ശ്ശെ_വേണ്ടായിരുന്നു…

Ahammed Shareen, Posted on 14 December 2019

എല്ലാ പ്രവർത്തനങ്ങൾക്കും തുല്യവും വിപരീതവുമായ പ്രതിപ്രവർത്തനം ഉണ്ടാകും (Every action has an equal and opposite reaction) ഇത് ഊർജ തന്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ ഒന്നായാണ് ഗണിക്കുന്നത്,എങ്കിൽ സ്നേഹതന്ത്രത്തിൽ ചെറിയൊരു മാറ്റമുണ്ട്. പ്രതി പ്രവർത്തനത്തിന്റെ ഊർജം ഇച്ചിരി മാറ്റി പിടിച്ചാൽ സ്നേഹക്കടൽ ബാക്കി ആകും എന്ന് മാത്രമല്ല , ആഴം കൂടിക്കിട്ടുകളയും ചെയ്യും, ഒരു കഥ സൊല്ലട്ടുമാ..ജോലി കഴിഞ്ഞെത്തിയ ഭർത്താവ്, കയറി വരുമ്പോൾ വരവേൽക്കുന്നത് മുഷിഞ്ഞ വസ്ത്രവും വീർത്ത മുഖവുമായി നിൽക്കുന്ന ഭാര്യയാണ്, പോവുകയല്ലേ എന്ന് ചോദിച്ചപ്പോൾ നിങ്ങൾ തനിച്ചു പോയാൽ മതി, ഞാൻ എങ്ങും വരുന്നില്ല എന്ന് മറുപടി, എത്ര പ്രാവശ്യം ഞാൻ വിളിച്ചു എന്താ ഒന്നെടുത്താൽ, ഒരു മെസ്സേജും മറുപടി അയക്കാൻ നേരമില്ല പിന്നെ എന്തിനാ ഞാൻ നിങ്ങളുടെ കൂടെ വരുന്നത് എന്ന് ഒരു സമാപന ചോദ്യവും ചോദിച്ചു.ഇനി നമുക്ക് ഇവരുടെ ചിന്തകളിലേക്ക് ഒന്ന് കേറി നോക്കാം, *ഭർത്താവ്*അടുത്ത കൂട്ടുകാരൻറെ വീട്ടിലെ പാർട്ടിയായിരുന്നു , നേരത്തെ എത്താം എന്ന് പറഞ്ഞിരുന്നു. ഓഫീസിൽ നന്നായി കുടുങ്ങി എക്സ്റ്റേണൽ ഓഡിറ്റ് ആയിരുന്നു പഹയൻ പോയില്ല. അവരുടെ കൂടെ ഇരിക്കുമ്പോഴാണ് ഇവൾ മരിച്ചു വിളിക്കുന്നത് എടുത്താൽ ചീറും എന്ന് ഉറപ്പുള്ളത് കൊണ്ട് എടുത്തില്ല, ഇറങ്ങിയ ശേഷം തിരിച്ചു വിളിച്ചു, അപ്പോൾ അവളും എടുത്തില്ല , ലേറ്റ് ആയാലും പോകാം എന്ന് കരുതിയിരുന്നു, നശിപ്പിച്ചു.*ഭാര്യ* ഒരാഴ്ചയായി പുറത്തൊന്നും പോയിട്ടില്ല, കുട്ടികൾ കാത്തിരുന്നത് ആയിരുന്നു ,എങ്ങനെ പ്ലാൻ ചെയ്യുന്നു എന്ന് അറിയാനാണ് വൈകുന്നേരം മുതൽ വിളിച്ചു കൊണ്ടിരുന്നത് .ഫോണെടുത്തില്ല തിരിച്ചു വിളിച്ചത് ഒരു പാട് വൈകിയാണ്. മെസ്സേജിന് മറുപടി ഇല്ല ഇയാളാരാ ഡൊണാൾഡ് ട്രംപോ ഇത്ര തിരക്കുണ്ടാകാൻ, അങ്ങിനെ പാർട്ടിക്ക് പോയി ഉണ്ടാക്കേണ്ട ,ഞാൻ കാണിച്ചു തരാം എനിക്ക് എന്താ ചെയ്യാൻ പറ്റുക. എന്ന്,നിങ്ങൾ ഇതിൽ ആരുടെ കൂടെ കൂടുന്നു എന്ന ചോദ്യത്തിനു പ്രസക്തിയില്ല നിങ്ങളുടെ സ്വന്തം കാര്യമല്ലേ എങ്ങോട്ട് വേണമെങ്കിലും കൂടിക്കോ.നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും നാം നിയന്ത്രിക്കുന്നിടത്ത് അല്ല എന്ന് എല്ലാവർക്കും ബോധ്യമുള്ള സംഭവമാണ് .