ഇത്_നിങ്ങൾക്കുണ്ടോ

Ahammed Shareen, Posted on 26 March 2020

കുറച്ചുനേരം ഇത് കിട്ടിയില്ലെങ്കിൽ നിങ്ങൾക്ക് കൈ തരിക്കാറുണ്ടോ? സംഭവം തീർന്നു പോയാൽ മനസ്സിൽ അറിയാതെ ഒരു അസ്വസ്ഥത വളരാറുണ്ടോ? അത് വേറെ ആരെങ്കിലും എടുത്ത് നോക്കിയാൽ അസ്വസ്ഥതപ്പെടാറുണ്ടോ?
പറഞ്ഞത് മദ്യത്തെകുറിച്ചോ മയക്കുമരുന്നിനെ കുറിച്ചൊന്നുമല്ല, എൻറെയും നിങ്ങളുടെയും സന്തതസഹചാരിയായ മൊബൈൽ ഫോണിനെ കുറിച്ചാണ് .ഫോൺ കയ്യിൽ ഇല്ലെങ്കിൽ, ബാറ്ററി തീരാറാവുമ്പോൾ, റേഞ്ച് കിട്ടുന്നില്ലെങ്കിൽ നമ്മുടെ ഫോൺ വേറെ ആരെങ്കിലും എടുത്തു നോക്കുന്നുണ്ടെകിൽ , (അത് എത്ര അടുപ്പമുള്ളവർ ആണെങ്കിലും ശരി,) അസ്വസ്ഥരാകുന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾക്ക് ഉള്ള അസുഖത്തിന് നോമോഫോബിയ എന്നാണ് പറയുക.

മനശാസ്ത്രത്തിൽ ഫോബിയ പല ജാതിയുണ്ട്. മനസ്സിനെ അസ്വസ്ഥതപ്പെടുത്തുന്ന ആശങ്ക വളർത്തുന്ന, തുടർന്ന് ഉയർന്ന ശ്വാസോച്ഛാസം പോലെ ശാരീരിക അസ്വസ്ഥ പ്രകടങ്ങൾക്ക് കാരണമാവുന്ന എല്ലാ കാര്യങ്ങൾക്കും ഫോബിയ എന്നു തന്നെയാണ് പറയുക , ചോര കാണുമ്പോഴുള്ള പേടി (ഹീമോഫോബിയ) മുതൽ തനിച്ചാവുമ്പോൾ ഉള്ള പേടി (ഓട്ടോഫോബിയ) വരെ പലവിധ ഇനങ്ങൾ ഉള്ള ഇതിൽ ഏറ്റവും പുതുതായി ഡിഫൈൻ ചെയ്തിട്ടുള്ളതാണ് നോമോഫോബിയ (NO MObile Phobia).
കാൾ വന്നാൽ ആൻസർ ചെയ്യുക എന്നതല്ല, പകരം ഇടയ്ക്കിടെ ഫോൺ എടുത്ത് സ്ക്രോൾ ചെയ്ത നോക്കുകയും, മെസ്സേജ് വന്നിട്ടുണ്ടോ, സ്റ്റാറ്റസ് എത്ര ആൾ കണ്ടു , ഇൻസ്റ്റയിലും എഫ് ബി അക്കൗണ്ടിലുമൊക്കെ ഒന്ന് കയറി ഇറങ്ങി എന്താ സംഭവിച്ചതെന്ന് നോക്കുക, ചുറ്റും നടക്കുന്നതിനെ കുറിച്ച് ആലോചിക്കാതെ സ്‌ക്രീനിൽ നോക്കി ശബ്ദം ഉണ്ടാക്കുക, തുടങ്ങിയതൊക്കെയാണ് ഇതിന്റെ ഒരു രീതി,
കഴിഞ്ഞ ഒരു 20 കൊല്ലമായി രംഗത്ത് വരികയും കഴിഞ്ഞ പത്ത് വർഷമായി നമ്മുടെ ശരീരത്തിലെ ഒരു അവയവം പോലെ (എക്സ്റ്റൻഡഡ് ഓർഗൻ) ആയി മാറുകയും ചെയ്ത ഒന്നാണ് മൊബൈൽ ഫോൺ. തലയ്ക്ക് അടുത്ത് വച്ചിരുന്ന അലാറം ക്ലോക്ക് മുതൽ വിശേഷ ദിവസങ്ങളിൽ മാത്രം കയ്യിൽ എടുത്തിരുന്ന ക്യാമറ ഉൾപ്പെടെ പലതിനെയും സംഭവം പുറത്താക്കി, നല്ലതു തന്നെ.
പക്ഷേ ഈ ഓർഗൻ നമ്മെ തിരിഞ്ഞുകുത്തി കൊണ്ടിരിക്കുന്നിടത്താണ് കുഴപ്പം സംഭവിക്കുന്നത്. ഒരു ടച് ഫോൺ ഉപയോഗിക്കുന്ന ആൾ ഒരു ദിവസം 2617 തവണ അദ്ദേഹത്തിന്റെ ഫോൺ സ്പർശിക്കുന്നു എന്നാണ് കണക്ക്.
ലോകത്ത് എത്ര പേർക്ക് നോമോഫോബിയ ഉണ്ട് എന്ന് കണക്ക് എൻറെ കയ്യിൽ ഇല്ല. പക്ഷേ ഇത് വായിക്കുന്ന നമ്മൾ പലർക്കും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ നോമോഫോബിയ ബാധിച്ചിട്ടുണ്ട് എന്നത് നിഷേധിക്കാൻ പറ്റില്ല.

