പേടിപ്പിക്കാതെ പോടോ
Ahammed Shareen, Posted on 21 December 2019
പഴയൊരു കഥയുണ്ട്, മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളും ചുളിവ് വീണ മുഖവും നരച്ച മുടിയുമുള്ള മുത്തശ്ശി വീട്ടിൽ വന്ന് കയറിയപ്പോഴേക്കും മൂന്നുവയസ്സുകാരൻ കരയാൻതുടങ്ങി. കുടുംബത്തിലെ കാരണവത്തിയാണ് വന്നിരിക്കുന്നത്, എല്ലാവരും സ്നേഹത്തോടെ ചുറ്റും കൂടിയപ്പോഴും കുട്ടി കരച്ചിൽ നിർത്തുന്നില്ല. അടുത്ത് പിടിച്ചു കാരണം ചോദിച്ച അമ്മയോട് വന്ന ആളെ ചൂണ്ടിക്കാണിച്ച് പതിയെ പറഞ്ഞു “ബാഉ” എന്ന് , ഇത് എൻറെ നാട്ടിലെ വാക്കാണ്, ‘മാക്കൻ, ചാക്കു, സ്വാമി,’ അങ്ങിനെ പല വക ഭേദങ്ങൾ ഉണ്ട് ഈ വാക്കിന് , ഭക്ഷണം കഴിക്കാൻ വേണ്ടി അമ്മ പറഞ്ഞു പേടിപ്പിച്ച കഥാപാത്രത്തിന് കുട്ടി മനസ്സിൽ നൽകിയ രൂപവും വന്നുകയറിയ മുത്തശ്ശിയും തമ്മിൽ സാമ്യം ഉണ്ടായതാണ് കരച്ചിലിന്റെ കാരണം.പേടി നല്ലതാണോ ചീത്തയാണോ? എന്തൊരു ചോദ്യം ആണിത് എന്ന് പറഞ്ഞ് എന്നെ കുനിക്കാൻ വരട്ടെ, ജീവിതത്തിൽ നല്ല ബോധത്തിൽ ചെയ്യാൻ പറ്റാത്ത പല കാര്യവും പേടിച്ചാൽ ചെയ്യാൻ പറ്റും , സംശയമുണ്ടെങ്കിൽ ഒരു നായ പിറകെ ഓടിക്കുമ്പോൾ നിങ്ങൾ ഓടുന്ന സ്പീഡ് ഒന്നളന്ന് നോക്കിയാൽ മതി. അമേരിക്കയിൽ ഒരു സായിപ്പ് വീടിനു തീ പിടിച്ചപ്പോൾ ഒരു കൊമ്പു പോലുമില്ലാത്ത മരത്തിന്റെ അമ്പത് മീറ്ററോളം പൊക്കത്തിൽ ഓടിക്കയറിയത് എവിടെയോ വായിച്ചതോർക്കുന്നു, ആശാനെ താഴെ ഇറക്കാൻ ആയിരുന്നു വലിയ പണി. പെട്ടെന്നുയർന്ന പേടി അഭൂതപൂർവമായ കഴിവുകൾ നൽകുന്ന അനേകം കഥകളിലും സംഭവങ്ങളിലും ഒന്നു മാത്രമാണിത്. നിങ്ങൾക്കും അതുപോലെ വ്യക്തിപരമായി പലതും പങ്കുവെക്കാൻ പറ്റിയേക്കാം.മനുഷ്യൻ പേടിച്ചത് ഓരോ കാലത്തും വ്യത്യസ്ത സംഭവങ്ങളെ ആയിരുന്നു . ഇരുട്ടിനെയും കാറ്റിനെയും മൃഗങ്ങളെയും ഒക്കെ ഓരോ കാലത്ത് മനുഷ്യൻ പേടിച്ചിരുന്നു. ഒന്നുകിൽ അതിനെകൂടെ കൂട്ടി, അല്ലെങ്കിൽ അതിലും വലുത് സ്വന്തമാക്കിയാണ് മനുഷ്യൻ അവയെ അതിജയിച്ചത്.ഇരുട്ടിനെ വിജയിച്ചത് മിന്നാമിനുങ്ങിനെ മുതൽ തീകുണ്ഡാരത്തെയും തുടങ്ങി ഓലച്ചൂട്ടിനെയും ഗ്യാസ് ലൈറ്റിലൂടെയും കടന്നു എൽഇഡി വെളിച്ചത്തിന്റെ കൂട്ടുപിടിച്ചാണ്, മിന്നലും മഴയുമൊക്കെ കാരണങ്ങൾ പഠിച്ചും ശാസ്ത്രം വികസിപ്പിച്ചുമാണ് വിജയിച്ചത്. മൃഗങ്ങളെ വിജയിച്ചത് അടച്ചുറപ്പുള്ള വീട് ഉണ്ടാക്കിയിട്ടും വേലി കെട്ടിയുമൊക്കെയാണ് .