രണ്ടെണ്ണം കിട്ടാത്ത_കുറവുണ്ട്
Ahammed Shareen, Posted on 26 October 2019
കുട്ടികളെ തല്ലി പഠിപ്പിക്കാമോ? പറഞ്ഞത് അനുസരിക്കാത്തത്തിന്റെപേരിൽ കുട്ടിയെ തല്ലാൻ പാടുണ്ടോ? 2019ൽ ഈ ചോദ്യം ചോദിച്ചാൽ വലിയ കുഴപ്പമൊന്നുമില്ല പക്ഷെ ഒരു 20 കൊല്ലം മുമ്പാണ് ഈ ചോദ്യം ചോദിച്ചത് എങ്കിൽ ഇതിന്റെ പേരിൽ എനിക്ക് രണ്ടെണ്ണം കിട്ടിയേനെ! പല കാര്യങ്ങളും അങ്ങനെയാണല്ലോ? കാലം മാറ്റിമറിക്കുന്ന ധാരണകൾ, നമ്മുടെ കാഴ്ചകൾക്ക് കാലമാകുന്ന ഒരു ലെൻസ് എടുത്ത് ഫിറ്റ് ചെയ്യുമ്പോഴാണ് ഔട്ട് പുട്ടിനു മാറ്റം വരുന്നത്. ഇന്ന് ജസ്ല മടശ്ശേരി സമരം ചെയ്ത് നേടാൻ ശ്രമിക്കുന്ന സ്വാതന്ത്ര്യം കേരളത്തിലെ നായർ സ്ത്രീകൾ 100 കൊല്ലം മുമ്പ് അനുഭവിച്ചിരുന്നു എന്നും ഖുർആനിലെ വിമർശിക്കുന്ന കൃഷിയിട പ്രയോഗം ആ കാലം അറിയാഞ്ഞിട്ടാണ് എന്നതൊക്കെ ഈ സരണിയിൽ പുതിയതാണ്.വിഷയത്തിലേക്ക് വരാം. കുട്ടി തീരെ പറഞ്ഞിട്ട് കേൾക്കുന്നില്ല എന്നാണ് സാധാരണ പറയാറ്. ശരിക്ക് കേൾവിക്കുറവൊന്നും കുട്ടിക്കില്ല, പറഞ്ഞിട്ട് അനുസരിക്കുന്നില്ല എന്നതാണ് ഉദ്ദേശം, ഞാൻ അനുസരിക്കപ്പെടേണ്ടവനും കുട്ടി അനുസരിക്കേണ്ടവനും ആണെന്ന എന്റെ അധികാര ബോധത്തെയാണ് കുട്ടി ചോദ്യം ചെയ്തിരിക്കുന്നത്? “എന്റെ വാപ്പ പറഞ്ഞിട്ട് ഞാൻ കേട്ടിട്ടില്ല പിന്നെയല്ലേ താൻ” എന്ന ക്ലീഷേ ഡയലോഗിൽ പോലും വാപ്പ പറഞ്ഞാൽ ഞാൻ കേൾക്കേണ്ടതായിരുന്നു എന്ന പൊതുബോധം നിഴലിച്ചു നിൽക്കുന്നുണ്ടല്ലോ?. കുട്ടി അനുസരിക്കാത്തത് എങ്ങനെ ഹാൻഡിൽ ചെയ്യണം എന്നാണ് അടുത്ത പ്രശ്നം. നിങ്ങൾ പറയുന്നത് കുട്ടി അനുസരിക്കുമ്പോൾ നിങ്ങൾ ഒരു അതോറിറ്റി പോയിന്റ് ഗെയിൻ ചെയ്യും, നിങ്ങൾ പറയുന്നത് അനുസരിച്ചില്ലെങ്കിൽ നിങ്ങൾക്ക് ഒരു അതോറിറ്റി പോയിന്റ് നഷ്ടപ്പെടും. ,അത് കൊണ്ട് നിങ്ങൾ പറയുന്നത് ഒരു കുട്ടി അനുസരിക്കാൻ കൂട്ടാക്കുന്നില്ല എങ്കിൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത് പറയുന്നതു നിർത്തുക എന്നുള്ളതാണ്, നിങ്ങൾ പറഞ്ഞോണ്ടിരിക്കുകയും കുട്ടി അനുസരിക്കാതെയും മുമ്പോട്ട് പോയാൽ നിങ്ങളുടെ അതോറിറ്റി പോയിന്റുകൾ നഷ്ടപ്പെട്ടു കൊണ്ടേയിരിക്കുകയും പരിഹാരം ദൂരമാവുകയും ചെയ്യും. അടുത്ത സ്റ്റെപ്പ് ഇതിനെ എങ്ങനെ അഡ്രസ്സ് ചെയ്യണം എന്നുള്ളതാണ്. അതോറിറ്റി വീണ്ടെടുക്കണമെങ്കിൽ കാണിച്ച അനുസരണക്കേടിനു ഒരു അനന്തര ഫലം വേണം. അനന്തരഫലം എന്ന വാക്കുകൊണ്ട് നാം സാധാരണ ഉദ്ദേശിക്കുന്നത് ശിക്ഷിക്കുക എന്നതാണ്. പക്ഷേ അത് ശിക്ഷതന്നെ ആകണമെന്നില്ലട്ടോ. ഇതൊന്നു കൂടി മനസ്സിലാകണമെങ്കിൽ ചെറിയ കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്ന അമ്മമാരെ ശ്രദ്ധിച്ചാൽ മതി. .