്ല 0 ആണോ? ഈ കണക്ക് പ്രധാനമാണ് ഇതിൽ. പൂജ്യം അത്ര മോശം സംഖ്യ അല്ല കേട്ടോ ,നീക്കിയിരിപ്പൊന്നും ഇല്ലെങ്കിലും മാസത്തിൽ തിരിച്ചടക്കാനുള്ള വായ്പകൾ പോലെയുള്ള ഒന്നും നിങ്ങൾക്ക് ഇല്ല എന്നാണ് പൂജ്യം സൂചിപ്പിക്കുന്നത്.
#അളവില്ലാത്തതിന്_കണക്കില്ല
നിങ്ങളുടെ വരവു ചെലവുകൾ എത്രയാണെന്ന് നിർണ്ണയിക്കാൻ പറ്റാതെ നിൽക്കുന്നുണ്ടെങ്കിൽ അതൊന്ന് അടിയന്തരമായി പരിഹരിക്കണം. കൃത്യമായി എഴുതി കണക്കുകൂട്ടി നോക്കൂ. ഒരുപാട് മൊബൈൽ ആപ്പുകൾ ഉള്ള കാലമാണ്, നല്ലത് നോക്കി എടുക്കാം. ഒരു കുടുംബത്തിൽ ഒന്നിലധികം പേർക്ക് വരവും ചെലവും ഉണ്ടെങ്കിൽ അവർക്ക് എല്ലാവർക്കും വൈയക്തികമായി ഉപയോഗിക്കാൻ പറ്റുന്നതും, സംഗ്രഹിച്ചു റിപ്പോർട്ട് തരുന്നതുമായ ആപ്പുകൾ മൊബൈലിൽ ലഭ്യമാണ്. ആവശ്യത്തിനനുസരിച്ച് ഉപയോഗിച്ചാൽ മതി,
#ലീൻ_മാനേജ്‌മന്റ്
വ്യാവസായിക മേഖലയിൽ വലിയ പുരോഗതിക്ക് കാരണമായ ഒരു രീതി ശാസ്ത്രമാണ്. ടൈം മാനേജ്മെന്റിലും ഫിനാൻസ് മാനേജ്മെന്റിലുമൊക്കെ ഇതിനു ഉപയോഗങ്ങൾ ഉണ്ട്, സമ്പത്തിന്റെ തുടക്കം മുതൽ അവസാനം വരെയുള്ള വഴികൾ കൃത്യമായ ബോക്സുകൾ ഉപയോഗിച്ച് രേഖപ്പെടുത്തുകയും അവ റിവ്യൂ ചെയ്യുകയും ചെയുന്ന രീതിയാണിത്, അതിൽ ഓരോ ബോക്സും അത്യാവശ്യവും അനാവശ്യവുമായ കാര്യങ്ങൾ തിരിച്ചറിയുകയും അവ ഒഴിവാക്കുകയും ചെയ്യുക, മാമൂലാധിഷ്ഠിത സാമൂഹിക ക്രമത്തിൽ ജീവിക്കുന്നവർക്ക് ഇതിനു കൂടുതൽ പ്രധാന്യമുണ്ട്, ഒരു പഠനാവശ്യത്തിനായി ജീവിത ചിലവിനെക്കുറിച്ച് ചോദിച്ചപ്പോൾ ഒരു സുഹൃത്ത് പറഞ്ഞ മറുപടി ജീവിക്കാനിത്രയും, മാമൂലിനിത്രയും എന്നായായിരുന്നു.
