എന്തിനാണ് മക്കളെ ഇങ്ങനെ പേടിപ്പിക്കുന്നത്?

Irfan Mayippadi, Posted on 25 May 2020

വളരെ വിഷമത്തോട് കൂടിയാണ് റിട്ടയേർഡ് പോലീസ് ഓഫീസർ ഓഫീസിലേക്ക് വന്നത്. രണ്ട് മക്കളാണ് അദ്ദേഹത്തിന്. പെണ്ണിന്റെ കല്ല്യാണം കഴിഞ്ഞു. ആണിന് വയസ്സ് ഇരുപത്തി നാലായി.ഈ ആൺകുട്ടിയാണ് അദ്ദേഹത്തിന്റെ സങ്കടകഥാപാത്രം. ആള് എന്ത് പറഞ്ഞാലും കളവായിപ്പോകുന്നു, ഒരു കാര്യവും കൃത്യതയോടെ ചെയ്യുന്നില്ല, പരസ്പരം വിരുദ്ധങ്ങൾ സംസാരിക്കുന്നു. വിവരണങ്ങളെല്ലാം കേട്ടപ്പോൾ കാര്യം പിടികിട്ടി. പിറ്റേ ദിവസം മകനെയും കൂട്ടി വരാൻ പറഞ്ഞു അവനോടു സംസാരിച്ചു. നമുക്ക് മനസ്സിലായ അതേ കാര്യം തന്നെയാണ് ഇതിന്റെയൊക്കയും കാരണം.
ഇനി പ്രിയപ്പെട്ട സ്നേഹിതരോട് ഒന്ന് ചോദിച്ചോട്ടെ..
രക്ഷിതാക്കളായ നിങ്ങൾ( അച്ഛൻ/അമ്മ) മക്കളെ പേടിപ്പിക്കാറുണ്ടോ?

എന്തിനൊക്കെയാണ് പേടിപ്പിക്കാറുള്ളത്?

പേടിപ്പിച്ചു കാര്യം നേടുന്നതിനെ ക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?

