മരണത്തിലേക്ക്_നടന്നടുക്കുന്നവർ

Ahammed Shareen, Posted on 16 November 2019

കഴിഞ്ഞ ആഴ്ചയിൽ മനസ്സിനെ നൊമ്പരപ്പെടുത്തിയ രണ്ടു മരണ വാർത്തകളുണ്ടായിരുന്നു. മദ്രാസ് ഐഐടി വിദ്യാർത്ഥിനി ഫാത്തിമയും. കണ്ണൂർ സ്വദേശിനിയായ ആഷ്മി ചന്ദനയും. രണ്ട് വിദ്യാർത്ഥിനികളും സ്വയം ജീവനൊടുക്കുകയായിരുന്നു എന്നാണ് കൂടുതൽ വേദനാജനകമായ ഭാഗം.ലോകാടിസ്ഥാനത്തിൽ തന്നെ ആത്മഹത്യാനിരക്ക് കൂടുതൽ ഉള്ള ഒരു രാജ്യമാണ് നമ്മുടെ ഇന്ത്യ , 100000 മരണങ്ങളിൽ പതിനാറും ആത്മഹത്യകളാണ് , ലോകത്ത് പത്തൊമ്പതാം സ്ഥാനമാണ് നമുക്കിതിൽ . അയൽരാജ്യങ്ങളായ പാകിസ്ഥാനും ബംഗ്ലാദേശും മുന്നിലും നാലിലും നിൽക്കുമ്പോഴാണ് നമ്മുടെ പതിനാറ് എന്നോർക്കുക.ഇന്ത്യയുടെ ആത്മഹത്യയിൽ ഉയർന്നുനിൽക്കുന്ന ഒന്നായി മാറിയിരിക്കുന്നു വിദ്യാർത്ഥി ആത്മഹത്യകൾ. മില്ലേനിയൽ എന്ന് നാം വിളിക്കുന്ന രണ്ടായിരമാണ്ടിന് ശേഷമോ അതിനടുത്തോ ജനിച്ച ആളുകൾ സ്വയം ജീവനൊടുക്കുന്നത് വളരെ ആശങ്കാജനകമായ രീതിയിൽ വളർന്നുകൊണ്ടിരിക്കുന്നു. ലഭ്യമായ കണക്കുകൾ അനുസരിച്ച് ഓരോ മണിക്കൂറിലും ഓരോ വിദ്യാർത്ഥി ആത്മഹത്യ ചെയ്യുന്നുണ്ട് എന്നാണ്. പ്രായാധിക്യവും മാരകരോഗങ്ങളും പോലെയുള്ള മറ്റു മരണകാരണങ്ങൾ കുറവായതിനാൽ അവർക്കിടയിലുള്ള ഒരു പ്രധാന മരണകാരണമായി ആത്മഹത്യ മാറുകയും ചെയ്യുന്നു.വിദ്യാർത്ഥികളെ ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങൾ ഇവയാണ് 1. അസ്വാരസ്യങ്ങളോട് പൊരുത്തപ്പെടാൻ സാധിക്കാതെ വരിക .2. പരാജയം/ പരാജയ /നഷ്ടപ്പെടുന്നതിന്റെ ഭീതി 3 .സാമൂഹികമായ ഒറ്റപ്പെടലുകൾ , എനിക്കാരുമില്ല/എന്നെ മനസ്സിലാക്കാൻ ആരുമില്ല എന്ന ചിന്ത. 4 പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സാധിക്കാതെ വരിക. ലഭ്യമായ വാർത്തകൾ അനുസരിച്ച് മദ്രാസ് ഐഐടി എന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ കഴിഞ്ഞ ഒരു വർഷത്തിൽ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണ് ഫാത്തിമയുടേത്. നമ്മുടെ അഭിമാനമായി നാം കാണുന്ന മറ്റു ഐ ഐ ടി കളുടെയും ഐ ഐ എമ്മുകളുടെയും കഥ വ്യത്യസ്തമല്ല എന്ന് കൂടുതൽ പഠിച്ചാൽ മനസ്സിലാകും. ജീവിതത്തിൽ ആഗ്രഹിച്ചതൊക്കെ നേടിയ, വിജയങ്ങൾ മാത്രം ലഭിച്ച മിടു മിടുക്കരായ വിദ്യാർത്ഥികൾ ഇവിടെയത്തുന്നതോടുകൂടി എന്തു കൊണ്ട് ജീവനൊടുക്കുന്നു എന്ന് നാം ആശങ്കപ്പെടണം.