#വരുമാന സ്രോതസ്സുകൾ വിപുലീകരിക്കുക,
ശമ്പളത്തിന് പുറത്തേക്ക് വരുമാനം ലഭിക്കുന്ന വഴികൾ കണ്ടു നോക്കണം, കടമുറി വാടകയ്ക്ക് കൊടുക്കുക, ട്യൂഷൻ എടുക്കുക തുടങ്ങിയ പരമ്പരാഗത സംവിധാനങ്ങൾ മുതൽ ഫ്രീലാൻസ് ഡിസൈനിങ്ങും എയർ ബിഎൻബി ഹോമുകളും വാട്സ്ആപ്പ് കടകളും ഓൺലൈൻ കച്ചവടങ്ങളും ഒക്കെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും തന്നെയാണ്. വീടുകൾ കേന്ദ്രീകരിച്ചുള്ള കേക്ക്, കോൺഫക്ഷനറി നിർമ്മാണങ്ങൾ തുടങ്ങയവക്ക് പ്രചോദനം നൽകുകയും വേണം. പക്ഷെ കൃത്യമായ പ്ലാനുകൾ ഇല്ലാതെ തുടങ്ങുകയും വെളുക്കാൻ തേച്ചത് പാണ്ടാവൽ ആണ് അധികവും കാണാറുള്ളത്,
# ദിനേന ദാനം ചെയ്യുക.അത് നിങ്ങൾക്ക് സന്തോഷവും ഐശ്വര്യവും നൽകും , തുക വളരെ ചെറുതാകാം, ഭക്ഷണമോ വെള്ളമോ ആകാം, മനുഷ്യർക്കോ മൃഗങ്ങൾക്കോ ആകാം, നല്ല മനസ്സോടെ നൽകുന്നത് എല്ലാം സന്തോഷങ്ങൾ ആയി നിങ്ങൾക്ക് തിരിച്ചു വരും.
#ഒട്ടും_വൈകിയിട്ടില്ല. അയ്യോ ഞാൻ ഒന്നും ചെയ്തില്ലല്ലോ എന്നോർത്താരും ആശങ്കപ്പെടെണ്ടതില്ല, സമയം ഒട്ടും വൈകിയിട്ടില്ല, പ്രത്യേകിച്ച് സംരഭകത്വവും സ്റ്റാർട്ട് അപ്പുകളുമൊക്കെ പ്രോത്സാഹിപ്പിക്കാൻ ഭരണകൂടങ്ങൾ തന്നെ മുൻ കൈ എടുക്കുന്ന ഈ കാലത്ത്, പുതുമയുള്ള ആശയങ്ങളും കൃത്യമായ ആസൂത്രണവും,സാമ്പത്തിക അച്ചടക്കവും ഉണ്ടെങ്കിൽ നമുക്കൊക്കെ വിജയിക്കാം,പ്രായമായില്ലേ എന്ന ചിന്തയും വേണ്ട കേട്ടോ, കെ എഫ് സിയിലൂടെ ലോക സമ്പന്നനായ കേണൽ ആൻഡഴ്സൺ വിജയം കണ്ടെത്തിയത് അറുപത് വയസ്സിനു ശേഷമായിരുന്നു.
ഞാൻ എന്താ ചെയ്യണ്ടേ എന്ന് ചോദിക്കല്ലേ, എല്ലാവർക്കും പാകമാകുന്ന ഒരു വിജയ ഫോർമുല ഇല്ല, അവസരങ്ങൾ നമുക്ക് ചുറ്റും ഉണ്ട്, ഒന്നമർത്തി നോക്കിയാൽ നിങ്ങൾക്കുമത് കാണാൻ ആവും, തീർച്ച
ഇനിയും ഒരുപാട് എഴുതാൻ ഉള്ള വകുപ്പ് ഇതിൽ ഉണ്ടെന്ന് എനിക്കറിയാം അതിനും മേലെയുള്ള അനുഭവങ്ങളും പ്രയോഗങ്ങളും പാഠങ്ങളും നിങ്ങൾക്ക് ഓരോരുത്തർക്കും ഉണ്ടാകും. എല്ലാവര്ക്കും അതൊക്കെ പങ്കുവെക്കാം., പ്ലാനിങ്ങിൽ സഹായം വേണ്ടവർക്ക് (പ്രത്യേകിച്ച് അസറ്റ് നിർണയിക്കുന്നതിൽ സഹായം വേണ്ടവർക്ക്) വ്യക്തിപരമായി ബന്ധപ്പെടാം