നിങ്ങൾ_എന്തിനാണ് ചൂടാവുന്നത്

Ahammed Shareen, Posted on 7 December 2019

കുറച്ചു വർഷങ്ങൾക്കു മുമ്പ്ജോലിക്കു വേണ്ടി ഒരു ഇൻറർവ്യൂ ഉണ്ടായിരുന്നു. അബുദാബി ഇസ്ലാമിക് ബാങ്കിലാണ് എന്നാണെന്റെ ഓർമ്മ. വിളിയും കാത്തിരുന്ന എന്നെ ഒരാൾ വന്നു അയാളുടെ ഡസ്കിലേക്ക് കൂട്ടിക്കൊണ്ടുപോയി സംസാരം തുടങ്ങി. കുറേ കാര്യങ്ങൾ ചോദിക്കും ഞാൻ ഉത്തരം പറയും. പക്ഷേ ഓരോ രണ്ടുമിനിറ്റ് കഴിയുമ്പോഴും പുട്ടിന് തേങ്ങയിടുന്ന പോലെ ഒരു ചോദ്യം ആവർത്തിക്കും Ahmed, Do you get angry very fast?ഞാൻ “NO” എന്ന് ഉത്തരം പറയും. ഒരു 15-17 പ്രാവശ്യം ചോദിച്ചു എന്ന് തോന്നുന്നു, അപ്പോൾ തന്നെ എനിക്ക് മനസ്സിലായി എന്റെ ശബ്ദം കൂടി വരുന്നുണ്ട് എന്ന്. നിങ്ങൾക്കും ഇത് വേറെ ഒരാളിൽ പരീക്ഷിക്കാം, നേരത്തെ അറിയിക്കാതെ വേണം എന്നേയുള്ളൂ. 10-15 പ്രാവശ്യം ആവുമ്പോഴേക്ക് ആളുകൾ ചൂടാവുന്നത് കാണാം..നിങ്ങൾക്ക് ഒരിക്കലും ദേഷ്യം വരരുത് എന്ന് ഞാൻ പറയില്ല, ദേഷ്യം വരുന്നത് കൊണ്ട് എന്താണ് കാര്യം എന്ന് ആലോചിക്കുന്നത് നല്ലതാണ്. ദേഷ്യം വരുമ്പോൾ നമ്മുടെ മനസ്സുകൾ അകലും എന്നാണ് പറയുന്നത്. അതുകൊണ്ടാണത്രെ നമ്മൾ അടുത്തുള്ളവരോട് പോലും ശബ്ദമുയർത്തി സംസാരിക്കുന്നത് ,കേൾവിയാണ് , എത്ര ശരിയുണ്ടെന്നറിയില്ല . ദേഷ്യം മാനേജ് ചെയ്യുന്നതിനെ കുറിച്ച് എഴുതാൻ എളുപ്പമാണ് പക്ഷേ ചെയ്യാൻ അത്ര എളുപ്പം അല്ല എന്നതാണ് സത്യം. ഗുസ്തിയിൽ ജയിക്കുന്നവനല്ല ദേഷ്യം നിയന്ത്രിക്കുന്നവൻ ആണ് ശക്തൻ എന്നൊരു പ്രവാചക വചനമുണ്ട് സംഭവം സിമ്പിൾ അല്ല എന്നതാണ് ഇതിലെ സൂചന.മൂന്നു പ്രശ്നങ്ങളുണ്ട് ഇവിടെ, നമുക്ക്. എങ്ങനെ ദേഷ്യം വരാതിരിക്കാം. ദേഷ്യം വന്നാൽ എങ്ങനെ പ്രകടിപ്പിക്കാതിരിക്കാം പ്രകടിപ്പിച്ചാൽ തന്നെ എങ്ങനെ മറ്റുള്ളവരെ ബാധിക്കാതിരിക്കാം.ഒന്നാമത്തേത് എങ്ങിനെ ദേഷ്യം വരാതിരിക്കാം എന്നതാണ്, സ്ഥിരം ഒരാൾക്ക് ദേഷ്യം വരുന്ന കാര്യങ്ങൾ ഉണ്ടെങ്കിൽ അതിൽ നിന്ന് മാറി നിൽക്കാം, വേണമെങ്കിൽ മറ്റുള്ളവരോട് പറയുകയും ചെയ്യാം. ചെരിപ്പ് ഉരച്ചു നടക്കുന്നത് കേട്ടാൽ എനിക്ക് ദേഷ്യം വരും എന്നത് നല്ല ഒരു ഉദാഹരണമാണ്, എന്നോട് കള്ളം പറയരുത് കള്ളം പറഞ്ഞാൽ എനിക്ക് ദേഷ്യം വരും എന്ന് ഞാൻ കുട്ടികളോട് പറയാറുണ്ട്. രണ്ടാമത്തേത് ഒരു ലോജിക്കൽ ചിന്തയാണ്. ഈ സംഭവം എങ്ങനെ എന്നെ ബാധിക്കുന്നുവെന്ന് ആലോചിക്കുക, വല്ലാതെ ബാധിക്കാത്ത