നോമോഫോബിയ യുടെ ഒരു ശാസ്ത്രീയ പഠനം നടന്നത് കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ ആണ്. മൊബൈൽഫോൺ സ്ഥിരമായി ഉപയോഗിക്കുന്ന 163 യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്. ഇവരെ രണ്ട് വിഭാഗമായി തിരിക്കുകയും ഒരു വിഭാഗത്തിന് മൊബൈൽ ഫോൺ ഓഫാക്കി സ്വന്തം മുൻപിൽ തന്നെ വെക്കുകയും ചെയ്തു മറു വിഭാഗത്തിന് ഫോണ് കയ്യിൽ നിന്ന് മാറ്റി വെക്കുകയും ചെയ്തു . അവരെ ഒരു മുറിയിൽ കൊണ്ട് പോയി , ഒന്നും സംസാരിക്കാതെ, ഒന്നും ചെയ്യാതെ, ഇരിക്കാൻ വേണ്ടി ആവശ്യപ്പെടുകയും ചെയ്തു. ഓരോരുത്തരും അവരുടെ തോതനുസരിച്ച് അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും മൊബൈൽ എടുത്ത് മാറ്റിയ വിഭാഗത്തിലെ പത്ത് പേരെങ്കിലും ഒരു മണിക്കൂറിനുള്ളിൽ ഉയർന്ന ആശങ്കയുടെ കടന്ന പാനിക് അറ്റാക്കിന്റെ ലക്ഷണങ്ങളിലേക്ക് എത്തി എന്നാതാണ് കണ്ടെത്തൽ
ഫോബിയയുടെ ഉയർന്ന ലെവലിൽ ശാരീരികമായ അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും സ്വാഭാവിക പെരുമാറ്റത്തിൽ നിന്ന് മാറിപ്പോവുകയും ചെയ്യുന്നതിനാണ് പാനിക് അറ്റാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്.
ബാറ്ററി ലെവൽ കുറയുന്ന സമയത്ത് അസ്വസ്ഥപ്പെടുന്നവർക്ക് അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ വേണ്ടി മാത്രം ഒരു ആപ്പ് തന്നെ നിലവിലുണ്ട് എന്ന കാര്യം എത്ര പേർക്കറിയാം, ഡൈ വിത്ത് മി എന്നാണതിന്റെ പേര് , പത്ത് ശതമാനത്തിൽ കുറഞ്ഞ മൊബൈൽ ബാറ്ററി ചാർജ് ഉള്ള ആളുകൾ പരസ്പരം സംസാരിക്കാൻ ആണ് ഈ ഗ്രൂപ്പ് ഉണ്ടാക്കിയത്. പിള്ളേരല്ലേ പിണ്ണാക്ക് അല്ലേ എന്ന മനോഭാവത്തിൽ നിന്ന് സംഭവം പിടുത്തം വിട്ട് കാര്യത്തിലേക്ക് എത്തുന്നു എന്നാണ് ഈ പറഞ്ഞതുകൊണ്ട് സൂചിപ്പിക്കുന്നത്.
നോമോഫോബിയയിൽ നിന്ന് പുറത്ത് വരാൻ താഴെ പറയുന്ന കാര്യങ്ങൾ അവലംബിക്കാം,
1 .മെസ്സേജ് നോക്കലുകൾക്ക് ഇടവേള നിശ്ചയിക്കുക. (അഞ്ച്, പത്ത് മിനുറ്റിൽ തുടങ്ങി മുപ്പത് മിനുറ്റിലേക്ക് വളർത്തി കൊണ്ട് വരിക, നമ്മൾ നോക്കിയില്ലെങ്കിലും ദുനിയാവ് അങ്ങിനെ തന്നെ കാണും,
2. ഒരു അലാറം ക്ലോക്ക് വാങ്ങി ഉപയോഗിക്കുക, അപ്പോൾ പിന്നെ കിടക്കുമ്പോൾ ഫോൺ അടുത്ത് വേണം എന്ന ന്യായം നടപ്പില്ല.
3 .ഭക്ഷണം കഴിക്കാൻ, ജോലി ചെയ്യാൻ ഇരിക്കുമ്പോൾ ഫോൺ ഒരു പത്ത് അടിയെങ്കിലും ദൂരെ വെക്കുക,തൊട്ട് കൂട്ടാൻ ഇത് അച്ചാറല്ല
4. ആരോടെങ്കിലും സംസാരിക്കുമ്പോൾ, കൂടെ ഇരിക്കുമ്പോൾ, അവരുടെ മുഖത്ത് നോക്കുക, ആളുകൾ ചെറുതായാലും വലുതായാലും ശരി.
5 .മുകളിൽ പറഞ്ഞതൊക്കെ നിങ്ങൾക്ക് പറ്റുന്നുണ്ടെകിൽ പരീക്ഷക്ക്‌വുന്ന ഒരു കടും ഇനം ഉണ്ട്, അതാണ് സോഷ്യൽ മീഡിയ ഫാസ്റ്റിംഗ്, ഒരു ആഴ്ചത്തേക്ക് നിങ്ങളുടെ ഫോണിലെ എല്ലാ സോഷ്യൽ മീഡിയ ആപ്പും ഡിലീറ്റ് ചെയ്യുക, ഒരു സാധാരണ ജീവിതം നയിക്കാൻ നിങ്ങൾക്ക് പറ്റുന്നുണ്ടെങ്കിൽ ഈ ഫോബിയയെ നിങ്ങൾ അതിജയിച്ചിരിക്കുന്നു.
മുമ്പുള്ള കുറിപ്പുകളിൽ സൂചിപ്പിക്കാറുള്ളത് പോലെ തന്നെ സഹായം ആവശ്യമായ സമയത്ത് തേടാൻ മടിക്കരുത് നമ്മെ നമുക്ക് തന്നെ പിടിച്ചാൽ കിട്ടുന്നില്ലെങ്കിൽ പിടിക്കാൻ കൂടെ ആരെങ്കിലും വേണ്ടിവരും എന്നത് മറക്കരുത്.

സ്വസ്തി

Leave A Reply

Your email address will not be published. Required fields are marked *