മൈൻഡ് യുവർ ഓൺ ബിസിനസ്

Ahammed Shareen (25 April 2020)

കൊറോണ കാലത്തെ ഭാഗികമായെങ്കിലും അതിജയിച്ച മലയാള നാടിന്റെ വിശേഷങ്ങൾ പറയുന്ന തിരക്കിലാണ് എല്ലാരും, അതിനിടയിൽ കേട്ട ഒരു സംഭവം എടുത്തു പറയണമെന്ന് തോന്നി. അത് ഇങ്ങനെയാണ്. കേരള മോഡൽ ബാക്കി സ്ഥലങ്ങളിൽ വിജയിക്കണമെന്നില്ല .കാരണം എല്ലാവരും എല്ലാവരുടെയും കാര്യങ്ങളിൽ തലയിടുക എന്ന സ്വഭാവം നമുക്ക് മാത്രമേ ഉള്ളൂ. സ്ഥിരം അഞ്ചു മണിക്ക് ബസ് ഇറങ്ങുന്ന

റൈഹാന ഒരു ദിവസം ഏഴു മണി ആയാൽ എന്തേ വൈകിയേ എന്ന് ചോദിക്കാൻ ജംഗ്ഷനിൽ ഉള്ള മുഴുവൻ ആളുകൾക്കും അവകാശമുള്ളവരുടെ നാടാണിത്. ചില്ലറ അസ്ക്യതകൾ ഉള്ള ഒരാളുടെ അടുത്ത് ഒരു പുതിയ പയ്യനെ കണ്ടാൽ അവൻറെ വീട്ടുകാരെ ഒഴിച്ച് മുഴുവൻ നാട്ടുകാരെയും അറിയിച്ച് നാറ്റിക്കുന്ന സദാചാരവാദികളുടെ നാട്. ഈ കരുതലും ശ്രദ്ധയും ആണ് കേരളത്തിന്റെ മൾട്ടി മോഡൽ. ഈ കുറവാണ് ഈ കൊറോണക്കാലത്ത് നാട്ടിൽ ഒരാൾക്കും വിശക്കാതിരിക്കാനും, ഒരു പോസിറ്റീവ് കേസ് വന്നാൽ അവന്റെ പറമ്പിന്റെ അടിയാധാരത്തിൽ സാക്ഷി ഒപ്പിട്ടവനെ വരെ തപ്പിയെടുത്തു കൊറന്റൈൻ ചെയ്യലും നമ്മെ സഹായിച്ചത്.
ബാക്കിയുള്ളവരുടെ കാര്യം അന്വേഷിക്കുക എന്നത് മലയാളികളുടെ നൈസർഗിക ത്വരയാണ്. ലിഫ്റ്റിൽ കയറി കൂടെയുള്ളവരുടെ മൊബൈലിൽ എന്താണെന്ന് നോക്കിയില്ലെങ്കിൽ നമുക്കൊരു സമാധാനം കാണില്ല, പരിചയമില്ലാത്ത ഒരാൾ നമ്മുടെ മുമ്പിൽ കൂടി നടന്നു പോയാൽ പഴയ ഡിഷ് ആൻറിന തിരിയുന്നത് പോലെ കൃത്യമായി തല തിരിക്കാനും ആരുടെയെങ്കിലും നിഴൽ കണ്ടാൽ പോലും ആളും നാളും പറയാനും അവർ റെഡിയാണ്.മലയാളി.
ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട്, അതിൻറെ അർത്ഥം ഇങ്ങനെയാണ് ,മറ്റുള്ളവരുടെ മൂക്ക് തുടങ്ങുന്നിടത്ത് നിങ്ങളുടെ സ്വാതന്ത്ര്യം അവസാനിക്കുന്നു. ശരീരത്തിൽ ഏറ്റവും പുറത്തേക്ക് നിൽക്കുന്ന അവയവമെന്ന നിലയിലാണ് മൂക്കിനെ പറഞ്ഞത് (കുട വയറന്മാർ ക്ഷമിക്കുക) .

തുറിച്ചുനോട്ടം ഈ ഏർപ്പാടിൻറെ ഒരു വകഭേദമാണ് , പൊതുവിൽ നല്ലതല്ലാത്ത ഒരു ശീലം. ആളുകളെ തുറിച്ചു നോക്കുന്നത് അവരുടെ സ്വകാര്യതയിലേക്കുള്ള ഇടപെടലാണ് എന്ന ബോധ്യം വിദേശരാജ്യങ്ങളിൽ ഒക്കെ ശക്തമാണ് .നാം തുറിച്ചു നോക്കുകയും അതിനാരെങ്കിലും അസ്വസ്ഥപ്പെടുത്തുകയും ചെയ്താൽ കാണിച്ചിട്ടല്ലേ നോക്കുന്നത് എന്ന് ഒരു മുടന്തൻ ന്യായവും പറയും. ഈ ഏർപ്പാട് ഏതായാലും ശരിയല്ല.

