രണ്ട് അതിദുരന്തങ്ങൾ

Ahammed Shareen, Posted on 8th August 2020

ഏറ്റവുമടുത്തവരുടെ മരണം വാർത്താ മാധ്യമങ്ങളിലൂടെ അറിയേണ്ടി വരുന്നവരുടെ ഞെട്ടൽ അനുഭവിച്ചിട്ടുണ്ടോ? ഭീകരമാണത് , അതിഭീകരം. ആദ്യം പറയാനുള്ള വെമ്പലിൽ മലയാളി മറക്കുന്ന ഒന്നാണല്ലോ വ്യക്തിയുടെ സ്വകാര്യത, അപകടത്തിലോ ദുരന്തത്തിലോ  മരണപ്പെട്ടവരുടെ പേര് വിവരങ്ങൾ അവരുടെ ബന്ധുക്കളുടെ സമ്മതത്തോടുകൂടി മാത്രം പുറത്തു വിടുക എന്നതാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ പലപ്പോഴും സ്വീകരിക്കാറുള്ള നിലപാട്, പൂർണ്ണനാമത്തിനു  പകരം മരണപ്പെട്ടവരുടെ പേരുകൾ AM  എന്നും KK  എന്നുമുള്ള വാർത്തകൾ പലപ്പോഴും വായിക്കാൻ ഇടയായിട്ടുമുണ്ട്,. എങ്കിലും  നമ്മുടെ നാട്ടിലെ രീതി അതല്ല. ഒരാൾ ദുരന്തത്തിൽ പെട്ടതായി  കണ്ടാൽ ഉടനെ അയാളുടെ കീശയിലെ ഐഡി കാർഡ് എടുത്തു പൂർണ്ണനാമം സകല മാധ്യമങ്ങളിലൂടെയും വിളിച്ചുപറയുക എന്നതാണ്.
 ഇത് ആളുകൾ അറിയാനുള്ള ഒരു പുണ്യ പ്രവർത്തി ആയാണോ കരുതുന്നത്,എങ്കിൽ ഇവരെ കാത്തുനിൽക്കുന്ന ഒരു സമൂഹത്തിനു മുൻപിൽ വളരെ പെട്ടെന്ന് ഇന്നയാൾ മരണപ്പെട്ടു എന്ന വാർത്ത വന്നു വീഴുമ്പോൾ ഉണ്ടാകുന്ന  മനസികാഘാതം നമ്മുടെ  ആലോചനയിൽ വരാറുണ്ടോ.
പ്രത്യേകിച്ചും ഈ മരിച്ച ആളുടെ പേര് ഇത്ര പെട്ടെന്ന് വിളിച്ചു പറഞ്ഞതു കൊണ്ട് ഒരു കാര്യവും ഇല്ലാത്ത ഈ സമയത്ത്. അവർ സമയമെടുത്ത് അറിയേണ്ട ഒരു കാര്യം പെട്ടെന്ന് പറയുമ്പോൾ ഉണ്ടാകുന്ന ഞെട്ടലിൽ ആളുകൾക്ക് സംഭവിക്കുന്ന ഹൃദയാഘാതവും മാനസികമായ പിരിമുറുക്കവും ഒക്കെ ഒരു വശത്തും. 
കരിപ്പൂർ അപകടം തന്നെയെടുക്കാം അപകടം നടന്ന മിനിറ്റുകൾക്കുള്ളിൽ തന്നെ സ്ക്രോൾ  , വന്നു പൈലറ്റ് മരണപ്പെട്ടു. എയർ ഇന്ത്യയിൽ  ഇന്നലെ ജോലിക്കു പോയ എത്രയോ ആളുകളുടെ കുടുംബത്തിൽ എന്തൊരു സംഘർഷമാകും ആ വാർത്ത സൃഷ്ടിച്ചിട്ടുണ്ടാവുക.
മരണപ്പട്ടവരുടെ പേരിനു പകരം എണ്ണം പറഞ്ഞാലും  അപകട വ്യാപ്തി മനസ്സിലാക്കാൻ പറ്റും . മുഴുവൻ ബന്ധു ജനങ്ങളുടെ മനസ്സിലും ഒരു ശുഭ പ്രതീക്ഷ ഉണ്ടാകും,വിശ്വാസമുണ്ടാകും എൻ്റെ പ്രിയപ്പെട്ടവന് ഒന്നും പറ്റിയിട്ടുണ്ടാവില്ല എന്ന് , ആ പ്രതീക്ഷ അസ്തമിക്കാൻ അവരെടുക്കുന്ന ഒരു സമയം മാനസികമായി പൊരുത്തപ്പെടാനുള്ളത് കൂടിയാണ്.