ഉത്തരം മനസ്സിലിങ്ങനെ ആടിക്കളിക്കുകയോ അസ്വസ്ഥപ്പെടുത്തുകയോ ചെയ്യുന്നുണ്ടാവാം. ഏതായാലും ആ കേസിന്റെ ബാക്കി പറയാം.
അദ്ദേഹം തന്റെ പൊലീസ് സ്വഭാവം വീട്ടിൽ മക്കളോടും പ്രയോഗിച്ചു എന്നതാണ് കാരണം. നല്ല ശീലങ്ങളും പെരുമാറ്റവുമൊക്കെ പഠിപ്പിക്കേണ്ടത് വിരട്ടിയും പേടിപ്പിച്ചിട്ടുമൊക്കെയാണ് എന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ് പല രക്ഷിതാക്കളും. സ്കൂൾ അടച്ച് കഴിഞ്ഞാൽ പിന്നെ പല വീടുകളിലും മൂന്നാം ലോക മഹായുദ്ധമാണ് നടക്കാറുള്ളത്. ഉറങ്ങി എണീക്കാൻ വൈകിയത് മുതൽ പായയിൽ മൂത്രമൊഴിക്കൽ ബാത്റൂമിൽ ഉറക്കം തൂങ്ങൽ, കോൾഗേറ്റ് തിന്നൽ, ബ്രഷും പിടിച്ചു ചുമ്മാ ഇരിക്കൽ, വസ്ത്രങ്ങൾ ഊരി വലിച്ചെറിയൽ, നേരാം വണ്ണം ഭക്ഷണം കഴിക്കാതിരിക്കൽ, കളിപ്പാട്ടം പൊട്ടിക്കൽ, ക്ലാസ് കയ്യീന്ന് വീണ് പൊട്ടൽ, ഭക്ഷണം കഴിച്ച സ്ഥലം വൃത്തികേടാകൽ, അയലത്തെ വീട്ടിൽ പോയി അലമ്പാക്കൽ, പഞ്ചസാരയോ പാല്പൊടിയോ കട്ട് തിന്നൽ, തുടങ്ങി യുദ്ധകാരണങ്ങൾ പലതുമാണ്. ഇവയുടെയൊക്കെയും ക്ലൈമാക്സും കാര്യങ്ങൾ നേടലും ഒന്നുകിൽ ഭൂതത്തെ വരുത്തിച്ച്, അല്ലെങ്കിൽ അട്ടഹസിച്ചു വടി പിടിച്ചു ഭീഷണിപ്പെടുത്തിയിട്ട്. പക്ഷേ.. ഒരിക്കലും അത് അത്ര നല്ല ശീലമല്ലട്ടോ..
മുകളിൽ പറഞ്ഞ പല കുസൃതിത്തരങ്ങളും ഉള്ള കുട്ടിയായിരുന്നു ആ പോലീസ് മാമന്റെ ഏക മകൻ. എന്നാൽ ഡ്യൂട്ടിയും കഴിഞ്ഞു വീട്ടിലെത്തിയാൽ ഈ ആൺതരി ഒരു തരത്തിലും അദ്ദേഹം വിചാരിക്കും രീതിയിലുള്ള മനസ്സമാധാനം നലകൂല. പിന്നെ അദ്ദേഹത്തിന് കലി കയറും. ഒടുവിൽ കഴുത്ത് പിടിച്ചു ഈ ചോട്ടയെ ചുമരിൽ പറ്റിക്കും. നല്ലോണം അടിയും കൊടുക്കും. ആളുടെ മനസ്സിൽ അച്ഛൻ ക്രൂരനും ഗുണ്ടയും സർവോപരി അടിപ്രാന്തനുമായി മാറി. അടിയിൽ നിന്നും രക്ഷപ്പെടാനായി ചെക്കൻ കളവുകൾ പറഞ്ഞ് ശീലിച്ചു. പലപ്പോഴും പോലീസ് മാമൻ വിശ്വസിച്ചു. അടിയൊഴിവായപ്പോൾ ആളുടെ വർത്താനം ടോട്ടലി കളവായി മാറി. ഓരോ കാര്യത്തെയും ഭയത്തോട് കൂടി സമീപിച്ച് ശീലിച്ചതിനാൽ ആൾക്ക് ഇപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്യുമ്പോൾ ഭയമാണ്. അടികിട്ടുമോ, അല്ലെങ്കിൽ ചെയ്തത് തെറ്റായിപ്പോകുമോ എന്ന പേടിയിൽ മാത്രം സംസാരിച്ച് ശീലിച്ചതിനാൽ ഒരു ഉത്തരവാദിത്വവും നേരാംവണ്ണം ചെയ്യാനൊട്ടും ആൾക്ക് സാധിക്കുന്നുമില്ല. ആളുടെ ഈ സ്വഭാവവുമൊക്കെ ഒന്ന് ശരിയായിക്കോട്ടെ എന്ന് കരുതി പലരോടും ആവശ്യപ്പെട്ടു മകനെ ഗൾഫിലേക്കയച്ചു. എന്നാൽ അവിടെയും തഥൈവ. ആറ് മാസം കൊണ്ട് കമ്പനി ആളെ തിരിച്ചു നാട്ടിലേക്കു വിട്ടു. കല്യാണം കഴിപ്പിച്ചാൽ ശരിയാകും എന്ന് കരുതി പെണ്ണാലോചിച്ച് തുടങ്ങി. പക്ഷേ ആൾക്ക് കല്ല്യാണത്തെക്കുറിച്ച് ആലോചിക്കുമ്പോൾ തന്നെ പേടിയാണ് പോലും. ഇനിയെന്താണ് ചെയ്യുക എന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെയായപ്പോഴാണ് പോലിസ് മാമന് മോനെ ഒന്ന് നന്നായിക്കിട്ടാനുള്ള വഴിയന്വോഷിച്ച് ഓഫീസിലെത്തിയത്. വഴി പലതും പടിപടിയായി പറഞ്ഞുകൊടുത്തുവെങ്കിലും ഇതിനൊക്കെ പ്രധാന കാരണം ആ തന്തപ്പടി തന്നെയായിരുന്നു. അച്ഛന്മാർക്ക് മാത്രമല്ല അമ്മമാർക്കുമുണ്ട് ഈ പേടിപ്പിക്കൽ സ്വഭാവം. പേടിപ്പിച്ച് കാര്യം നേടൽ കൊണ്ട് തത്കാലം ഒരു പരിഹാരം ഉണ്ടാക്കും എന്നല്ലാതെ അതൊരു ശാശ്വത പരിഹാരമാവുകയില്ല. പിന്നെ പിന്നെ പേടിപ്പിക്കലൊക്കെ അമ്മയുടെ കുരുട്ടുവിദ്യയാണെന്ന് മനസ്സിലാകുന്നതോടെ അവരും അത് ജീവിതത്തിൽ കാര്യങ്ങൾ നേടാൻ പ്രയോഗിച്ചു തുടങ്ങും. തിരിച്ചു രക്ഷിതാക്കളെ പേടിപ്പിക്കും. നമ്മൾ പേടിപ്പിച്ചു കാര്യം നേടിയതിന്റെ ഡബ്ൾ അവർ ഇങ്ങോട്ട് പേടിപ്പിച്ചു നേടും. മൊബൈൽ വാങ്ങിത്തന്നില്ലെങ്കിൽ കെട്ടിത്തൂങ്ങിച്ചാകും എന്ന് പറഞ്ഞു കയറെടുത്ത് പേടിപ്പിക്കും. കൈ മുറിക്കും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തും, ചോറുണ്ണാതെയിരുന്ന് കാര്യം നേടും. ഇങ്ങനെയൊന്നും വരാതെ സൂക്ഷിക്കാൻ രക്ഷിതാക്കളുടെ സ്വഭാവത്തിലാണ് മാറ്റങ്ങൾ ഉണ്ടാവേണ്ടത്. ഭയം ഭീഷണി തുടങ്ങിയവ ഇല്ലാതെയും അനുസരണ പഠിപ്പിക്കാൻ നമ്മെക്കൊണ്ടാവണം. അതിന് ചില പൊടിക്കൈകളൊക്കെ പ്രയോഗിച്ചാലും കുഴപ്പമില്ല. ചെറിയ കുട്ടികളാണെങ്കിൽ ഉള്ള കഥകൾ പറഞ്ഞും, കഥകൾ ഉണ്ടാക്കിപ്പറഞ്ഞും അപകടസാഹചര്യങ്ങളെക്കുറിച്ച് അവബോധം നല്കാം.