യഥാർത്ഥത്തിൽ ഇരുപത് ശതമാനം കാര്യങ്ങളിൽ മാത്രമാണ് നമുക്ക് യാതൊരു നിയന്ത്രണവും ഇല്ലാത്തത് എന്നാണ് സത്യം പക്ഷേ നമ്മുടെ ബാക്കി എൺപത് ശതമാനം കാര്യങ്ങൾ നാം ഈ ഇരുപത് ശതമാനത്തോട് നാം എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും, കമ്പനി കച്ചവടം കുറഞ്ഞു പൂട്ടിപോകുക, അങ്ങിനെ ജോലി നഷ്ടപ്പെട്ടവരിൽ നിങ്ങളും പെടുക എന്നത് നിങ്ങളുടെ നിയന്ത്രണത്തിൽ ഉള്ള കാര്യമല്ല, പക്ഷെ അതിൽ മനസ്സ് തകർന്ന് ഡെസ്പ് അടിച്ചു ശോകനായകനാകുക എന്നതും അല്ലെങ്കിൽ പുറത്തിറങ്ങി പുതിയ ജോലി നോക്കി കണ്ടുപിടിക്കാൻ ശ്രമിക്കുക എന്നതും യഥാർത്ഥത്തിൽ നിങ്ങളുടെ തീരുമാനമാണ്..നമ്മുടെ ഒരു നിമിഷത്തിലെ പെരുമാറ്റം ദൂര വ്യാപക ഫലങ്ങൾ ആണ് ഉണ്ടാക്കുക, പലപ്പോഴും നാം എത്ര വിചാരിച്ചാലും അത് തിരുത്താൻ കഴിയണം എന്നും ഇല്ല. ബന്ധങ്ങൾ നില നിൽക്കുന്നതും തകരുന്നതുമൊക്കെ ആ ഒരു നിമിഷത്തിന്റെ ഇമ്പാക്റ്റിൽ ആണ്.ഒരു വികാര തള്ളിച്ചയിൽ ഉണ്ടായ എടുത്തുചാട്ടത്തിൽ ജീവിത കാലം ദുഃഖിക്കുന്ന എത്രയോ പേരെ ജയിലുകളിലും ഹോസ്പിറ്റൽ വാർഡുകളിലും കാണാൻ കഴിയും. നിങ്ങളുടെ പ്രതികരണങ്ങൾ യഥാർത്ഥത്തിൽ നിങ്ങളെ മാത്രമല്ല , ചുറ്റുമുള്ളവരെ കൂടി ബാധിക്കുന്നു എന്ന ബോധ്യം വേണം. നേരത്തെ പറഞ്ഞ കഥയിൽ ആരെങ്കിലും ഒന്ന് മാറി പ്രതികരിച്ചിരുന്നുവെങ്കിൽ ആ ദമ്പതികൾക്കും കുട്ടികൾക്കും സന്തോഷവും ഇഴയടുപ്പവും പകരുന്ന ഒരു വൈകുന്നേരമായി അത് മാറുമായിരുന്നു, എന്നാൽ ഇപ്പോൾ സംഭവിച്ചതോ, വെറുപ്പിന്റെയും നിരാശയുടെയും മായ്കാനാവാത്ത മുറിവുകൾ ഉണ്ടാക്കി ഒരു ദിവസം സമാപിക്കുകയാണ് . നാം ജീവിക്കുന്ന ഈ നിമിഷം ഇപ്പോഴുള്ള സന്തോഷം നാം സൃഷ്ടിക്കുന്ന ഒന്നാണ് Live the moment എന്ന് ഇംഗ്ലീഷിൽ പറയും. മുമ്പ് കഴിഞ്ഞു പോയ ഒരു കാര്യത്തെക്കുറിച്ച് ആലോചിച്ചുകൊണ്ട് ആ സന്തോഷത്തെ നിങ്ങൾ നശിപ്പിക്കരുത്, ഇനിയെങ്ങാനും വരുന്ന ഒരു കാലത്ത് ഉപയോഗിക്കാൻ വേണ്ടി ആ സന്തോഷത്തെ ഉപയോഗിക്കാതെ പൊതിഞ്ഞു വെക്കുകയും അരുത് എന്നതാണ് ആശയം .സന്തോഷം ഈ നിമിഷത്തിൽ ആസ്വദിക്കാനുള്ളതാണെന്ന് മനസ്സിലാക്കിക്കൊള്ളുക. ബന്ധങ്ങളിലെ ഊഷ്മളതയും ജീവിതത്തിൽ സന്തോഷവും പകരാനുള്ള ആശയങ്ങൾ കൈമാറാൻ എഴുതിത്തുടങ്ങിയ കുറിപ്പുകളുടെ പത്താമത്തെ എഡിഷൻ ആണിത്. തുടങ്ങുമ്പോൾ ഇവിടെ എത്തും എന്നുള്ള പ്രതീക്ഷ ഒന്നുമുണ്ടായിരുന്നില്ല.

Leave A Reply

Your email address will not be published. Required fields are marked *