എന്നായാലും അറിയേണ്ടതല്ലേ എന്ന് ഡയലോഗുമായി ഈ വഴിക്ക് വരേണ്ട,ഒരു കളി പറയാം കാര്യം ആകുമോ എന്നറിയില്ല നിങ്ങളുടെ ഫോൺ ഓഫാക്കി വെക്കണം. എന്നിട്ട് നിങ്ങൾ അപകടത്തിൽ  മരണപ്പെട്ടു എന്ന രീതിയിൽ എല്ലാ മാധ്യമങ്ങളിലും വാർത്ത കൊടുക്കണം.12 മണിക്കൂർ കഴിഞ്ഞ് ഫോൺ ഓൺ ആക്കി വീട്ടിലേക്ക് പൊയ്ക്കോളൂ ആ പന്ത്രണ്ട് മണിക്കൂറിൽ നിങ്ങളുടെ വീട്ടുകാർ അനുഭവിക്കുന്ന ദുഃഖവും സങ്കടവും നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ അല്ലെങ്കിൽ ഒന്ന് ചോദിച്ചു നോക്കൂ എന്നിട്ട് തീരുമാനിക്കുക. കുറച്ചു വർഷങ്ങൾക്കു മുമ്പുവരെ നാട്ടിൻപുറത്തെ ഒരു ശീലമുണ്ടായിരുന്നു ആരെങ്കിലും അപകടത്തിൽ മരിച്ചത് അറിഞ്ഞാൽ ഉടനെ അവിടെയും ചുറ്റുവട്ടത്തുള്ള വീടുകളിലും ഫോണും കേബിളും  ഒക്കെ കട്ട് ചെയ്യും, കുറച്ച കുടുംബക്കാർ ഒക്കെ അവിടെ ചെന്നതിന് ശേഷമാണ് വിവരമറിയിക്കുക. ഇന്ന് അതിനു വകുപ്പില്ല നിമിഷാർദ്ധത്തിൽ മിന്നിമറയുന്ന മൊബൈൽ സ്ക്രീനിൽ വിവരങ്ങൾ വന്നു ചാടും. നിയന്ത്രണം സോഴ്‌സിൽ നിന്ന് ആവുന്നതേ രക്ഷ ഉള്ളൂ .
 ഇതിനിടയിൽ കണ്ട ഏറ്റവും  വൃത്തികെട്ട കാഴ്ച എന്ന് പറയാൻ പറ്റുന്നത്  ഒരു ചാനൽ  സ്ക്രീനിൽ വന്ന മെസ്സേജ് ആണ്,  ദുരന്തഭൂമിയിൽ നിന്ന് ആദ്യം എന്നായിരുന്നു അത്,  പോയി ആദ്യ ഇടം പിടിക്കാൻ ‘അളിയൻ കല്യാണമായിരുന്നില്ലലോ’ അത്. ഒരുപാട് പ്രവാസികളുടെയും പാവപ്പെട്ടവരുടെ കുരുതിക്കളം ആണ് .അവിടെ ആദ്യമെത്തിയത് ഞാൻ ആണെന്ന് പറഞ്ഞു ഊറ്റംകൊള്ളുന്ന നിങ്ങളുടെയൊക്കെ മനസ്സിനകത്തെ കാരുണ്യമില്ലായ്മയെ എന്ത് പേരിട്ടു വിളിക്കും?  മാധ്യമധർമ്മം എന്ന് വിളിക്കരുത്. ഏറ്റവും മാന്യമായി സംസാരിക്കുകയും ആക്രാന്തം ഇല്ലാത്ത  രീതിയിൽ വാർത്ത  പറയുകയും ചെയ്യുന്ന ദൂരദർശൻ വാർത്തകൾ നമുക്ക് മാതൃകയാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
 മാറ്റം എളുപ്പമല്ല,കിടമത്സരം നടക്കുന്ന മിനിസ്ക്രീൻ മേഖലയാണെന്ന് അറിയാഞ്ഞിട്ടല്ല എങ്കിലും എന്നിൽ നിന്നത്  ഉണ്ടാവില്ല എന്ന് ഞാൻ തീരുമാനിച്ചാൽ  മാറ്റം നമുക്ക് തുടങ്ങാം .ഒരു ദുരന്ത സ്ഥലത്ത് ആദ്യം എത്തിയത്  ട്രോഫി കിട്ടാനുള്ള ഐറ്റം ആയി ഞാൻ കാണില്ല എന്നുകൂടി ബോധ്യപ്പെടുത്തിയാൽ മനോഭാവങ്ങൾ മാറ്റമുണ്ടാകും

Leave A Reply

Your email address will not be published. Required fields are marked *