മലയാളികൾ പൊതുവേ ടെൻഷൻ മരങ്ങളാണ് . പാകിസ്ഥാനികൾക്ക് പ്രത്യേകിച്ച് പട്ടാണികൾക്ക് കഷണ്ടി കുറവാണ്. അതിനൊരു കാരണമായി പറയാറുള്ളത് അവർ കൂടുതൽ ടെൻഷൻ എടുക്കാത്ത ഒരു ജാതിയാണ് എന്നതാണ്. എന്റെ സുഹൃത്ത് അസ്ഫർ ഒരിക്കൽ പറഞ്ഞ തമാശയുണ്ട് .’ഒരു റസ്റ്റോറണ്ടിൽ കഷണ്ടി ഉള്ള ഒരു പട്ടാണി ഇരുന്ന് ചായ കുടിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം കമ്പനിക്കിരുന്നപ്പൊൾ ചോദിച്ചത്രെ. എന്തുപറ്റി, സാധാരണ നിങ്ങളുടെ നാട്ടുകാർക്ക് ഇങ്ങനെ കഷണ്ടി ഉണ്ടാവാറില്ലല്ലോ ? അദ്ദേഹം പറഞ്ഞ മറുപടി ഞാനൊരു മലയാളി കമ്പനിയിലാണ് ജോലി ചെയ്യുന്നത് എന്നാണ് .”മലബാരി ബഹുത് ടെൻഷൻ ദേത്താ ഹൈ !”പരിഗണനാ മോഹികൾ ആണ് നമ്മുടെ കുട്ടികൾ .നാം പരിഗണിക്കുന്നത്തിന്റെ ആശാന്മാരും. മത്സരങ്ങളിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പ്രോത്സാഹന സമ്മാനം നൽകി തുടങ്ങുന്ന ഈ പരിഗണന സ്വന്തം ജീവിതത്തിൽ ചെറിയ അവഗണകൾ നേരിടാനുള്ള കഴിവ് ഇല്ലാത്തവരായി നമ്മുടെ കുട്ടികളെ കൊണ്ടെത്തിക്കുന്നു. നമ്മുടെ പ്രതീക്ഷകളുടെയും ഒരിക്കലും നടക്കാത്ത മനോഹര സ്വപ്നങ്ങളുടയും ഭാണ്ഡങ്ങൾ പേറുന്ന കഴുതകളാക്കി നാം മക്കളെ മാറ്റുന്നു.#മക്കളിൽ_വളർത്തേണ്ട_ചിന്തകൾ its OK to fail ,പരാജയപ്പെടുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ലെന്നും നേടിയാലും കളഞ്ഞാലും നീ ഞങ്ങളുടെ മോൻ/മോൾ തന്നെയാണെന്നും കുട്ടിയോട് പറയണം. ഞാൻ തിരിച്ചു പോയാൽ എന്ന് ചേർത്ത് പിടിക്കാൻ ഒരു സമൂഹമുണ്ട് എന്ന ഒരു സുരക്ഷിതത്വബോധം നമുക്ക് നൽകാൻ സാധിക്കണം. പോനാൽ പോകട്ടും പോടാ എന്ന് ജീവിതത്തിലെ പരാജയങ്ങളോടും പരീക്ഷണങ്ങളോറൂം പറയാനുള്ള ധൈര്യവും നമ്മുടെ കുട്ടികൾക്ക് ഉണ്ടാവണം.സ്വന്തം ജീവനേക്കാൾ വലുതല്ല നഷ്ടപ്പെട്ടുപോകാവുന്ന ഒന്നും എന്ന ഉറച്ച ബോധ്യം കുട്ടികളിൽ ഉണ്ടാക്കാൻ കഴിഞ്ഞാൽ വിദ്യാർത്ഥി ആത്മഹത്യകൾ കുറക്കാൻ നമുക്ക് സാധിക്കും…NB : എഴുതിയതിൽ വന്ന ചില അബദ്ധങ്ങൾ പ്രിയ സുഹൃത്തുക്കൾ അബ്ദുൽ റഹീം, ഷറഫ് എന്നിവർ ചൂണ്ടിക്കാണിച്ചതിന്റെ അടിസ്ഥാനത്തിൽ തിരുത്തിയിട്ടുണ്ട്, നന്ദി അറിയിക്കുന്നു

Leave A Reply

Your email address will not be published. Required fields are marked *