ഉള്ളി തൊലിക്കരുത്
Ahammed Shareen, Posted on 11 November 2019
ഓഫീസ് കഴിഞ്ഞെത്തിയ ഭർത്താവ് ടിവിയും കണ്ടിരിക്കുന്നു കയ്യിൽ ഒരു കപ്പ് ചായയും അടുത്ത് ഭാര്യയും ഉണ്ട്. എല്ലാ കേരളീയ മധ്യവർഗ കുടുംബങ്ങളിലും ഉള്ള ഒരു ക്ലീഷേ സീനാണ് ഇത്. മൊബൈലിൽ ഒരു കോൾ വന്നു ഭർത്താവ് ഫോൺ എടുത്തു പുറത്തേക്കു പോയി ഒരു പത്ത് മിനിറ്റ് കഴിഞ്ഞ് ആൾ തിരിച്ചെത്തി. ഭാര്യയുടെ മുഖത്ത്. പഴയ ബ്രൈറ്റ്നസ് ഇല്ല .കുറച്ച് വെളിച്ചം കുറഞ്ഞിട്ടുണ്ട് ആരായിരുന്നു? ആരാണ് വിളിച്ചത് ?, സുജാതൻ ആണ് .ഓഫീസിൽ കൂടെയുള്ള ആളാണ് , അവർക്കറിയാം എന്തിനാണ് വിളിച്ചത് ? അടുത്ത ചോദ്യം ഒരു ആവശ്യമുണ്ടായിരുന്നു. എന്തായിരുന്നു ആവശ്യം ചോദ്യം തുടർന്നു.ഭർത്താവ് നിശബ്ദത പാലിച്ചു എന്താണ് ആവശ്യം? അഞ്ച് മണി വരെ കൂടെ ഉണ്ടായിരുന്നില്ലേ? അതിനുശേഷം എന്താണ് ആവശ്യം, അതും ഞാൻ അറിയാൻ പറ്റാത്ത എന്താവശ്യം ആണുള്ളത് ,എന്താണ് എന്നോട് പറഞ്ഞാൽ …സീൻ ഇച്ചിരി ഡാർക് ആയി! നീ അത് വിട് , പിന്നീട് ഞാൻ പറയാം എന്ന് കടുപ്പിച്ചു പറഞ്ഞിട്ടാണെങ്കിലും ഭർത്താവ് വിഷയം തത്ക്കാലം അവസാനിപ്പിച്ചു ഈ മാസത്തെ കുറി എനിക്കായിരുന്നു അത് അവന് ഒന്ന് തിരിക്കാൻ വേണം, അത് ചോദിക്കാനാണ് വിളിച്ചത് .എന്തോ അത്യാവശ്യം ഉണ്ടെന്ന് ,മടിച്ചു മടിച്ചാണ് ചോദിച്ചത്. ഞാൻ ചെയ്യാം എന്നും പറഞ്ഞു.അവൾ അറിഞ്ഞാൽ സന്തോഷത്തോടെ കൊടുക്കാൻ സമ്മതിക്കുകയുമില്ല, കൊടുത്താൽ തന്നെ തിരിച്ചു തരുന്നത് വരെ സ്വൈര്യം തരുകയും ഇല്ല.ഇത് സുജാതൻ ആയതുകൊണ്ട് ഇങ്ങനെ തീർന്നു.സുജാത ആയിരുന്നെങ്കിൽ ചോദ്യങ്ങളുടെ കളർ ഇച്ചിരി മാറി വന്നേനെ, കഥ മറിച്ചും സംഭവിക്കാം ഭാര്യയെ സുമ വിളിച്ചാലും ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെ ആവും മുമ്പോട്ട് പോവുക .ചിലർ അങ്ങനെയാണ്, ഓരോ വിഷയത്തിലും വിശദീകരണം വേണം . ഓരോ അടുക്കും പൊളിച്ചടുക്കി അറിയണം .