മറ്റുള്ളരുടെ കാര്യത്തിൽ ഇടപെടുന്നതിന്റെ അതിർത്തി ഏതാണ് എന്ന ചോദിച്ചാൽ അതൊരു കുടുക്ക് ചോദ്യമാണ്. ലക്ഷ്യത്തെ ഉദ്ദേശം വിശദീകരിക്കുന്ന സമയമാണിത് , നേരത്തെ പറഞ്ഞ ഉദാഹരണം എടുക്കാം,വൈകിയതെന്തേ എന്ന ചോദിക്കൽ പെൺകുട്ടി ഇഷ്ടപ്പെടില്ല , പക്ഷെ കുട്ടി വൈകിയാൽ പിതാവ് വന്നു ആദ്യം അന്വേഷിക്കുക ജംക്ഷനിലെ കടയിൽ ആയിരിക്കും, ഇവിടെ പിതാവിന്റെ ലക്ഷ്യം സുരക്ഷയും കുട്ടിയുടേത് സ്വകാര്യതയുമാണ്.
ഈ വിഷയത്തിൽ ഒരു പൊതു ശല്യം ആവാതിരിക്കാൻ താഴെപ്പറയുന്ന കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക.

1 .എല്ലാവരും കൂടി എനിക്ക് എന്തോ പണി തരാൻ ആണ് നടക്കുന്നത് എന്ന ചിന്ത ഉപേക്ഷിക്കുക, എല്ലാവർക്കും അവരുടേതായ ജോലികളുണ്ട്. നിങ്ങളുടെ കാര്യം സംസാരിക്കാനും നിങ്ങൾക്ക് പണി തരാൻ അവർക്ക് നേരമില്ല നമ്മുടെ ഈ ചിന്തയാണ് പലപ്പോഴും എല്ലാവരുടെയും കാര്യങ്ങളിൽ ഇടപെടാനും തടയിടാനും നമ്മെ പ്രേരിപ്പിക്കുന്നത്.

2. ആരാന്റെ കാര്യത്തിൽ അമിതമായ ശുഷ്കാന്തി കുറയ്ക്കുക, ആവശ്യത്തിനും സമയത്തിനും പുറത്തെടുത്താൽ മതി എല്ലാ കാര്യങ്ങളും അന്വേഷിക്കണമെന്നും എല്ലാ കാര്യങ്ങളിലും ഞാൻ ഇടപെടണമെന്നും അഭിപ്രായം പറയണം എന്ന് വിചാരിച്ചു കഴിഞ്ഞാൽ മൊത്തത്തിൽ ബുദ്ധിമുട്ടാകും. തങ്ങളുടെ ഇടപെടൽ ആവശ്യമുള്ള സ്ഥലത്ത് മാത്രം ഇടപെട്ട് സംസാരിച്ചാൽ മതി.

3. സ്വകാര്യതയെ മാനിക്കുക, എന്നെക്കുറിച്ചു ഒരാൾ പറഞ്ഞാൽ ഇഷ്ടപ്പെടാത്ത കാര്യം അയാളെ കുറിച്ച് ഞാൻ പറഞ്ഞാലും ഇഷ്ടപ്പെടില്ലഎന്ന് നല്ല ഉറപ്പുണ്ടാവുക.ഉള്ളതല്ലേ പറയുന്നത് എന്ന് പറയേണ്ട ഇല്ലാത്തത് പറയുന്നത് കള്ളമാവും,
ജീവിതവും ബന്ധങ്ങളും സന്തോഷം നിറക്കാനുള്ള കുറിപ്പുകൾ എഴുതാൻ തുടങ്ങിയിട്ടിപ്പോൾ 33 ആഴ്ചകളാകുന്നു, നിങ്ങൾ ഇത് വരെ നൽകിയ പ്രോത്സാഹത്തിനും പിന്തുണക്കും അകമഴിഞ്ഞ നന്ദി അറിയിക്കട്ടെ, ലോക്ക് ഡൌൺ കാലം തിരക്കുകളുടേത് കൂടിയാണ് , സംഘർഷങ്ങളിൽ ആശ്വാസം തേടി വരുന്നവർ, ഓൺലൈൻ ആയി ദിവസവും നടക്കുന്ന സ്‌മൈൽ @ കോവിഡ് മെഡിറ്റേഷൻ സെഷനുകൾ , ചില്ലറ എഴുത്തുകളും വായനയും എല്ലാം കൊണ്ടും വ്യക്തിപരമായി നിറവിന്റെ കാലം, ക്ഷേമം നേരുന്നു,, ഈ കാലവും നാം അതിജയിക്കും. കൂടുതൽ വിവരങ്ങൾ www.fb.com/livetosmile2020 പേജ് പിന്തുടരൂ, വാട്സാപ്പ് മെസ്സേജുകളും സ്വീകരിക്കും.

Leave A Reply

Your email address will not be published. Required fields are marked *