ഭക്ഷണം കഴിക്കനാം എന്ന ഉത്തരവിനെ അനുസരിക്കാതിരിക്കുന്ന കുട്ടിയോട് അവർ പ്രയോഗിക്കുന്ന അടവുകൾ പലതാണ്, കാക്കക്ക് കൊടുക്കും, അടി കിട്ടും, മോന് വേഗം വലുതാവണ്ടേ , ഫുട് ബോൾ കളിയ്ക്കാൻ ശക്തി വേണ്ടേ ? തുടങ്ങിയവ ഉദാഹരങ്ങൾ മാത്രം. ഇതൊക്കെ മനസ്സിൽ വെച്ച് ആലോചിച്ചാൽ അനന്തരഫലങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് നിങ്ങൾക്ക് പെട്ടെന്നു പിടി കിട്ടും.കുട്ടി മുതിർന്നാൽ , ഒന്നുകൂടെ വികസിച്ച മാനസിക നില ഉണ്ടാവും. അപ്പോഴവൻ /അവൾ അനുസരിക്കാത്തത്തിന്റെ കാരണം എന്നത് കൂടി നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. താല്പര്യമില്ലായ്മ മുതൽ പ്രതികാര വീര്യം നിറഞ്ഞുനിൽക്കുന്നത് വരെയുള്ള അനന്തമായ സാധ്യതകൾക്ക് ഇവിടെ സ്കോപ്പ് ഉണ്ട് . അതിപ്പോൾ ഞാൻ ഇവിടെ എഴുതിയാൽ നീളും പിന്നീട് ഒരിക്കൽ ആവാം.കാരണങ്ങൾ മനസ്സിലാക്കി അഡ്രസ് ചെയ്യുക എന്നതാണ് ഏറ്റവും മാതൃകാപരമായ രീതി, പ്രാധാന്യം കാണുന്നില്ലെങ്കിൽ അത് ബോധ്യപ്പെടുത്തുക, മടി കാണിക്കുന്നെങ്കിൽ പ്രേരണ നൽകുക, ഫലം ആണ് ആഗ്രഹിക്കുന്നതെങ്കിൽഅത് മറികടക്കാൻ ഉതകുന്ന പ്രലോഭനങ്ങൾ ഉണ്ടാക്കുക , തുടങ്ങിയ പരിഹാരങ്ങൾ പ്രയോഗിക്കാം.ഈ അനന്തരഫലങ്ങൾ ഇതിൽ ഒരെണ്ണം മാത്രമാണ് അടി , പക്ഷേ അടി അവസാന ആശ്രയമാണ് . എല്ലാ അടവുകളും പ്രയോഗിച്ച ശേഷം മാത്രമേ അടിക്ക് സ്കോപ്പ് ഉള്ളൂ അടിച്ച ശേഷം പിന്നെ ഒന്നും ചെയ്യാനില്ല. ഈ ലാസ്‌റ് ബസ് കഴിഞ്ഞാൽ പിന്നെ ബസില്ല എന്ന് നന്നായി ഓർക്കണം, അതുകൊണ്ട് തന്നെ അടിയിൽ എത്തിക്കാതെ കാര്യം നടത്തി കൊണ്ടുപോവുക എന്നുള്ളിടത്താണ് നമ്മുടെ മിടുക്ക് കാണിക്കേണ്ടത്.അടിയാണോ അടിയോടുള്ള പേടിയാണോ കൂടുതൽ ഫലം ചെയ്യേണ്ടത് എന്ന് ചോദിച്ചാൽ അടിയോട് പേടിയാണ് എന്നതാണ് ഉത്തരം, അത് ഞാൻ സൈക്കോളജി ക്ലാസ്സിൽ പഠിച്ചതല്ല, പണ്ട് ഉമ്മ പറഞ്ഞു തന്നതാണ്.അനുസരണക്കേടിന്റെ കാരണങ്ങൾ മനസ്സിലാക്കി പരിഹരിക്കുന്നതും അനന്തരഫലങ്ങൾ ഒഴിവാക്കാനുള്ള പ്രേരണകൾ നൽകിക്കൊണ്ട് വിഷയങ്ങൾ നടത്തി എടുക്കുക എന്നതിനുള്ള സാമർഥ്യം കാണിക്കുകയും ചെയ്താൽ ഒരുപാട് വിഷമാവസ്ഥകൾക്ക് പരിഹാരമാകും.ഇനി ഒന്നും നടക്കുന്നില്ലെങ്കിൽ ഒരെണ്ണം പൊട്ടിക്കുക എന്നത് തന്നെയാണ് എന്റെ അഭിപ്രായം, ആയിരം ഓങ്ങിനു അര അടി എന്ന പ്രയോഗം മറക്കരുത് എന്ന് മാത്രം.