കാര്യമാണെങ്കിൽ ഒഴിവാക്കി വിടാൻ ശീലിക്കുക. അടുത്തത് അതിലും ലോജിക് കൂടിയ ഇനം ആണ്. ഞാൻ ചൂടായിട്ട് വല്ല കാര്യവും ഉണ്ടോ എന്ന് ആലോചിക്കുക കയ്യിൽ നിന്ന് വീണു പൊട്ടിയ ഗ്ലാസ് ഞാൻ ചൂടായാൽ തിരിച്ചു വരില്ല എന്നും കളഞ്ഞു പോയ താക്കോൽ തിരിച്ചു കിട്ടുകയുമില്ല എന്നും മനസിലാക്കുക ,പിന്നെ എന്തിനാ വെറുതെ ചൂടാവുന്നത് എന്ന് ആലോചിക്കുക. പക്ഷേ ഇവിടെയും പ്രശ്നമുണ്ട് ആലോചന ഓട്ടോറിക്ഷയിലാണ് വരാറ് ദേഷ്യം ആണെങ്കിൽ എയറോപ്ലയിനിലു,. ആലോചന വന്നു എത്തുമ്പോഴേക്ക് ദേഷ്യം വന്ന് പൊട്ടിത്തെറിച്ച് കഴിഞ്ഞിട്ടുണ്ടാകും.അടുത്തത് ദേഷ്യം പ്രകടിപ്പിക്കുന്ന രീതിയാണ് പല്ലു ഉരുമ്മിയും കണ്ണ് ഉരുട്ടിയും ഒക്കെ ഉള്ള പ്രകടനങ്ങൾ, പ്രഷറും ഹൃദയമിടിപ്പും ഒക്കെ കൂട്ടും. ഒരു സ്വയം പീഡനശ്രമം അല്ലാതെന്താ. ശബ്ദമുയർത്തി സംസാരിക്കുക , ഡെസ്കിൽ കൈകൊണ്ട് പിടിക്കുക തുടങ്ങിയ ശബ്ദമലിനീകരണം ഉണ്ടാക്കുന്ന ഒരു ടൈപ്പ്. അതാണ് രണ്ടാമത്തേത്. ചീത്ത പറയുക, കൈ വെക്കാൻ ശ്രമിക്കുക, തുടങ്ങിയ ഒരു മൂന്നാം തരം ഉണ്ട്. ബന്ധങ്ങൾ ഉലയാൻ വളരെ നല്ലതാണ് ഇത്. ഇത് ആളും തരവും നോക്കി ചെയ്തില്ലെങ്കിൽ തടി കേടാവാനും മതി. #വന്ന ദേഷ്യം നിയന്ത്രിക്കാനുള്ള രീതികൾ സാഹചര്യങ്ങളിൽ നിന്ന് മാറി നിൽക്കുക ദേഷ്യം വർധിപ്പിക്കുന്ന കാര്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുക. സന്തോഷം നൽകുന്ന വല്ലതിലും ഏർപ്പെടുക ,ഇരിക്കാൻ ശ്രമിക്കുക, ഒരു ചോക്ലേറ്റ് എടുത്തു കഴിച്ചാൽ സാധാരണഗതിയിൽ സന്തോഷം ഉണ്ടാവുകയും ദേഷ്യം കുറയുകയും ചെയ്യാറുണ്ട്. ഒന്നു നടക്കുക, ഓടുക തുടങ്ങിയ ശാരീരികമായ അധ്വാനങ്ങൾ , ദേഷ്യത്തിന്റെ അളവ് കുറയ്ക്കുകയും നമ്മളുടെ പ്രകടനത്തിനുള്ള വഴി കളയുകയും ചെയ്യും. പരിചയത്തിലുള്ള വ്യക്തികളോട് ആണ് ദേഷ്യം തോന്നുന്നതെങ്കിൽ , അവർ നൽകിയ നല്ല സമയങ്ങളെ (Good Times) കുറിച്ച് ഓർക്കുക ഇത് മനസ്സിൽ വരുന്നതോടുകൂടി അവരോടുള്ള ദേഷ്യം കുറഞ്ഞുവരും.ഈമെയിൽ/ ടെക്സ്റ്റ് ആണെങ്കിൽ നിങ്ങൾക്ക് അയക്കാൻ ഉള്ള മെസ്സേജ് ഡ്രാഫ്റ്റ് ചെയ്യുക അയക്കരുത്, 24 മണിക്കൂർ കഴിഞ്ഞ് ഒന്നുകൂടി വായിച്ചുനോക്കുക മിക്കവാറും നിങ്ങളത് അയക്കില്ല.. ഈ വിഷയത്തിൽ കുറച്ചു കൂടി പറയാൻ ഉണ്ട് ദീർഘം ഭയക്കുന്നു ഒരു രണ്ടാം ഭാഗം പേടിക്കണം.

Leave A Reply

Your email address will not be published. Required fields are marked *