വിലക്കുകൾ ഏർപ്പെടുത്തുമ്പോൾ യഥാർത്ഥ വിവരങ്ങൾ മാത്രം നല്കുക. ഉദാഹരണത്തിന് ഇരുട്ടത്ത് പുറത്തിറങ്ങിയാൽ യക്ഷിവരും ഭൂതം വരും എന്നൊക്കെ പറയുന്നതിന് പകരം ഇരുട്ടത്ത് പുറത്തിറങ്ങിയാൽ വല്ല ഇഴ ജന്തുക്കളോ മറ്റോ ഉണ്ടെങ്കിൽ നമുക്ക് കാണാൻ സാധിക്കില്ല എന്നും നമ്മൾ അറിയാതെ ചവിട്ടിപ്പോയാൽ അത് കടിക്കുമെന്നും വേദനയുണ്ടാകുമെന്നും കൃത്യമായി പറഞ്ഞു മനസ്സിലാക്കുക.

ചീത്ത കാര്യവും നല്ല കാര്യമൊന്നും തിരിച്ചറിയാതെ കുട്ടികൾ പലതും ചെയ്യും അതിന് ക്രൂരമായ ആക്ഷൻ എടുക്കുന്നതിന് പകരം കാര്യം സ്ട്രൈറ്റായി പറയുകയാണ് വേണ്ടത്. ഉദാഹരണത്തിന്.
കുഞ്ഞുവാവയെ വേദനിപ്പിച്ചാൽ ഇനി മേലാൽ നിനക്ക് ഇഷ്ടപ്പെട്ട ഈ കളിപ്പാട്ടം തരില്ല എന്നത് പോലെ.

നമ്മൾ അരുതെന്ന് പറയുന്ന കാര്യം കുട്ടി വീണ്ടും ചെയ്യുന്നത് കണ്ടാൽ അവരുടെ ശ്രദ്ധ മാറ്റുന്ന പ്രവർത്തികൾ ചെയ്യാൻ പ്രോത്സാഹപ്പിക്കുക.

ഒരിക്കൽ വ്യക്തികൾ ഇല്ലാത്ത സമയത്ത് അവർ വരും വേഗം തിന്നോളൂ എന്ന് പറഞ്ഞു ശീലിപ്പിക്കരുത്. ഉദാഹരണം അച്ഛനോ അച്ചാച്ചനോ ഇല്ലാത്ത നേരം കുട്ടി ഭക്ഷണം കഴിക്കാതെ വരുമ്പോൾ അവരുടെ പേര് പറഞ്ഞു ഭയം ഇട്ട് കൊടുത്ത് കഴിപ്പിക്കരുത്. കാരണം അത് അവരോടുള്ള മാനസിക അടുപ്പത്തെ ഇല്ലാതെയാക്കും. നല്ലോണം വിശക്കുന്നുണ്ടെങ്കിൽ ആള് കഴിക്കും. ആവശ്യമില്ലാത്ത നേരത്ത് പേടിപ്പിച്ചും അടിച്ചും കഴിപ്പിച്ച് പ്രത്യേകിച്ച് ആ കുട്ടിയുടെ ശരീരിക മാനസിക ഉന്നമനത്തിന് ഒന്നും ലഭിക്കാനും പോകുന്നില്ല. അത് കൊണ്ട് കണ്ടറിഞ്ഞ് പെരുമാറുക. ഒന്നുകൂടി ഉണർത്തുന്നു ഭീഷണിപ്പെടുത്തി കാര്യം നേടുക എന്നത് ഒരു താത്കാലിക പരിഹാരം മാത്രമാണ്. അത് മക്കളുടെ ഭാവിയെ നെഗറ്റീവായി ബാധിക്കും എന്നത് തന്നെയാണ് വാസ്തവം..
നമുക്ക് സ്നേഹിച്ച് സ്നേഹിച്ച് കാര്യം നേടാമല്ലോ.. അതിന് കുറച്ചു ക്ഷമയും സഹനവും ആവശ്യമാണെന്ന് മാത്രം. അത് വേണ്ടുവോളം രക്ഷിതാക്കളിൽ തന്നെയാണല്ലോ ഉള്ളത്. അപ്പോൾ പിന്നെ അതെടുത്ത് പ്രയോഗിച്ചു മാതൃകാ രക്ഷിതാക്കളാകാം..

ജീവിതത്തിൽ ഏറ്റവും പ്രയോജനപ്പെടുന്നതും സന്തോഷം നല്കുന്നതുമായ ലേഖനങ്ങൾ എല്ലാ ആഴ്ച്ചകളിലും ലീവ് ടു സ്മൈൽ പേജിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. വായിച്ചു അഭിപ്രായം പങ്കുവെക്കുമല്ലോ..
പേജിന്റെ ലിങ്ക് ചുവടെ ചേർക്കുന്നു..

https://www.facebook.com/livetosmile2020/

ചെറു പുഞ്ചിരിയോടെ വീണ്ടും അടുത്ത ആഴ്ച കാണാം..
സ്നേഹസന്തോഷത്തോടെ ശുഭം

Leave A Reply

Your email address will not be published. Required fields are marked *