എന്തിനാണ് എങ്ങനെയാണ് അതിനപ്പുറം എന്തായി എന്തേ അങ്ങനെയായി ചോദ്യങ്ങളുടെ ഘോഷയാത്രയാണ് അറിഞ്ഞാൽ മാത്രം പോര അഭിപ്രായങ്ങളും പറയാനുണ്ടാകും, അദ്ദേഹത്തിന് എന്നോട് അത് പറയാൻ താത്പര്യമുണ്ടോ? ഞാൻ അതറിഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ? എന്നൊന്നും നോട്ടമില്ല, രാവിലെ തുടങ്ങും ചോദ്യങ്ങളുടെ ചാട്ടയുമായി ആളുകളെ പൊരിക്കാൻ, പണ്ട് എനിക്കൊരു മേലാപ്പീസർ ഉണ്ടായിരുന്നു. കുറച്ചു കാലം അദ്ദേഹത്തിൻറെ കൂടെ ജോലി ചെയ്തിട്ടുണ്ട്. ആള് പുലിയാണ് പക്ഷേ ഉള്ളി തൊലിക്കുന്നതിന്റെ ആശാനാണ് .ഒരു സംഭവം കയ്യിൽ കിട്ടിയാൽ അതിനെ പൊളിച്ചടുക്കും. ഒരു കാര്യം പറഞ്ഞാൽ അതിനകത്ത് നൂറു ചോദ്യങ്ങളും ഉണ്ടാകും, ഉത്തരങ്ങൾ അറിയില്ല എന്ന് പറഞ്ഞാൽ അതൊക്കെ പഠിച്ചു തിരിച്ചുവരവിനായി ഉത്തരവിടും. അതോടുകൂടി ആ ഭാഗത്തേക്ക് പോകാൻ ആർക്കും തോന്നുകയില്ല. ഉള്ള കാര്യങ്ങൾ തന്നെ ഇങ്ങനെയാണ്. പുതിയ ആശയങ്ങൾ പറഞ്ഞാലോ ചോദ്യങ്ങളുടെ ഘോഷയാത്രയാകും അതുകൊണ്ടുതന്നെ പുതിയ ആശയങ്ങളും ആരും ആ വഴിക്ക് അടുക്കുകയില്ല. ഡെവിൾ ലൈസ് ഇൻ ഡീറ്റെയിൽസ് എന്ന ചൊല്ലുണ്ട് ഇംഗ്ലീഷിൽ. കാര്യങ്ങൾ അറിയണമെന്നുണ്ടെങ്കിൽ വിശദാംശങ്ങളിലേക്ക് പോകണമെന്നാണ് എന്നാണിതിന്റെ ആശയം . പക്ഷേ എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത് ആവശ്യമില്ലാത്ത വിശദീകരണങ്ങൾ ചോദിക്കുന്നവർ പൈശാചികമാണ് എന്നാണ്. ഖുർആൻ വൈയക്തിക ബന്ധങ്ങൾ വിശദീകരിക്കുന്നിടത്ത് ഉപയോഗിച്ച ഒരു പ്രയോഗം നിങ്ങൾ ചുഴിഞ്ഞന്വേഷിക്കരുത് എന്നാണ്, പഴയ ഒരു മങ്ങാട്ടച്ചൻ കുഞ്ഞായിൻ മുസ്‌ലിയാർ കഥയുണ്ട്,, ഒരാൾ പറഞ്ഞതിനൊക്കെ അടുത്ത ആൾ തിരിച്ചു ചോദിക്കുക “എന്നിട്ടെന്തായി? കുറേ ഉത്തരങ്ങൾ പറഞ്ഞു, ഒരു മാതിരി ആക്കലാണെന്നു മനസ്സിലായപ്പോൾ പിന്നീടുള്ള ഉത്തരങ്ങൾ “ബ്ലും” എന്നാക്കി മാറ്റി. അടുത്ത ഒരു അഞ്ച് ചോദ്യങ്ങളുടെ ഉത്തരം ബ്ലും ആകുമ്പോൾ സംഭവം അവിടെ നിൽക്കുംപരസ്പരം പറയുന്നത് വിശ്വസിക്കണം അതുമായി മുന്നോട്ടു പോകണം ആവശ്യമില്ലാത്ത ക്വിസ് പ്രോഗ്രാം നടത്തിയിട്ട് സമയം കളയാൻ നിൽക്കരുത്. പരസ്പര സ്നേഹം നിലനിൽക്കാൻ പലതും അറിയാതിരിക്കലാണ് നല്ലത് എന്ന് മനസ്സിലാക്കി മുന്നോട്ടുപോവുക.