പേടി മുതലെടുക്കണം, പരീക്ഷ ഉള്ള കുട്ടിയുടെ പേടിയാണ് (അതെത്ര ആവാം എന്ന് നമുക്ക് പിന്നീട് പറയാം) അവനെ കൂടുതൽ തയ്യാറെടുക്കാൻ പ്രേരിപ്പിക്കുന്നത്, അതാണ് കുട്ടിയെ കൂടുതൽ മാർക്ക് ലഭിക്കാൻ കാരണമാക്കുന്നതും,, തോറ്റു പോകുമെന്ന പേടിയാണ് ഓട്ടമത്സരത്തിന്റെ അവസാന ലാപ്പിൽ ഉള്ള ഊർജ്ജം മുഴുവൻ പുറത്തെടുത്ത് വേഗത്തിൽ ഓടാൻ മത്സരാർത്ഥിയെ പ്രാപ്തനാക്കുന്നതും, .പേടിപ്പെടുത്തുന്ന വസ്തുക്കളോട് എല്ലാവരുടെയും പ്രതികരണം ഒരു പോലെ ആവില്ല. മൂർഖൻ പാമ്പിനോട് കളിക്കാൻ മൂന്നുവയസ്സുകാരൻ കാണിക്കുന്ന ധൈര്യവും അതിനെ പിടിക്കാൻ വരുന്ന വാവ സുരേഷിന്റെ ധൈര്യവും ഒരു പോലെയല്ല , ഒന്ന് കാര്യം അറിഞ്ഞിട്ടുള്ളതും അടുത്തത് കാര്യമറിയാതെ ഉള്ളതുമാണ് .ആദ്യത്തേത് അപകടമാണ് ,രണ്ടാമത്തെ ആവശ്യവും.നാം പേടിച്ചാൽ നമ്മളറിയാതെ തന്നെ ശരീരം ഒരുപാട് ,തയ്യാറെടുപ്പുകൾ നടത്തുകയും ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യും, അമിത അളവിൽ അഡ്രിനാലിൽ ഉല്പാദിപ്പിക്കുകയും രക്തത്തിലേക്ക് പ്രസരിപ്പിക്കുകയും ചെയ്യും, ഹൃദയ മിടിപ്പ് കൂടുന്നതും വേഗത്തിൽ ഓടാൻ പറ്റുന്നതുമൊക്കെ ഈ ഹോർമോൺ ഇമ്പാക്ട് ആണ്, ഉൽപാദിപ്പിക്കും ധൈര്യം നൽകുന്ന ഹോർമോൺ ഉൽപാദിപ്പിക്കും പോരാട്ടം നടത്തുന്ന ഹോർമോണുകളുടെ ശരീരം ഒരുപാട് മാറ്റങ്ങൾക്ക് കാരണമാകും.നാം പേടിച്ചു എന്ന് നമ്മുടെ ശത്രുവിന് അത് പെട്ടെന്ന് തിരിച്ചറിയാൻ പറ്റും. മൃഗങ്ങൾ ഈ കാര്യത്തിൽ മിടുക്കരാണ്, ഇരയുടെ ശരീരത്തിലെ ഫെരോമോണുകളുടെ മണം പിടിച്ചാണ് പേടി യുടെ അളവ് മൃഗങ്ങൾ അളക്കുന്നത് . നാട് വിറപ്പിച്ച ഒറ്റയാന്റെ മസ്തകത്തിനു വിരൽ ചൂണ്ടി ചീത്ത പറഞ്ഞു കൊമ്പനെ തിരിച്ചയച്ച കുട്ടിയമ്മയുടെ കഥ, കേരളത്തിൽ നടന്നതാണ് .കുട്ടിയമ്മ പറഞ്ഞപ്പോൾ ആന തിരിച്ചു പോയത് കുട്ടിയമ്മക്ക് പേടി ഇല്ല എന്ന് മനസ്സിലായി അതുകൊണ്ടാണ്. മനുഷ്യൻ എന്നും ഏറ്റവും ഭയപ്പെട്ടിരുന്നത് മറ്റു മനുഷ്യരെ തന്നെയാണ് എന്നത് മറക്കരുത് .. കാലമെത്ര മാറി മറിഞ്ഞിട്ടും നവ നാഗരികതകൾ കടന്നുപോയിട്ടും ഈ പേടി പൂർണമായി മാറ്റാൻ പറ്റിയില്ല എന്നതാണ് പരമാർത്ഥം. ഈ പേടിയെ മനുഷ്യൻ മറികടക്കാൻ എന്നും ശ്രമിച്ചിട്ടുള്ളത് സമാന മനസ്കരെ കൂടെ ചേർത്തിട്ടായിരുന്നു . പേടിയെ നേരിടാനുള്ള നല്ല വഴി പേടിപ്പിക്കുന്നതിനെ പേടിക്കാതെ നേരിടുക എന്നതാണ് .പേടിപ്പിക്കുക എന്നത് പ്രത്യേകിച്ചും ലഭ്യമാകുമ്പോൾ.അത് ഏത് കൊമ്പൻ ആയാലും ശരി കുട്ടിയമ്മ പാഠമാണ് മറക്കരുത്.പേടിയുടെ ഉറവിടത്തിൽ നിന്നതിനെ പിഴുതെറിയാനും ക്ഷേമത്തിന് മാത്രം ഉപയോഗിക്കാനും ആവട്ടെ എന്ന ആശംസിക്കുന്നു വിജയം നേരുന്നു